Saturday November 25, 2017
Latest Updates

ഒളിമ്പിക്സും കോമണ്‍ വെല്‍ത്ത് ഗെയിംസും നടത്താനൊരുങ്ങി അയര്‍ലണ്ട് ,കായികസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ അവസരം തേടുമെന്ന് മന്ത്രി ഷെയ്ന്‍ റോസ്

ഒളിമ്പിക്സും കോമണ്‍ വെല്‍ത്ത് ഗെയിംസും നടത്താനൊരുങ്ങി അയര്‍ലണ്ട് ,കായികസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ അവസരം തേടുമെന്ന് മന്ത്രി ഷെയ്ന്‍ റോസ്

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ വെച്ച് ഒളിമ്പിക്സും കോമണ്‍ വെല്‍ത്ത് ഗെയിംസും നടത്താനൊരുങ്ങുകയാണെന്ന് കായികമന്ത്രി ഷെയ്ന്‍ റോസ്.സംയുക്ത ഒയ്റിചാര്‍ട്സ് സമിതിയില്‍ പങ്കെടുക്കുന്നതിനെത്തിയപ്പോഴാണ് മന്ത്രി രാജ്യത്തിന്റെ കായിക പ്രതീക്ഷകള്‍ പങ്കുവെച്ചത്.ഇതിനു മുന്നോടിയായി രാജ്യത്തിന്റെ കായികസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികള്‍ തയാറാക്കി കഴിഞ്ഞു.മന്ത്രി പറഞ്ഞു.

2023ലെ റഗ്ബി ലോകകപ്പിന്റെ ആതിഥ്യമരുളാനും രാജ്യം സന്നദ്ധമാണ്.ഇക്കാര്യത്തില്‍ ഏതറ്റം വരെയുള്ള പ്രയത്‌നവും നടത്തി അനുമതി വാങ്ങണമെന്നാണ് തന്റെ കാഴ്ചപ്പാടെന്നും മന്ത്രി വിശദീകരിച്ചു.ഫ്രാന്‍സും സൗത്ത് ആഫ്രിക്കയുമൊക്കെ ഇതിനായി ശ്രമിക്കുന്നുണ്ട്.എന്നിരുന്നാലും നമ്മള്‍ നമ്മുടെ ശ്രമവുമായി മുന്നോട്ടുപോകും.ഇതിനുള്ള നിയമപരമായ എല്ലാ തടസ്സങ്ങളും നീക്കേണ്ടതുണ്ട്.ടൂര്‍ണമെന്റ് ഫീ നിശ്ചയിക്കലും നടത്തിപ്പ് ചെലവ് കണ്ടെത്തലുമൊക്കെ വേണം.ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം നവംബറിലേ ഉണ്ടാകൂ.

ഒളിമ്പിക്സിനായുള്ള രാജ്യത്തിന്റെ നീക്കം ഇതാദ്യമല്ല.1992ല്‍ ഡബ്ലിന്‍ മേയറായിരുന്ന ഗേ മൈക്കിള്‍ ഡബ്ലിനില്‍ ഒളിംപിക്സ് എത്തിക്കാന്‍ ശ്രമിച്ചിരുന്നു.എന്നാല്‍ ഒന്നും സംഭവിച്ചില്ല.ഇക്കാര്യത്തിനായി ഡബ്ലിന്‍ ഇന്റര്‍ നാഷണല്‍ സ്പോര്‍ട്സ് കൗണ്‍സില്‍ രൂപീകരണവും പിന്നീടുണ്ടായി.2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഏറ്റൊടുക്കണമെന്ന് ഫിനഗേല്‍ സെനറ്റര്‍ ഫ്രാങ്ക് ഫെയ്ഗാണ് ആദ്യമായി ആവശ്യപ്പെട്ടത്.

എന്നാല്‍ കോമണ്‍വെല്‍ത്തില്‍ അംഗമല്ല അയര്‍ലണ്ട്.അയര്‍ലണ്ട് കോമണ്‍വെല്‍ത്ത് അംഗത്വം എടുക്കാനുള്ള ശ്രമം ഊര്‍ജിതമായി നടക്കുന്നുണ്ട്.അത്തരം ശ്രമങ്ങളുടെ പൂര്‍ത്തീകരണവും അയര്‍ലണ്ടില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തുന്നതോടെ സംഭവിക്കുമെന്നാണ് കായികപ്രേമികളുടെ വാദം.

Scroll To Top