Tuesday April 25, 2017
Latest Updates

ഒരു സര്‍വ്വസമ്മതനുണ്ടാക്കിയ വിസമ്മതങ്ങള്‍…..

ഒരു സര്‍വ്വസമ്മതനുണ്ടാക്കിയ വിസമ്മതങ്ങള്‍…..

രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം കേരളത്തില്‍ ചര്‍ച്ചയായതു മുതല്‍ തുല്യ പ്രാധാന്യത്തോടെ നമ്മുടെ ചര്‍ച്ചാ മാധ്യമങ്ങളിലത്രയും വിഷയമായതാണ് ചെന്നിത്തലക്ക് ശേഷം ആര് കെ പി സി സി അദ്ധ്യക്ഷസ്ഥാനത്തേക്ക് വരുമെന്ന്. ഇതര പാര്‍ട്ടികളില്‍ നിന്ന് വിഭിന്നമായി പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍മാര്‍ക്ക് പാര്‍ട്ടി കൊടുക്കുന്ന പ്രാധാന്യവും തദ്വാരാ ആ പദവിയുടെ തന്ത്രപ്രധാനാത്മകതയും കൂടി പരിഗണക്കുമ്പോള്‍ അത് ചര്‍ച്ചയാകുന്നത് സ്വാഭാവികം.

സര്‍വ്വ വിഷയങ്ങളിലെന്ന പോലെ ഒരു പ്രമുഖ പാര്‍ട്ടി നേതാവിന്റെ, അടുത്ത വൃത്തങ്ങളുടെ, വിശ്വസനീയ കേന്ദ്രങ്ങളുടെ, രാഷ്ട്രീയ ശാസ്ത്രജ്ഞന്മാരുടെ, ചാനല്‍ ജീവികളുടെ… അങ്ങനെയങ്ങനെ അഭിപ്രായങ്ങളും സൂചനകളും പലതായിരുന്നു. പ്രായവും ദേശവും സീനിയോരിറ്റിയും എല്ലാം മാനദണ്ഡങ്ങളാകുമെന്ന് പത്രമാധ്യമങ്ങള്‍ മാറി മാറി പറഞ്ഞു.

അപ്പോഴും ഏറ്റവും യോഗ്യനായി അവതരിപ്പിക്കപ്പെട്ടത് സാക്ഷാല്‍ വി എം സുധീരനായിരുന്നു. ഗ്രൂപ്പ് പോരെന്ന മാറാവ്യാധിയെ മറികടക്കാന്‍ പറ്റിയ ദിവ്യൌഷധമാണെന്നതാണ് എല്ലാവരും ഈ ധീരകേസരിയില്‍ കണ്ട ഗുണം.

ഔദ്യോഗികമായും അനൌദ്യോഗികമായുമൊക്കെ ആ അഭിപ്രായത്തിന് ലൈക്കടിച്ചവര്‍ ഏറെയുണ്ട്. ഇതെല്ലാം കണ്ടപ്പോള്‍ സാധാരണക്കാരായ രാഷ്ട്രീയ തത്പരര്‍ കരുതി, സുധീരനങ്ങ് കെ പി സി സി അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഈ കണ്ടു കാണപ്പെട്ട അദ്ധ്യക്ഷസ്ഥാനത്തെ ചൊല്ലിയുണ്ടായ കുതുഹുലങ്ങളൊക്കെയും ഒറ്റശ്വാസത്തില്‍ കെട്ടടങ്ങുമെന്ന്.

കെ പി സി സി അദ്ധ്യക്ഷനെ ചൊല്ലി പാര്‍ട്ടിക്കുള്ളിലുണ്ടാകുന്ന പോര് കണ്ട് രസിക്കാന്‍ നോമ്പ് നോറ്റിരുന്നവരൊക്കെ അമ്പലങ്ങളിലും പള്ളികളിലും പോയി വഴിപാടും നേര്‍ച്ചയും നേര്‍ന്നു, ഒരിക്കലും സുധീരന്‍ ആ സ്ഥാനത്ത് വന്ന് നല്ല ഒരു അടി കാണാനുള്ള ചാന്‍സ് നഷ്ടപ്പെടുത്തരുതേ എന്ന്.

പക്ഷേ ദൈവം ആ വിളി കേട്ടില്ലെന്നല്ലേ പറയേണ്ടൂ. അങ്ങ് ഡല്‍ഹിയിലുള്ള ഹൈക്കമാന്റ് എന്ന സാധനം സാക്ഷാല്‍ സുധീരനെ തന്നെ കെ പി സി സി അദ്ധ്യക്ഷനാക്കി പ്രഖ്യാപിച്ചു കളഞ്ഞു. കോണ്‍ഗ്രസിന്റെ ശത്രു കേന്ദ്രങ്ങളൊന്നാകെ ഒരു നിമിഷം മൌനത്തിലാണ്ടു. നേര്‍ന്ന നേര്‍ച്ചകളെല്ലാം നിഷ്ഫലമായ നൈരാശ്യത്തില്‍… എല്ലാവരും ഇനി അടുത്ത വിഷയം വരട്ടെ, അപ്പോള്‍ നോക്കാമെന്ന് കരുതി വീട്ടില്‍ പോയി കിടന്നുറങ്ങിയതായിരുന്നു.

പക്ഷേ നേരം വെളുത്തപ്പോയല്ലേ രസം, സുധീരനെ അദ്ധ്യക്ഷനാക്കിയത് എന്നോട് പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി ഒരു ഭാഗത്ത്, ഞാനറിഞ്ഞത് മാധ്യമങ്ങളില്‍ നിന്നാണെന്ന് രമേശ് മറുഭാഗത്ത്. ഒരു ദിവസം കൂടിയായപ്പോള്‍ സാക്ഷാല്‍ എം എം ഹസന്‍ ഇപ്പറഞ്ഞതൊക്കെ ഒന്ന് തെളീച്ചു പറഞ്ഞു. വി എം സുധീരനെ അദ്ധ്യക്ഷനാക്കിയതില്‍ പരാതിയുണ്ടെന്ന്.

ഇന്ന് സോണിയ കൊച്ചിയില്‍ വിമാനമിറങ്ങിയപ്പോള്‍ ഉമ്മന്‍ ചാണ്ടി സ്വീകരിക്കാനെത്താഞ്ഞത് ഈ പ്രതിഷേധ സൂചകമാണെന്ന് വിലയിരുത്തപ്പെടുന്നു. മുഖ്യമന്ത്രി വരാത്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ എനിക്കൊന്നുമറിയില്ലേ എന്ന് സുധീരന്‍ പ്രതികരിച്ചത് അതിലേക്കുള്ള സൂചനയാണെന്ന് ഏത് രാഷ്ട്രീയ ശിഷുവിനും ബോധ്യമാകും.

പ്രമുഖരായ ഈ മൂന്ന് നേതാക്കള്‍്ക്ക് ശേഷം നത്തോലികളും സ്രാവുകളുമായ പല നേതാക്കള്‍ക്കും ഈ പരാതിയുള്ളതായി അറിയുന്നു. തുടക്കം മുതലേ ഈ വിഷയം താത്പര്യപൂര്‍വ്വം വീക്ഷിച്ചിരുന്നവര്‍ അറിയാതെ ചോദിച്ചു പോകുകയാണ്, അപ്പോള്‍ ഇതിനാണല്ലേ സാര്‍ സര്‍വ്വസമ്മതന്‍, നിക്ഷ്പക്ഷമതി എന്നൊക്കെ മലയാളത്തില്‍ പറയുക…

Scroll To Top