Friday November 16, 2018
Latest Updates

ഒരു പകല്‍ കൊണ്ട് അയ്യായിരം യൂറോ സമാഹരിച്ച് വാട്ടര്‍ഫോര്‍ഡ് മലയാളികള്‍, ഫിബ്‌സ് ബറോ കമ്മ്യൂണിറ്റി ഉപ്പുതോടിന് നല്‍കിയത് ഒരു ലക്ഷം, രണ്ടു ലക്ഷം രൂപ ഒറ്റയ്ക്ക് സംഭരിച്ച് ബ്‌ളാക്ക് റോക്കിലെ ലാല്‍ മാത്യൂസ് , സ്ലൈഗോയിലെ നൈനാന്റ്‌റെ കാമ്പയിന് ആദ്യ മണിക്കൂറില്‍ ലഭിച്ചത് ഏഴുനൂറ് യൂറോ ! 

ഒരു പകല്‍ കൊണ്ട് അയ്യായിരം യൂറോ സമാഹരിച്ച് വാട്ടര്‍ഫോര്‍ഡ് മലയാളികള്‍, ഫിബ്‌സ് ബറോ കമ്മ്യൂണിറ്റി ഉപ്പുതോടിന് നല്‍കിയത് ഒരു ലക്ഷം, രണ്ടു ലക്ഷം രൂപ ഒറ്റയ്ക്ക് സംഭരിച്ച് ബ്‌ളാക്ക് റോക്കിലെ ലാല്‍ മാത്യൂസ് , സ്ലൈഗോയിലെ നൈനാന്റ്‌റെ കാമ്പയിന് ആദ്യ മണിക്കൂറില്‍ ലഭിച്ചത് ഏഴുനൂറ് യൂറോ ! 

ഡബ്ലിന്‍: കേരളത്തിലെ സര്‍ക്കാരും പൊതുസമൂഹവും ഊണും ഉറക്കവുമൊഴിഞ്ഞു നടത്തിക്കൊണ്ടിരിക്കുന്ന ജീവന്മരണ പോരാട്ടത്തില്‍ പങ്കുചേര്‍ന്ന് അയര്‍ലണ്ടിലെ മലയാളികളും.

ഇന്നലെ ഒരൊറ്റ ദിവസം പകല്‍ കൊണ്ട് വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചത് അയ്യായിരത്തിലധികം യൂറോയാണ്.ചില വീടുകളില്‍ നിന്നും നാനൂറ് യൂറോ വരെ സംഭാവന ലഭിച്ചതായി ഭാരവാഹികള്‍ പറയുന്നു.

ഒരു ദിവസത്തെ വരുമാനം തന്നവര്‍ പോലും വീണ്ടും സംഭാവനകള്‍ നല്കാന്‍ സന്നദ്ധതയും അറിയിച്ചിട്ടുണ്ട്.

ഫിബ്‌സ് ബറോ മലയാളി സമൂഹം ആദ്യ ദിവസം തന്നെ സമാഹരിച്ചത് ഒരു ലക്ഷത്തോളം രൂപയാണ്.ഇടുക്കി ഉപ്പുതോട്ടിലെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് അയച്ചത്. ഫിബ്‌സ്ബറോയില്‍ താമസിക്കുന്ന ഉപ്പുതോട് സ്വദേശി ഫെനിന്‍ ജോസ് ദുരിതമേഖലയില്‍ ഇപ്പോഴുണ്ട്.അദ്ദേഹം വഴിയാണ് ഫിബ്‌സ്ബറോ സമൂഹം ദുരിതമേഖലയില്‍ സഹായമെത്തിച്ചത്.ഉപ്പുതോട്ടില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.ഇന്നലെയും ഇവിടെ ഉരുള്‍ പൊട്ടല്‍ ഉണ്ടായിട്ടുണ്ട്.

സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളോട് സഹകരിക്കുന്നതിനൊപ്പം ഇപ്പോള്‍ കേരളത്തിലെ ദുരിത ബാധിത പ്രദേശങ്ങളില്‍ കഴിയുന്ന ഐറിഷ് മലയാളികള്‍ വഴിയോ,പ്രവാസികളുടെ വിശ്വസിനീയരായ കേന്ദ്രങ്ങള്‍ വഴിയോ അടിയന്തര സഹായം എത്തിക്കാനാണ് തങ്ങള്‍ ഇനിയും ആഗ്രഹിക്കുന്നതെന്ന് ഫിബ്‌സ് ബറോ മലയാളികള്‍ പറഞ്ഞു.

കാവന്‍ ഇന്ത്യന്‍ അസോസിയേഷന്‍ വസ്ത്രങ്ങളും,സഹായധനവും സ്വീകരിച്ച് കേരളത്തിലേയ്ക്ക് അയയ്ക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

മധ്യകേരളത്തില്‍ നിന്നുള്ളവര്‍ക്ക് യാത്ര മുടങ്ങുന്നു

അയര്‍ലണ്ടില്‍ നിന്നും നൂറു കണക്കിന് കുടുംബങ്ങളാണ് ഇപ്പോഴും കേരളത്തില്‍ കുടുങ്ങി കിടക്കുന്നത്.മധ്യകേരളത്തില്‍ നിന്നുള്ളവര്‍ക്ക് മുഴുവന്‍ യാത്ര മുടങ്ങുന്ന അവസ്ഥയിലാണ് ഉള്ളത്.

26 ന് നെടുമ്പാശേരി വിമാനത്താവളം തുറക്കും എന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അതിനുള്ള സാധ്യതയും ഇല്ലെന്ന സൂചനകള്‍ ഉയരുന്നുണ്ട്.വിമാനത്താവളത്തിലെ നിരവധി സാങ്കേതിക സംവിധാനങ്ങള്‍ വെള്ളം കയറി പ്രവര്‍ത്തനക്ഷമമല്ലാതായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കോഴിക്കോടോ,തിരുവനന്തപുരത്തോ പോയി വിമാനം കയറുക എന്ന പോം വഴിയും നടക്കുന്നില്ല.അങ്ങോട്ടേയ്ക്ക് റോഡ് മാര്‍ഗം എത്തിപ്പെടാനാവാത്തതാണ് ഇതിന് കാരണം.കെകെ റോഡ് അടച്ചതോടെ തമിഴ്‌നാട് വഴിയും കേരളത്തിന് പുറത്തു കടക്കാനാവില്ല.

ഇന്ന് വീണ്ടും മഴ ആരംഭിച്ചിരിക്കുകയാണ്.ഒഡീഷ തീരത്ത് വീണ്ടും രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴ തുടരാന്‍ കാരണമാവുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചതോടെ കേരളത്തിലെ 12 ജില്ലകളില്‍ ഇന്ന് ഉച്ചയോടെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.ഇത് അടുത്ത രണ്ടു ദിവസം നീണ്ടു നില്‍ക്കും.

ലാല്‍ സലാം ലാല്‍…..ലാല്‍ ഒറ്റയ്ക്ക് സംഭരിച്ചത് രണ്ട് ലക്ഷം !

ഡബ്ലിന്‍ സെന്റ് വിന്‌സന്റസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായ കൊച്ചി സ്വദേശി ബ്‌ളാക്ക് റോക്കിലെ ലാല്‍ മാത്യൂസ് ജോര്‍ജ് ഫേസ് ബുക്ക് സുഹൃത്തുക്കളില്‍ നിന്നും ദുരിതബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായധനം സമാഹരിച്ച് മാതൃകയായി. രണ്ട് ലക്ഷത്തോളം രൂപയാണ് അമ്പതോളം സുഹൃത്തുക്കളില്‍ നിന്നായി മൂന്നു ദിവസത്തിനുള്ളില്‍ ലാലിന്റെ അക്കൗണ്ടില്‍ എത്തിയത്.അയ്യായിരം യൂറോ സമാഹരിക്കുകയാണ് ലാലിന്റെ ലക്ഷ്യം.പ്രളയത്തില്‍ ലാലിന്റെ ആലുവയിലെ വീടും മുങ്ങിപോയിരുന്നു.

ആദ്യ ഒരു മണിക്കൂര്‍ കൊണ്ട് തന്നെ ഏഴുനൂറ് യൂറോ…!

സ്ലൈഗോയിലെ നൈനാന്‍ തോമസ് ഇന്ന് രാവിലെ അയ്യായിരം യൂറോ ലക്ഷ്യമിട്ട് ആരംഭിച്ച ഫേസ് ബുക്ക് ഫണ്ട് റൈസിംഗ് കാമ്പയിനില്‍ ആദ്യ ഒരു മണിക്കൂര്‍ കൊണ്ട് തന്നെ ഏഴുനൂറ് യൂറോ സംഭാവനയായെത്തി.

സഹായഹസ്തവുമായി സഹൃദയയും,സാവനും 

ഡണ്ടാല്‍ക്കില്‍  സ്വദേശിയും സഹൃദയ സംഘടനയുടെ സംഘാടകരില്‍ ഒരാളുമായ സാവന്‍ മാത്യു ആരംഭിച്ച ഫണ്ട് റൈസിംഗില്‍ ഇതേ വരെ എണ്ണൂറോളം യൂറോ സംഭാവനയായെത്തി

https://www.facebook.com/donate/2144583015864579/10212709204231805/

ഇത്തരത്തില്‍ സ്വന്തം നിലയിലും സംഘം ചേര്‍ന്നും ദുരിതബാധിതര്‍ക്കായി അയര്‍ലണ്ടിലെ നിരവധി സ്ഥലങ്ങളില്‍ ഫണ്ട് ശേഖരിച്ചു വരികയാണ്.അണി ചേരുക നാം ഒന്നായി ,അമാന്തിച്ചു നില്‍ക്കേണ്ട സമയമല്ലിത്….എന്ന ബോധ്യത്തോടെ തന്നെ

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top