Saturday February 25, 2017
Latest Updates

ഒരു ചതയദിനം കൂടി

ഒരു ചതയദിനം കൂടി

 

ജാതിയും മതവും വേലിക്കെട്ടു തീര്‍ക്കുന്ന ഇന്നത്തെ കേരളത്തിനു സ്വാമി വിവേകാനന്ദന്‍ നല്‍കിയ പേര് എന്ത് കൊണ്ടും യോജിക്കുന്നതാണ് _ഭ്രാന്താലയം. അതെ, കേരളം ഇന്നൊരു ഭ്രാന്താലയമായി മാറിയിരിക്കുകയാണ്. മനുഷ്യത്തം ബാക്കി നില്‍ക്കുന്നുണ്ടെങ്കിലും അത് പ്രകടിപ്പിക്കാന്‍ സമയമില്ലാതെ ജീവിതം പടുത്തുയര്താന്‍ ഓടുന്ന കേരളീയര്‍. ഇതിനിടയില്‍ കടന്നുവന്ന ചതയ ദിനത്തില്‍ എങ്കിലും നമുക്ക് ഒരു മഹാമുനിയെ ഓര്‍ക്കാം. മലയാളമാസം ചിങ്ങത്തിലെ ചതയം നക്ഷത്രത്തില്‍ പിറന്ന ശ്രീ നാരായണ ഗുരുദേവന്‍.
‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ – മന്ത്രധ്വനി ഉതിര്‍ത്ത് താഴ്ന്ന വിഭാഗത്തിലെ ആളുകളുടെ കൂടെ ആത്മീത തപസ്യയാക്കി കഴിഞ്ഞ മഹാമുനി. ജാതി ചോദിക്കരുത് പറയരുത്. എല്ലാവരും മനുഷ്യരാണെന്ന തത്വത്തിലാണ് ഗുരു ഉറച്ചു നിന്നത്.

തിരുവനന്തപുരത്തിനടുത്ത് ചെമ്പഴന്തി എന്നാ ഗ്രാമത്തിലാണ് ‘നാണു’ ജനിച്ചത്. കുട്ടിക്കാലം തൊട്ടു തന്നെ അവര്‍ണരോട് ഉന്നത ജാതിക്കാര്‍ കാണിച്ചിരുന്ന അവഗണന നാണുവിനെ വേദനിപ്പിച്ചിരുന്നു. വളര്‍ന്നുവന്നപ്പോള്‍ അവര്‍ണ്ണര്‍ക്ക് കൂട്ടായി നാണു എന്നാ നാരായണ സ്വാമി മാറി.

ഗുരുദേവന്റെ ചരിത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഇന്ന് ഒരുപടി സിനിമകളും പുസ്തകങ്ങളും നമുക്ക് വാങ്ങാന്‍ കിട്ടും. മനുഷ്യന് മനുഷ്യനെ മനസിലാക്കാന്‍ പ്രയാസമുള്ള ഇക്കാലഘട്ടത്തില്‍ എന്താണ് ഗുരുവിനുള്ള പ്രാധാന്യം. ഗുരുദേവന്‍ ഒരു ദൈവരൂപമല്ല. മനുഷ്യന്‍ മാത്രമാണ്. മനുഷ്യര്‍ ജീവിക്കണ്ടത് എങ്ങനെയെന്നു ലോകത്തിനു കാണിച്ചുകൊടുത്ത മഹാന്‍.

‘ജാതിഭേദം മതദ്വേഷം

ഏതുമില്ലാതെ സര്‍വരും

സോദരേന്യേ വാണിടും

മാതൃകാ ഗൃഹമാനിത്.’

ഭാരതത്തെ കുറിച്ചുള്ള ഗുരുവിന്റെ കാഴ്ചപ്പാട്.

മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരില്‍ പോരടിക്കുന്നവരെ നമ്മള്‍ കണ്ടു കഴിഞ്ഞു. വഞ്ചനയും അഴിമതിയും കൊടികുത്തി വാഴുന്ന നാടായി ഭാരതം തന്നെ മാറി.

മതങ്ങളും ദൈവങ്ങളും രൂപീകരിക്കപ്പെട്ടത് മനസ്സില്‍ വേലിക്കെട്ടു പണിയാനായിരുന്നില്ല. മറിച്ച്, സ്നേഹവും സാഹോദര്യവും വളര്‍ത്താന്‍ തന്നെ ആയിരുന്നു. പ്രാര്‍ത്ഥനകള്‍ക്കും മറ്റും നിയന്ത്രണം വച്ച് മത ഗ്രന്ഥങ്ങള്‍ കാവലാളായത് മനുഷ്യജീവിതങ്ങള്‍ക്ക് അച്ചടക്കത്തിന്റെ വഴി കാട്ടിക്കൊടുക്കനാണ്.

ഓരോ മതഗ്രന്ഥങ്ങളും പ്രതിപാദിക്കുന്നത് സ്നേഹത്തെക്കുറിച്ചാണ്. സ്നേഹമാകുന്ന ദൈവതെക്കുറിച്ച്. എല്ലാവരും മനുഷ്യര്‍ മാത്രമാണ്. മതഗ്രന്ഥങ്ങള്‍ വായിച്ചു മനസിലാക്കിയ ഗുരുദേവന്‍ അതെ തത്വങ്ങള്‍ തന്നെയാണ് മനുഷ്യരിലേക്ക് എത്തിക്കാന്‍ ശ്രമിച്ചതും. ഹിംസ പാപമാണെന്നും അദ്ദേഹം പഠിപ്പിച്ചു. ഇന്നിന്റെ ലോകത്ത് ആ മഹാമുനിയുടെ ജീവിതം ഒരു മാര്‍ഗമാണ്.

മതങ്ങള്‍ക്കും ജാതികള്‍ക്കും അതീതമായി മനുഷ്യനെ സ്നേഹിച്ച ഗുരുദേവന്റെ ജന്മനാളാണ് ചിങ്ങമാസത്തിലെ ചതയം. ചതയദിനമായും ശ്രീ നാരായണ ഗുരു ദിനമായും ഇത് ആഘോഷിക്കുന്നു.

Scroll To Top