Tuesday February 21, 2017
Latest Updates

ഒരുദിവസം പ്രായമായ കുഞ്ഞിനെ വീട് വളഞ്ഞ് ഗാര്‍ഡ പിടിച്ചെടുത്തു ; എച്ച്എസ്ഇ ഏറ്റെടുത്തു

ഒരുദിവസം പ്രായമായ കുഞ്ഞിനെ വീട് വളഞ്ഞ് ഗാര്‍ഡ പിടിച്ചെടുത്തു ; എച്ച്എസ്ഇ ഏറ്റെടുത്തു

ഡബ്ലിന്‍ :ഒരു ദിവസം പ്രായമായ കുഞ്ഞിനെ എച്ച്എസ്ഇ ഏറ്റടുത്തു. എച്ചഎസ്ഇയുടെ നിര്‍ദ്ദേശപ്രകാരം അവര്‍ താമസിച്ചിരുന്ന വീട് വളഞ്ഞ ഗാര്‍ഡയാണ് കുഞ്ഞിനെ എച്ച്എസ്ഇ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് കൈമാറിയത്.

കുഞ്ഞിനെ കസ്റ്റഡിയില്‍ എടുത്തുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ജസ്റ്റിസ് സീന്‍ റിയാന്‍ വാദം കേള്‍ക്കും.

ബുധനാഴ്ച്ച രാവിലെയാണ് കുഞ്ഞ് ജനിച്ചതെന്നും ഒരു ദിവസം പൂര്‍ത്തിയാകുമ്പോഴേക്കും സംരക്ഷണത്തിന്റെ പേരില്‍ ജില്ലാകോടതിക്ക് കീഴിലെ എച്ച്എസ്ഇ വിഭാഗം കുഞ്ഞിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്നും അമ്മയ്ക്കും കുഞ്ഞിനും വേണ്ടി വാദിക്കുന്ന സുപ്രീം കോടതി വക്കീല്‍ മൈക്കല്‍ ഒ’ഹിഗിന്‍സ് കോടതിയില്‍ വാദിച്ചിരുന്നു.

എച്ച്എസ്ഇയും കുട്ടിയുടെ പിതാവുമായി ചില പ്രശ്‌നങ്ങള്‍ നിലവിലിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട കോടതി കുട്ടിയെയും കുടുംബത്തെയും വെളിപ്പെടുത്തുന്ന തരത്തില്‍ കുറിച്ചുള്ള യാതൊരു വിവരങ്ങളും പ്രസിദ്ധീകരിക്കരുതെന്ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

കുട്ടി ഇപ്പോള്‍ എച്ച്എസ്ഇയുടെ കസ്റ്റഡിയിലാണെന്നും ഇതേക്കുറിച്ച് കോടതി നേരിട്ടന്വേഷിക്കണമെന്നും ഒ’ഹിഗിന്‍സ് പറഞ്ഞു.
ജില്ലാകോടതി ഒരു ദിവസം പ്രായമായ കുഞ്ഞിനെ ദത്ത് സ്വീകരിച്ച നിലപാട് ശരിയായിരുന്നോ എന്ന കാര്യം തീരുമാനിക്കേണ്ടത് ഹൈക്കോടതിയാണെന്നും ഒ’ഹിഗിന്‍സ് കൂട്ടിച്ചേര്‍ത്തു.

എച്ചഎസ്ഇയുടെ സംരക്ഷണയില്‍ വളരുന്ന ഒരു കൗമാരപ്രായമുള്ള കുട്ടിയും ഈ അമ്മയ്ക്കുണ്ട്. ഇവരുടെ ഭര്‍ത്താവിന്റെ കൗമാരക്കാരായ രണ്ടു കുട്ടികളും എച്ച്എസ്ഇയുടെ സംരക്ഷണയിലാണ്.

ഇപ്പോഴത്തെ പ്രസവം നടന്നതും എച്ച്എസ്ഇയുടെ മേല്‍നോട്ടത്തില്‍ തന്നെയായിരുന്നെന്നും ഒ’ഹിഗിന്‍സ് പറഞ്ഞു. പ്രസവത്തോടെ കുഞ്ഞിന് അപകടം സംഭവിച്ചേക്കാം എന്നും കുഞ്ഞിന്റെ സുരക്ഷാചുമതലയുടെ ഉത്തരവാദിത്വവും കാണിച്ച് എച്ചഎസ്ഇ കോടതിയുടെ ഉപദേശവും തേടിയിരുന്നു.

കഴിഞ്ഞ സെപ്തംബര്‍ 24നാണ് ഇവര്‍ക്ക് ഒരു ആണ്‍കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ സുരക്ഷാചുമതല ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാകോടതി ജഡ്ജിക്കു മുന്‍പാകെ എമര്‍ജന്‍സി കെയര്‍ ആപ്ലിക്കേഷന്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ഇവരുടെ കുടുംബ വക്കീലിന് മുന്നറിയിപ്പ് കിട്ടിയിട്ടുണ്ടായിരുന്നു. ഉടന്‍ തന്നെ ഇദ്ദേഹം ബാരിസ്റ്റര്‍ മെയ്‌റഡ് കെരിയോട് അമ്മയ്ക്കും കുഞ്ഞിനും വേണ്ടി കേസ്
ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ കൂടെയാണ് മൈക്കല്‍ ഒ’ഹിഗിന്‍സ് ഹാജരായത്.

ഗാര്‍ഡ വീട് വളയുകയും വീട്ടിലേക്ക് പ്രവേശിച്ച് അവിടെ ഉണ്ടായിരുന്നവരോട് അവര്‍ വീട്ടുതടങ്കലില്‍ ആക്കപ്പെട്ടിരിക്കുകയാണെന്ന് അറിയിക്കുകയുമാണുണ്ടായതെന്ന് ഒ’ഹിഗിന്‍സ് കോടതിയോട് പറഞ്ഞു. ഇവരുടെ കുടുംബവക്കീലും ഗാര്‍ഡ ഓഫീസര്‍മാരുമായി നടത്തിയ ചര്‍ച്ചയിലാണ് വീട്ടുപരിസരത്തു നിന്നും അല്പം പിന്‍വലിയാന്‍ ഗാര്‍ഡ തയ്യാറായത്.

കുഞ്ഞിന്റെ അപകടാവസ്ഥ കാണിച്ചുകൊണ്ട് ഗാര്‍ഡ പിന്നീട് ജില്ലാകോടതിയില്‍ പരാതി നല്‍കുകയായിരുന്നു. വീടു വളഞ്ഞതിനെയും വീട്ടിലുള്ളവരെ തടങ്കലിലാക്കുകയും ചെയ്തതിനെ ന്യായീകരിക്കാന്‍ വേണ്ടിയാണ് ഗാര്‍ഡ പെട്ടെന്ന് ഇത്തരത്തിലൊരു നീക്കത്തിന് മുതിര്‍ന്നതെന്ന് ഒ’ഹിഗിന്‍സ് ആരോപിച്ചു.
എച്ച്എസ്ഇയുടെ നാലു സാക്ഷികളെ വിസ്തരിച്ചതിനു ശേഷം ജില്ലാ കോടതി ജഡ്ജി കുടുംബത്തിനെതിരെ ഉത്തരവിറക്കിയിരുന്നില്ലെന്നും എന്നാല്‍ എച്ച്എസ്ഇ അവകാശപ്പെടുന്നത് സാക്ഷി വിസ്താരത്തിലൂടെ അദ്ദേഹത്തിന് കുഞ്ഞിന്റെ അപകടാവസ്ഥയെക്കുറിച്ച് മനസിലായിരുന്നുവെന്നാണെന്ന് ഒ’ഹിഗിന്‍ കോടതിയോട് പറഞ്ഞു. കുഞ്ഞിന്റെ അമ്മയുടെ പേരില്‍ പരാതികളില്ലെന്നും അവരുടെ ഭര്‍ത്താവിന്റെ പേരില്‍ മാത്രമാണ് പരാതികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തെ ഈ വേര്‍പിരിയല്‍ ദോഷകരമായി ബാധിക്കും എന്നും ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മയില്‍ നിന്നും അകറ്റുന്നത് വേദനാജനകമാണ് ഒ’ഹിഗിന്‍സ് കോടതിയോട് പറഞ്ഞു. ഈ പ്രായത്തിലുള്ള കുഞ്ഞിന് ആവശ്യം അമ്മയുടെ പരിലാളനയും മുലപ്പാലും ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുഞ്ഞിനെ അതിന്റെ അച്ഛനില്‍ നിന്ന് മാറ്റിപാര്‍പ്പിച്ചുകൊള്ളാമെന്നും സ്ത്രീ സമ്മതിച്ചിട്ടുണ്ടെന്നും ഒ’ഹിഗിന്‍സ് പറഞ്ഞു.

കുഞ്ഞിനെ എച്ച്എസ്ഇയുടെ കസ്റ്റഡിയില്‍ വളര്‍ത്താന്‍ വിടും മുന്‍പ് ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ ഹൈക്കോടതി ജഡ്ജ് റിയാന്‍ ഉത്തരവിട്ടു.

Scroll To Top