Friday August 18, 2017
Latest Updates

ഒരു ഗ്ലാസ്സ് വൈന്‍ അടിച്ച ശേഷം പോലും വാഹനമോടിക്കാന്‍ ആവില്ല ! അയര്‍ലണ്ടിലെ പുതിയ ഗതാഗത ബില്ലിനെ പിന്തുണച്ച് വരദ്കര്‍

ഒരു ഗ്ലാസ്സ് വൈന്‍ അടിച്ച ശേഷം പോലും വാഹനമോടിക്കാന്‍ ആവില്ല ! അയര്‍ലണ്ടിലെ പുതിയ ഗതാഗത ബില്ലിനെ പിന്തുണച്ച് വരദ്കര്‍

ഡബ്ലിന്‍:മദ്യപിച്ചുകൊണ്ടുള്ള ഡ്രൈവിംഗിനെ പൂര്‍ണമായും വിലക്കുന്ന മന്ത്രി ഷെയ്ന്‍ റോസിന്റെ ഗതാഗത പരിഷ്‌കാര ബില്ലിനെ പിന്തുണച്ച് പ്രധാനമന്ത്രി ലിയോ വരദ്കറും രംഗത്തെത്തി.

ഭരണ കക്ഷിയിലെ എല്ലാ ടിഡിമാരോടും സെനറ്റര്‍മാരോടും ബില്ലിനെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് പ്രധാനമന്ത്രി.ഒരു ഗ്ലാസ് വൈന്‍ പോലും കഴിച്ചിട്ട് വാഹനമോടിക്കാന്‍ പാടില്ലെന്ന തരത്തില്‍ കര്‍ക്കശമായ ബില്ലിനെയാണ് പ്രധാനമന്ത്രി പിന്തുണയ്ക്കുന്നത്.

പരക്കെ എതിര്‍പ്പുയര്‍ന്നിട്ടുള്ള ബില്ലിനെ പൂര്‍ണമായും പിന്തുണച്ച് വരദ്കര്‍ രംഗത്തുവന്നത് തന്റെ വിശ്വസ്തരായ സഹപ്രവര്‍ത്തകരെപ്പോലും അമ്പരപ്പിച്ചിട്ടുണ്ട്. വരദകറുടെ നേതൃത്വത്തെ പരീക്ഷിക്കുന്ന മറ്റൊരു ‘റഫറണ്ടം’ കൂടിയാകും ഈ വിവാദ ബില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.മന്ത്രിസഭയുടെ പോലും മനസ്സറിയാന്‍ നില്‍ക്കാതെ പുതിയ റോഡ് നിയമത്തെ പിന്തുണച്ച് രംഗത്തുവരികയായിരുന്നു വരദ്കര്‍.ഇത് സഹപ്രവര്‍ത്തകരില്‍ അമര്‍ഷമുണ്ടാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

പുതിയബില്‍ പ്രകാരം വാഹനമോടിക്കുന്നയാള്‍ 100മില്ലി ആല്‍ക്കഹോള്‍(50-80എംജി)കഴിച്ചെന്നു തെളിഞ്ഞാല്‍ അദ്ദേഹത്തിന്റെ ലൈസന്‍സ് മൂന്നുമാസത്തേക്ക് നിയമപരമായി റദ്ദാകും.വരദ്കറുടെ സഹപ്രവര്‍ത്തകരില്‍ ചിലരും ഇത്തരം വ്യവസ്ഥകളില്‍ ഉല്‍ക്കണ്ഠ രേഖപ്പെടുത്തിട്ടുണ്ട്.ഈ കുറ്റത്തിന് പെനാല്‍റ്റി പോയിന്റുകള്‍ ചാര്‍ജ് ചെയ്യുന്ന വ്യവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്.

പുതിയ പരിഷ്‌കാരം നിലവില്‍ വന്നാല്‍ ഒരു ഗ്ലാസ് വൈന്‍ പോലും കുടിക്കാന്‍ കഴിയില്ലെന്ന് വിമര്‍ശകര്‍ പറയുന്നു.ഇത് രാജ്യത്തെ ജനജീവിതത്തെ വല്ലാതെ ബാധിക്കുമെന്നും അവര്‍ ആരോപിക്കുന്നു.അതേസയം റോഡ് സുരക്ഷാ ഗ്രൂപ്പുകള്‍ ഈ നിയമത്തെ പിന്തുണച്ച് രംഗത്തുവന്നിട്ടുണ്ട്.
സെപ്തംബറില്‍ പാര്‍ലമെന്റി പാര്‍ടിയോഗം ചേരുകയാണ്.ബില്ലിനെതിരെ കടുത്ത എതിര്‍പ്പുയര്‍ന്നുവന്നാല്‍ ഫ്രീ വോട്ടിന് വിടേണ്ടിവരും. എന്നാല്‍ ഇതുവരേയും അത്തരത്തിലൊരു തീരുമാനമെടുത്തതായി വിവരം ഇല്ല.

അതേസമയം സഖ്യകക്ഷിയായ ഫിയനഫെയ്ല്‍ ബില്ലിനെ എതിര്‍ക്കുമെന്ന് വ്യക്തമായിട്ടുണ്ട്.മദ്യപിച്ച് വാഹനമോടിച്ച് പിടികൂടുന്നവര്‍ക്ക് ഇളവ് കൂടുതല്‍ അനുവദിക്കണമെന്നാണ് അവരുടെ ആവശ്യം.പെനാല്‍റ്റി പോയിന്റുകള്‍ അഞ്ച് ആക്കി ഉയര്‍ത്തുകയോ 500 യൂറോ പിഴ ഈടാക്കുകയോ ചെയ്താല്‍ മതിയാകുമെന്നും ഇവര്‍ നിര്‍ദേശിക്കുന്നു.

അതേസമയം, കാര്യങ്ങള്‍ വേണ്ടവിധം മനസ്സിലാക്കണമെന്നും ബില്ലിനെ പിന്തുണക്കണമെന്നും മന്ത്രി ഷെയ്ന്‍ റോസ് അഭ്യര്‍ഥിച്ചു.ബില്ലിനെതിരെ അതിശക്തമായി രംഗത്തുവന്നിട്ടുള്ള വിന്റ്നേര്‍സ് പോലുള്ള സംഘടനകള്‍ക്കു ചെവികൊടുക്കാതെ റോഡ് സുരക്ഷാ അതോറിറ്റിയുടെ വാക്കുകള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഫിനഫെയ് ലിന്റെ മൈക്കിള്‍ മാര്‍ട്ടിന്‍ ഉള്‍പ്പടെയുള്ള നേതാക്കളോട് അഭ്യര്‍ഥിച്ചു.

Scroll To Top