Thursday September 21, 2017
Latest Updates

ഓണസ്മരണകള്‍ (അഭിവന്ദ്യ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍)

ഓണസ്മരണകള്‍ (അഭിവന്ദ്യ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍)

76ന്നും ഇന്നും ഓര്‍മ്മകളില്‍ നിറഞ്ഞ് നില്‍ക്കുന്ന സന്തോഷമാണ് ഓണം. ഓണം മലയാളിക്ക് ഉത്സവകാലമാണ്. ഓണത്തെപ്പറ്റി കേള്‍ക്കുമ്പോള്‍ മനസ്സില്‍ ഓടി എത്തുന്നത് കുട്ടിത്വം നിറഞ്ഞ ബാല്യകാലമാണ്. സ്‌കൂളിനോടും പുസ്തകത്തോടും അവധി പറയുന്ന പത്ത് ദിവസങ്ങള്‍ സമപ്രായക്കാരായ കുട്ടികള്‍ പൂക്കളമൊരുക്കുന്നതും, പാടത്തും പറമ്പിലുമെല്ലാം ഓടികളിക്കുന്നതും അനേകം കൂട്ടം കറികളോടെയുള്ള ഗംഭീര സദ്യയുമെല്ലാം ഓണത്തിന്റെ നിറമുള്ള ഓര്‍മ്മകളാണ്.

ദാരിദ്യ്രം നിറഞ്ഞ പഴയകാലത്തെ ഓണസ്മരണകളെക്കുറിച്ച് ഞങ്ങളുടെ നാട്ടിലെ ഒരു പഴഞ്ചൊല്ല് ഇങ്ങനെയാണ്: ‘തിരുവോണം തിരിഞ്ഞും മറിഞ്ഞും, രണ്ടോണം ഞണ്ടും ഞൗഞ്ഞീനും, മൂന്നോണം മുക്കിയും മൂളിയും, നാലോണം നക്കിയും നുണഞ്ഞും, അഞ്ചോണം അഞ്ചാം കഞ്ഞി അടുപ്പത്തും, അച്ഛന്‍ പാടത്തും’. 

ഉണ്ടും ഉണ്ണാതെയും കഴിഞ്ഞവര്‍ പോലും തിരുവോണത്തിന് വിഭവസമൃദ്ധമായി ഭക്ഷണം തയ്യാറാക്കി കഴിക്കും. 

പാടത്തെ ഞണ്ടും ഞൗഞ്ഞീനും വളരെ സാവധാനം നടക്കുന്ന ജീവികളാണ്. രണ്ടാം ഓണത്തിന് തിരുവോണത്തിന്റെ അത്ര ആവേശമില്ലെന്ന് അര്‍ത്ഥം. 

മൂന്നാം ഓണത്തിനും നാലാം ഓണത്തിനും ദാരിദ്യ്രം കുറേശ്ശെ മറനീക്കി പുറത്തുവരുന്നു. 

അഞ്ചാം ഓണത്തിന് ചോറുമാറി വീണ്ടും കഞ്ഞിയിലേക്കും. വീട്ടിലെ കാരണവര്‍ വീണ്ടും പാടത്തെ പണിക്കായും പോകുന്നു ഇതാണ് പഴഞ്ചൊല്ലിന്റെ സാരം.

പഴയകാല ഓണത്തിന്റെ നേര്‍ചിത്രം കൂടിയാണ് മേല്‍ സൂചിപ്പിച്ച പഴഞ്ചൊല്ല്. ആഘോഷങ്ങളോട് ഏറെ ആഭിമുഖ്യമുള്ള ഞങ്ങളുടെ നാട്ടില്‍ ഓണത്തിന്റെ പ്രാദേശികമായ പല രീതികളും നിലവിലുണ്ട്. 

ഓണത്തോടനുബന്ധിച്ച് ഓണത്തല്ല് അഥവാ കയ്യാങ്കളി എന്ന കായിക അഭ്യാസം സംഘടിപ്പിക്കാറുണ്ട്. ഹൈന്ദവ വീടുകളില്‍ മഹാബലിയെ വരവേല്‍ക്കുന്നതിനായി അരിമാവുകൊണ്ട് കോലം വരച്ച് വീട്ടുമുറ്റത്തോ ഇറയത്തോ തൃക്കാക്കരഅപ്പനെ ഒരുക്കുന്ന പതിവുണ്ട്. ഐശ്വര്യത്തിന്റെ പ്രതീകമായാണ് ഇതിനെ കാണുന്നത്.

ഓണക്കാഴ്ച്ച സമര്‍പ്പണം കുന്നംകുളത്ത് വളരെ പ്രസിദ്ധമാണ്. പട്ടുകോണം, കുട്ടിസഞ്ചി, സൂര്യപന്ത് എന്നിവയാണ് കുട്ടികള്‍ക്ക് ലഭിക്കുന്ന ഓണസമ്മാനങ്ങള്‍. സ്വര്‍ണ്ണ നിറത്തിലുള്ള കാഴ്ച്ചക്കുലകള്‍ ഓണക്കാലത്തെ പ്രധാന കാഴ്ച്ചകളിലൊന്നാണ്. തെങ്ങാലിക്കോടന്‍ നേന്ത്രക്കായ എന്നാണിവ അറിയപ്പെടുന്നത്.

ഓണക്കാലത്ത് ബന്ധുവീടുകളില്‍ കൊടുക്കുന്ന ഏറ്റവും മൂല്യവത്തായ സമ്മാനങ്ങളിലൊന്നാണ് കാഴ്ച്ചക്കുലകള്‍. ഓണക്കാലത്ത് അങ്ങാടികളിലെങ്ങും ആയിരങ്ങള്‍ മുടക്കി ആവേശപൂര്‍വ്വം ചെയ്യുന്ന കച്ചവടമാണ് കാഴ്ച്ചക്കുലകളുടേത്.

എല്ലാ അങ്ങാടി വീടുകളുടെയും ഉമ്മറങ്ങള്‍ കാഴ്ച്ചക്കുലകളുടെ കച്ചവടത്തിന് വേണ്ടി ഓണക്കാലത്ത് വിട്ടുകൊടുക്കും. കാഴ്ച്ചക്കുലകള്‍ കാണാന്‍ മാത്രം അനേകര്‍ അങ്ങാടികളിലേക്ക് എത്താറുണ്ട്. ഓണം നല്‍കുന്നത് ഒന്നാകണം എന്ന സന്ദേശം കൂടിയാണ്. 

babaപാടവും, വിശാലമായ പറമ്പുകളും, ഗ്രാമീണരായ നല്ല ആളുകളും അവരുടെ സൗഹൃദവുമെല്ലാം ഓണത്തിന്റെ ഗ്രഹാതുരത്വങ്ങളാണ്. ഓണം നമുക്ക് സമ്മാനിക്കുന്നത് സമ്പല്‍സമൃദ്ധിയുടെയും സമത്വത്തിന്റെയും, അഴിമതി രഹിതമായ സമൂഹത്തിന്റെയും സാമൂഹിക നീതിയുടെയും നല്ലകാലത്തിലേക്കുള്ള പ്രതീക്ഷയാണ്. ആ യാഥാര്‍ത്ഥ്യത്തിലേക്കുള്ള മടങ്ങിവരവാകട്ടെ നമ്മുടെ ഓണം. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍!


അഭിവന്ദ്യ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവാ 

ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ (മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ)പരമാധ്യക്ഷനായ കാതോലിക്കാബാവയും മലങ്കര മെത്രാപ്പൊലീത്തായുമാണ് അഭിവന്ദ്യ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവാ.തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്തെ പഴഞ്ഞിയിലെ തന്റെ ബാല്യകാല ഓണസ്മരണകള്‍ പങ്കുവെച്ചപ്പോള്‍) 

Scroll To Top