Sunday February 19, 2017
Latest Updates

ഒരു ദിവസം കൊണ്ട് ‘ദൈവത്തിന്റെ കുളം ‘

ഒരു ദിവസം കൊണ്ട് ‘ദൈവത്തിന്റെ കുളം ‘

ടുണിസ്: പൊരിവെയിലും വരള്‍ച്ചയും മൂലം കൊടും ദുരന്തത്തിലായ ടുനിഷ്യയുടെ ചിത്രം ലോകദൃഷ്ട്ടിയില്‍ നിന്നും മാറിയിട്ടില്ല.പക്ഷെ ഒരു തുള്ളി വെള്ളം തേടി അലഞ്ഞിരുന്ന ഇവിടെ ഒരു ഗ്രാമത്തോട് ചേര്‍ന്ന മരുഭൂമിയില്‍ ഒരു ദിവസം കൊണ്ട് പ്രത്യക്ഷപ്പെട്ട ഒരു വന്‍ തടാകം അവിടുത്തെ ജനങ്ങളെ അക്ഷരാര്‍ഥത്തില്‍ അത്ഭുതത്തില്‍ ആഴ്ത്തിയിരിക്കുകയാണ്.

ഗഫ്‌സയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ മണലും പാറക്കല്ലുകളും നിറഞ്ഞ ഇവിടെ തടാകമുണ്ടായത് ചില ആട്ടിടയന്മാരാണ് ആദ്യം കണ്ടത്. 18 മീറ്റര്‍ ആഴവും ഒരു ഹെക്ടര്‍ വിസ്തൃതിയുമുള്ള തടാകത്തില്‍ നീന്താനും കുളിക്കാനുമായി നൂറു കണക്കിന് ആളുകളാണ് ദിവസവും എത്തുന്നത്. ദൈവത്തോടുള്ള തങ്ങളുടെ പ്രാര്‍ഥനയ്ക്ക് ഉത്തരമാണ് ഈ കുളമെന്നാണ് ജനസംസാരം 

ജൂലായ് അവസാനമാണ് ഇവിടെ തടാകം കണ്ടെത്തിയത്. തടാകമുണ്ടായതിന് വിശദീകരണം ഇതുവരെ ശാസ്ത്ര സമൂഹത്തിനായിട്ടില്ലെങ്കിലും ഭൂചലനം മൂലം ജലശേഖരത്തിന് മുകളിലെ പാറക്കെട്ടുകള്‍ക്ക് സ്ഥാനചലനം സംഭവിച്ച് തടാകം ഉയര്‍ന്നു വന്നതാകാമെന്നാണ് ഒരു നിരീക്ഷണം. തടാകത്തില്‍ കുളിക്കുന്നതിനെതിരെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും അത് വകവെക്കാതെ നൂറുകണക്കിന് ആളുകളാണ് എത്തുന്നത്.



ഈ പ്രദേശത്ത് ഫോസ്‌ഫേറ്റിന്റെ സാനിധ്യം കൂടുതലായതിനാല്‍ ജലം വിഷമയമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. തടാകം രൂപം കൊണ്ട ആദ്യ ദിവസങ്ങളില്‍ നല്ല തെളിഞ്ഞ വെള്ളമായിരുന്നുവെങ്കിലും പിന്നീട് കടുത്ത പച്ചനിറമായി മാറിയിട്ടുണ്ട്. ജലം കൂടുതല്‍ പരിശോധനയ്ക്ക് അയച്ചതായി ഗഫ്‌സ പൊതുസുരക്ഷാ ഉദ്യോഗസ്ഥന്‍ ഹതേഫ് ഒയിജി അറിയിച്ചു. വമ്പിച്ച ഫോസ്‌ഫേറ്റ് നിക്ഷേപമുള്ള ഗഫ്‌സ 1886 മുതല്‍ ഫോസ്‌ഫേറ്റ് ഖനനത്തിന്റെ പ്രധാന കേന്ദ്രമാണ്

Scroll To Top