Monday December 18, 2017
Latest Updates

ഒരു ബില്യണ്‍ യൂറോയുടെ പദ്ധതി പ്രഖ്യാപിച്ച് ഭവന പ്രതിസന്ധിയ്ക്ക് പരിഹാരമുണ്ടാക്കണമെന്ന് സിന്‍ ഫിന്‍,കൂടുതല്‍ വീടുകള്‍ പണിയാതെ പ്രശ്നം തീരില്ലെന്ന് എസ്റ്റേറ്റ് ഏജന്റുമാര്‍ 

ഒരു ബില്യണ്‍ യൂറോയുടെ പദ്ധതി പ്രഖ്യാപിച്ച് ഭവന പ്രതിസന്ധിയ്ക്ക് പരിഹാരമുണ്ടാക്കണമെന്ന് സിന്‍ ഫിന്‍,കൂടുതല്‍ വീടുകള്‍ പണിയാതെ പ്രശ്നം തീരില്ലെന്ന് എസ്റ്റേറ്റ് ഏജന്റുമാര്‍ 

ഡബ്ലിന്‍:ഭവന നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി നേരിടാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു.ആവശ്യത്തിനുള്ള വീടുകള്‍ ലഭിക്കാത്തതും, കുത്തനെ വില ഉയരുന്നതും, വിപണിയില്‍ മുതല്‍മുടക്കാന്‍ ആളുകള്‍ തയ്യാറാവാത്തതും ഭവന നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കുന്നതെന്ന് എസ്റ്റേറ്റ് ഏജന്റമാരായ ഷെറി ഫിറ്റ്സ്‌ജെറാള്‍ഡ് ഗ്രൂപ്പ് നടത്തിയ പഠനത്തില്‍ പറയുന്നു.

വരാനിരിക്കുന്ന ബജറ്റില്‍ സര്‍ക്കാര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അവലംബിക്കും എന്നാണ് കരുതുന്നത്.

വീടുകളുടെ ശരാശരി വില സെപ്തംബര്‍ 30 വരെ 6.8 ശതമാനം വരെ വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം ഇതേസമയം ഇത് നാല് ശതമാനം മാത്രമായിരുന്നു.

ഡബ്ലിന് സമീപമുള്ള പ്രദേശങ്ങളിലും ഈ വര്‍ദ്ധന നിരക്ക് തന്നെ കാണപ്പെടുന്നുണ്ട്. സര്‍ക്കാര്‍ പുതിയ ഭവനങ്ങള്‍ നിര്‍മിച്ച് നല്‍കിയില്ലെങ്കില്‍ വീടുകള്‍ ഇല്ലാത്തവരുടെ നിരക്ക് വര്‍ദ്ധിച്ചു കൊണ്ടിരിക്കും എന്ന് വിലയിരുത്തപ്പെടുന്നു.

അതേസമയം രാജ്യത്തെ ഭവന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ 1 ബില്യന്‍ യൂറോ അടിയന്തരമായി മാറ്റി വയ്ക്കണമെന്ന് സിന്‍ ഫിന്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. സോഷ്യല്‍ ഹൗസിംഗിനായി ഒരു ബില്യന്‍ യൂറോ മാറ്റിവയ്ക്കണമെന്നാണ് സിന്‍ ഫിന്‍ പാര്‍ട്ടി ആവശ്യപ്പെട്ടത്. 1 ബില്യന്‍ യൂറോ സര്‍ക്കാര്‍ അനുവദിച്ചാല്‍ 6,600 യൂണിറ്റ് വീടുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കുമെന്ന് സിന്‍ ഫിന്‍ പറഞ്ഞു.

സ്ട്രാറ്റജിക്ക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് കൈകാര്യം ചെയ്യാന്‍ കൌണ്‍സിലുകള്‍ക്കും അധികാരം നല്‍കണമെന്ന് സിന്‍ ഫിന്‍ ആവശ്യപ്പെട്ടു. ഈ അധികാരം കൌണ്‍സിലുകള്‍ക്ക് കൂടി നല്‍കിയാല്‍ പുതിയ വീടുകള്‍ നിര്‍മ്മിക്കാന്‍ കൌണ്‍സിലുകള്‍ക്കും സാധിക്കും. ഭവന രംഗത്തെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിന്‍ ഫിന്‍ നേതാവ് ഡെസി എല്ലിസ് ആവശ്യപ്പെട്ടു.

കൌണ്‍സിലുകളുടെ ഹൗസിംഗ് ലിസ്റ്റില്‍ കാത്തിരിക്കുന്നവരുടെ പ്രശ്നം പരികരിക്കാന്‍ അടിയന്തരമായി എന്തെങ്കിലും ചെയ്തെ മതിയാകൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൌണ്‍സില്‍ ഹൌസിംഗ് ലിസ്റ്റില്‍ വീടിനായി അപേക്ഷിച്ച് കാത്തിരിക്കുന്നവരുടെ എണ്ണം 89,000 കവിഞ്ഞിരിക്കുകയാണ്. ഭവനരഹിതരെക്കുറിച്ച് ഈയിടെ പുറത്ത് വന്ന മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം ഹോട്ടലുകളിലും മറ്റും 5,000 ഭവനരഹിതര്‍ കാത്തിരിക്കുന്നു. ഒരു ലക്ഷത്തോളം പേരെ ഭവനരഹിതരാക്കിയ ഭവനനയത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നും സിന്‍ ഫിന്‍ ആവശ്യപ്പെട്ടു.

Scroll To Top