Tuesday February 21, 2017
Latest Updates

ഓരോ ദിവസവും 15 പേരുമായെങ്കിലും സെക്‌സ് :അയര്‍ലണ്ടിലേയ്ക്ക് വില്‍ക്കപ്പെട്ട മോല്‍ഡോവിലെ പെണ്‍കുട്ടിയുടെ കഥ

ഓരോ ദിവസവും 15 പേരുമായെങ്കിലും സെക്‌സ് :അയര്‍ലണ്ടിലേയ്ക്ക് വില്‍ക്കപ്പെട്ട മോല്‍ഡോവിലെ പെണ്‍കുട്ടിയുടെ കഥ

ഡബ്ലിന്‍: ലൈംഗിക തൊഴിലാളികളാക്കി മാറ്റാന്‍ പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുവരുന്നത് അയര്‍ലണ്ടിലെ പല ഭാഗങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കടത്തപ്പെടുന്ന കുട്ടികള്‍ക്ക് പിന്നീടെന്തു സംഭവിക്കുന്നുവെന്ന പുറം ലോകമോ അധികൃതരോ ഒന്നും തന്നെ അറിയാറില്ല. അവര്‍ കുറച്ചു ദിവസത്തെ വാര്‍ത്തകളില്‍ നിറഞ്ഞ് പിന്നീട് പത്രത്താളുകളില്‍ നിന്നു പോലും അപ്രത്യക്ഷമാവുകയാണ് പതിവ്.ഇപ്പോഴിതാ രാജ്യത്തെ നടുക്കി കൊണ്ട് അപ്രകാരം വന്ന ഒരു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ ലോക മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നു.
ഇമിഗ്രന്റ് കൗണ്‍സില്‍ നടത്തിയ ഒരു പഠനത്തിന്റെ ഭാഗമായി ഏഴുവര്‍ഷങ്ങള്‍ക്കു മുന്‍പ് മോല്‍ഡോവില്‍ നിന്നും ഇത്തരത്തില്‍ ഡബ്ലിനിലേക്ക് കടത്തപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ജീവിതകഥ കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.. തന്റെ പതിനഞ്ചാം വയസ്സില്‍ ചേച്ചിയുടെ ഭര്‍ത്താവിനാല്‍ വില്‍ക്കപ്പെട്ട പെണ്‍കുട്ടിയുടെ തുടര്‍ന്നുള്ള ജീവിത കഥ.
3000 യൂറോയ്ക്കാണ് പെണ്‍കുട്ടി വില്‍ക്കപ്പെട്ടത്. തുടര്‍ന്ന് ഡബ്ലിനില്‍ എത്തിക്കുകയും ലൈംഗിക തൊഴിലിലേക്ക് വലിച്ചെറിയപ്പെടുകയുമായിരുന്നു. തുടക്കകാലങ്ങളില്‍പ്പോലും നിര്‍ബന്ധിപ്പിച്ച് വേശ്യാവൃത്തിയിലേക്ക് കൊണ്ടുപോവുകയാണ് ചെയ്തിരുന്നതെന്ന് അവള്‍ അധികൃതരോട് തുറന്നു പറഞ്ഞു.
തന്റെ കൗമാര പ്രായത്തില്‍ തന്നെ ദിവസം പതിനഞ്ചിലധികംപേരുമായി ലൈംഗിക വൃത്തിയിലേര്‍പ്പെടാന്‍ അവള്‍ വിധിക്കപ്പെടുകയായിരുന്നു. ടെബിള്‍ബാറിലും രാത്ത്‌മൈനിലുമൊക്കെയാണ് അവളുടെ ‘ഉടമ’ അവളെ കാഴ്ച്ചവച്ചത്.
തന്നെപ്പോലുള്ള ഒട്ടനവധി കുട്ടികള്‍ ഇത്തരത്തില്‍ വേശ്യവൃത്തിയിലേക്കും അതുവഴി സ്വയം നശിപ്പിക്കപ്പെടുന്നതിലേക്കും ഉപദ്രപങ്ങള്‍ ഏറ്റുവാങ്ങുന്നതിലേക്കും എത്തപ്പെട്ടിട്ടുണ്ടെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
ഇമിഗ്രന്റ് കൗണ്‍സില്‍ ഓഫ് അയര്‍ലണ്ടുമായി നടത്തിയ ഇന്റര്‍വ്യൂവില്‍ അവള്‍ തന്റെ കഥ പൂര്‍ണ്ണമായും വിവരിച്ചു.
ഉപയോഗിക്കാന്‍ വന്നവരില്‍ പലരും തന്നെ കൂടുതല്‍ പീഡനങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും വിധേയമാക്കുകയാണ് ചെയ്തിരുന്നതെന്നും അവള്‍ വ്യക്തമാക്കി.
അവളെ വില്‍ക്കുമ്പോഴും, അയര്‍ലണ്ടിലേക്ക് വരുമ്പോഴും പുതിയ നല്ല ഒരു ജീവിതത്തിലേക്ക് ആണ് കൊണ്ട് പോകുന്നതെന്ന് അവളെ തെറ്റിദ്ധരിപ്പിച്ചിരുന്നതായും തുടര്‍ന്ന് ഇത്തരത്തില്‍ ഒരു ഊരാക്കുടുക്കിലേക്ക് താന്‍ എത്തിച്ചേരുകയായിരുന്നുവെന്നും അവള്‍ പറഞ്ഞു.
ഒരിക്കലും അത്തരമൊരു സാഹചര്യത്തില്‍ ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും എന്നാല്‍ ഒന്നുകില്‍ തന്റെ തൊഴില്‍ തന്നെ ഇല്ലാതാക്കിയാലോ അല്ലെങ്കില്‍ സ്വയം ഇല്ലാതായാലോ മാത്രമേ ഇതില്‍ നിന്നും താന്‍ രക്ഷപ്പെടുകയുള്ളൂവെന്ന് ചിന്തിച്ചിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു.
ഗാര്‍ഡ അധികൃതരില്‍ നിന്നും തന്നെ ഒളിച്ചുവയ്ക്കാന്‍ പ്രായത്തെപ്പോലും കളവു കാട്ടിയ ഒരു തെറ്റായ ഐഡിയാണ് തന്റെ ഉടമ ഹാജരാക്കിയിരുന്നതെന്നും അവള്‍ തുറന്നുപറഞ്ഞു.
7 വര്‍ഷക്കാലത്തെ ചളിക്കുണ്ടിലെ ജീവിതത്തിനുശേഷം അവള്‍ തന്റെ ‘ഉടമ’യില്‍ നിന്നും രക്ഷപ്പെടുകയാണ് ചെയ്തത്. ഇപ്പോള്‍ അയര്‍ലണ്ടില്‍ തന്നെ മകളുമൊത്ത് അവള്‍ ജീവിക്കാന്‍ ആരംഭിച്ചു.

ഇമിഗ്രന്റ് കൗണ്‍സില്‍ ഓഫ് അയര്‍ലണ്ട് നടത്തിയ പ്രൊജക്ടിനായാണ് അവള്‍ തന്റെ ജീവിത കഥ റെക്കോര്‍ഡ് ചെയ്യുന്നതിന് സമ്മതിച്ചത്.
മനസാക്ഷിയുള്ള ഒരാള്‍ക്ക് ഈ കഥ പൂര്‍ണ്ണമായി കേട്ടിരിക്കാന്‍ സാധിക്കില്ലെന്നും അത്രമാത്രം ഒരു പതിനഞ്ചുകാരി പെണ്‍കുട്ടി അനുഭവിച്ചിട്ടുണ്ടെന്നും ഇമിഗ്രന്റ് കൗണ്‍സില്‍ ഓഫ് അയര്‍ലണ്ടിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഡെനിസ് ചാള്‍ടണ്‍.
ആദ്യമായി പൊതുജനങ്ങളും അധികൃതരും ഒരു വേശ്യവൃത്തിക്കായുള്ള മനുഷ്യക്കടത്തിന്റെ കഥ കേള്‍ക്കുകയാണ്. വര്‍ദ്ധിച്ചുവരുന്ന മനുഷ്യക്കടത്തുകളും അവയ്ക്കു പിന്നിലെ മോശം ജീവിതവും തുറന്നെഴുതപ്പെടുകയാണ്.
ലെയ്ന്‍സ്റ്റര്‍ ഹൗസില്‍ വച്ച് നടക്കുന്ന ഒരു ചടങ്ങില്‍ വച്ച് ഇന്ന് ഈ റെക്കോര്‍ഡിംഗ് പ്രസിദ്ധപ്പെടുത്തുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.
മനുഷ്യക്കടത്തിനെതിരെയും അതുവഴി നടത്തുന്ന വേശ്യവൃത്തിക്കെതിരെയും അണിചേരുമെന്നാണ് ഇമിഗ്രന്റ് കൗണ്‍സിലും മറ്റ് 67 പാര്‍ട്ണര്‍മാരും അറിയിച്ചിരിക്കുന്നത്.
ഇത്തരം മനസാക്ഷിക്കു നിരക്കാത്ത പ്രവര്‍ത്തനങ്ങളെ തീര്‍ത്തും ഇല്ലാതാക്കാനുള്ള പദ്ധതികള്‍ക്കും നിയമ വ്യവസ്ഥിതികള്‍ക്കുമായി കാത്തിരിക്കുകയാണെന്ന് ആന്റി ട്രാഫിക്കിംഗ് കോര്‍ഡിനേറ്ററായ നുഷ യോങ്കോവ അറിയിച്ചു.
ഇതേ രീതിയില്‍ അയര്‍ലണ്ടിലേക്ക് കൊണ്ടുവന്ന എത്ര പെണ്‍കുട്ടികളും സ്ത്രീകളും ഇന്നും ദുരിതമനുഭവിച്ചുകൊണ്ട് നമുക്ക് ചുറ്റും കഴിയുന്നുണ്ടെന്ന് ആരും തന്നെ അറിയുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Scroll To Top