Tuesday November 21, 2017
Latest Updates

ഒരു അവധികാല കാഴ്ചകള്‍ 

ഒരു അവധികാല കാഴ്ചകള്‍ 

ഏതൊരു പ്രവാസിയുടെയും ഏറ്റവും വലിയ സന്തോഷമാണ് നാട്ടിലേക്കുള്ള അവധികാലയത്രകള്‍ ! അവധി ആഘോഷിക്കാന്‍ കുടുംബസമേതം നാട്ടില്‍ പോയപ്പോള്‍ നാട്ടിലെ മാറ്റങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഓരോ അവധികാലവും അകന്നകന്നു പോകുന്ന സ്വന്തം നാടിനെ എത്തിപിടിക്കാനുള്ള ശ്രമമാണ്. 

മുറ തെറ്റാതെയുള്ള ആ രണ്ട് ചോദ്യങ്ങള്‍ ,

‘എന്ന് വന്നു ?’ 

‘എന്നാ തിരിച്ചുപോകുന്നെ? ‘

ഒരു പക്ഷെ അവധിക്കുവന്ന ഒരു പ്രവാസിയോടു ഇതില്‍കൂടുതല്‍ എന്താണ് ഒരാള്‍ക്ക് ചോദിക്കാനുള്ളത് ?

ഒപ്പം പഠിച്ചവരുടെ നരകയറിയ തലമുടിയും താടിരോമങ്ങളും കണ്ടപ്പോള്‍ ഞാന്‍ എന്റെ പ്രായത്തെ കുറിച്ചുതന്നെ ബോധവനായി. ഞങ്ങള്‍ സുഹൃത്തുക്കളോടൊപ്പം സായാഹ്നങ്ങള്‍ പങ്കിട്ട ചെറിയ ജങ്ങ്ഷന്‍ ഇപ്പോള്‍ ബംഗാളികള്‍ കയ്യടക്കിയിരിക്കുന്നു. ബീഡിപുക ഊതികൊണ്ട് അവര്‍ എന്നെ ഒരു പരദേശിയെപോലെ നോക്കിയപ്പോള്‍ ഞാന്‍ ഒന്ന് ചൂളിപോയി !! 

ഏറ്റവും കൌതുകകരമായി തോന്നിയത് ഇരുച്ചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ വളപോലെ കൈയില്‍ ധരിച്ചിരിക്കുന്ന ഹെല്‍മറ്റ് കണ്ടപ്പോളാണ് !! അവര്‍ക്ക് സ്വന്തം ജീവനേക്കാള്‍ വലുത് പോലീസിനു പിഴയായി കൊടുക്കേണ്ട ഇരുനൂറോ മുന്നൂറോ രൂപയാണ് !!

കാറിന്റെ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കണമെന്ന് ഉത്തരവിട്ട ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറെ ബെല്‍റ്റില്‍ കെട്ടിയിടണമെന്നാണ് ഒരു എം എല്‍ എ നിയമസഭയില്‍ പറഞ്ഞത് . അതുകേട്ടപോള്‍ ചിരിക്കണോ കരയണോ എന്ന് സംശയിച്ചുപോയി !!

മറ്റൊരുരസകരമായ കാര്യം 45 മിനിറ്റ് പവര്‍ കട്ട് ഉണ്ടെങ്കിലും അത് ദരിദ്രര്‍ക്ക് മാത്രമുള്ളതാണ് .മറ്റുള്ളവര്‍ക്ക് ഇന്‍വര്‍റ്റര്‍ ഉണ്ട്. അപ്പോള്‍ പവര്‍ കട്ടിന്റെ യദാര്‍ത്ഥ ലക്ഷ്യം എങ്ങനെ കൈവരിക്കും ?

അതിനിടയില്‍ ക്ഷണിക്കാതെ വന്ന അതിഥിയെപോലെ പനി വന്നു കയറി. അടുത്തുള്ള പള്ളിഅസ്പത്രിയില്‍ പോയി ഡോക്ടറെ കണ്ടു മരുന്ന് വാങ്ങി.ഗേറ്റ് കടന്നു റോഡിലേക്ക് ഇറങ്ങിയപ്പോളാണ് റോഡിനു അപ്പുറമുള്ള ചായകടയില്‍ ചായ അടിക്കുന്ന ആളെ ശ്രദ്ധിച്ചത്. മുഷിഞ്ഞ ലുങ്കിയും 

വെള്ള ബനിയനും ധരിച്ചു ഇടിഞ്ഞു വീഴാറായ കരിപിടിച്ച പഴകിയ കൊച്ചുകടയില്‍ ചായ അടിക്കുന്നത് എന്റെ ഒപ്പം പള്ളികൂടത്തില്‍ പഠിച്ച ബൈജുവായിരുന്നു. പണ്ട് അവന്റെ അപ്പനായിരുന്നു ആ കട നടത്തികൊണ്ടിരുന്നത്. ഞാന്‍ കടയിലേക്ക് ചെന്നു. ബൈജുവിന് കണ്ടപ്പോള്‍ തന്നെ എന്നെ മനസിലായി. എന്റെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു.

കഷ്ടിച്ച് ഒരു ബെഞ്ച് ഇടാനുള്ള സ്ഥലമേ ആ കടയില്‍ ഒള്ളു .അതില്‍ ഇരുന്നു 2 പേര്‍ ചായ കുടിക്കുന്നു .അപ്പന്റെ ഫോട്ടോ പഴകിയ ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്നു. പണ്ട് പഠിച്ചിരുന്ന കാലത്ത് തൊട്ടപ്പുറത്തുള്ള സ്‌കൂളില്‍ നിന്ന് ഇടവേളകളില്‍ ബൈജു ബണ്ണും പഴവും തിന്നാന്‍ വന്നിരുന്നത് അപ്പന്റെ ഈ കടയിലായിരുന്നു. അന്ന് കൊതിയോടെ ഞാന്‍ അത് കണ്ടു നിന്നിട്ടുണ്ട് …

പതഞ്ഞു പൊന്തിയ ചൂടുചായ ചില്ലുഗ്ലാസ്സില്‍ എന്റെ നേരെ നീട്ടിയിട്ട് ബൈജു പറഞ്ഞു ‘ ഒരു ചായകുടിക്ക് ‘ 
ഗ്ലാസ്സിന്റെ വക്ക് തുടച്ചു ചൂടുചായ ഊതികുടിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു ‘ബൈജുവിന്റെ മക്കളൊക്കെ ?’
‘അല്‍ അമീന്‍ പബ്ലിക് സ്‌കൂളില്‍ പഠിക്കുന്നു. അവരെങ്കിലും രക്ഷപെടട്ടെ എന്നോര്‍ത്തു’

അപ്പോള്‍ ഞാന്‍ ഓര്‍ത്തു, ബൈജുവിന്റെ അപ്പനും തന്റെ സുഹൃത്തുകളോട് ഇതുതന്നെ പറഞ്ഞിട്ടുണ്ടാവും ..എന്നിട്ടും ..

വര്‍ഷങ്ങള്‍ക്കുമുന്പുള്ള അതെ വാടകകെട്ടിടം… പഴകി ദ്രവിച്ചു ഏതുസമയത്തും നിലംപോത്തിവീഴാം. ചായകുടിച്ചു ഗ്ലാസ് തിരികെ കൊടുക്കുമ്പോള്‍ ബൈജുവിന്റെ മുഖത്തെ ദൈന്യതയും ആ കണ്ണുകളിലെ നിരാശയും ഞാന്‍ കണ്ടു ….യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മനസ്സ് നിറയെ ഞങ്ങളുടെ സ്‌കൂള്‍ കാലമായിരുന്നു ..കളിച്ചും സിനിമാകഥകള്‍ പറഞ്ഞും രസിച്ചുനടന്ന ഞങ്ങളുടെ കുട്ടികാലം …..

sibyഞാന്‍ ഇന്നു കടലുകള്‍ക്കക്കരെ ഇവിടെ തിരിച്ചെത്തിയിരിക്കുന്നു ..എന്റെ സുഹൃത്ത് ആശുപത്രി ഗേറ്റിലേക്ക് കണ്ണും നട്ട് തൂക്ക് പാത്രവുമായി ചായ വാങ്ങാന്‍ വരുന്നവരെ കാത്തു തന്റെ കരിപിടിച്ച കടയില്‍ ഒരു മുഷിഞ്ഞ ലുങ്കിയുമുടുത്തു ഇരിക്കുന്നുണ്ടാവുമിപ്പോള്‍.. നിറം മങ്ങിയ ചെറിയ ചില്ലുകൂട്ടില്‍ അടുക്കി വച്ചിരിക്കുന്ന വടയും പഴംപൊരിയും ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാനുള്ള ഇഴകളാണ്….. എന്റെ പ്രിയ സുഹൃത്തേ , നിനക്കെന്നും നന്മകള്‍ വരട്ടെ ……

സെബി സെബാസ്റ്റ്യന്‍ സെല്‍ബ്രിഡ്ജ് 

Scroll To Top