Wednesday September 26, 2018
Latest Updates

ഒഫേലിയ രാവിലെ 9 മണിയോടെ തീരത്തെത്തും; കനത്ത ജാഗ്രത,പട്ടാളം രംഗത്തിറങ്ങി,ഡബ്ലിന്‍ ബസും,തപാല്‍ സേവനങ്ങളും ഭാഗീകമായി മുടങ്ങും

ഒഫേലിയ രാവിലെ 9 മണിയോടെ തീരത്തെത്തും; കനത്ത ജാഗ്രത,പട്ടാളം രംഗത്തിറങ്ങി,ഡബ്ലിന്‍ ബസും,തപാല്‍ സേവനങ്ങളും ഭാഗീകമായി മുടങ്ങും

ഡബ്ലിന്‍ :രാജ്യത്തെ വിറപ്പിക്കാന്‍ ശേഷിയുള്ള ഒഫേലിയ തീരത്തോടടുക്കുമ്പോള്‍ രാജ്യമാകെ അതീവ മുന്‍കരുതലില്‍. അയര്‍ലണ്ടാകെ റെഡ് കാറ്റഗറി സുരക്ഷാ മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്. ഇന്ന് രാവിലെ 9 മണിയോടെ ഒഫേലിയ അറ്റ്‌ലാന്റിക് സമുദ്രത്തില്‍നിന്നു ഐറിഷ് തീരത്തു കയറുമെന്നാണ് പ്രവചനം.എന്നാല്‍ കെറി അടക്കമുള്ള കൗണ്ടികളില്‍ രാവിലെ 6 മണിയോടെ ചുഴലികാറ്റിന്റെ ശക്തമല്ലാത്ത മുന്നറ്റം അനുഭവപ്പെട്ടേക്കാം.

വെക്‌സ്‌ഫോഡ്, ഗോള്‍വേ,മേയോ, കെറി,ലിമറിക്ക്,വാട്ടര്‍ഫോഡ് എന്നീ കൗണ്ടികളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് കാറ്റഗറി മുന്നറിയിപ്പ് രാജ്യമാകെയാക്കി. ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ത്തന്നെ കഴിയണമെന്നും അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നുമാണ് നിര്‍ദേശം. സ്‌കൂളുകള്‍ തുറക്കില്ല. ആശുപത്രികളില്‍ ഒപികള്‍ പ്രവര്‍ത്തിക്കില്ല.

ഡബ്ലിന്‍ ബസ് രാവിലത്തെ സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കില്ലെങ്കിലും,9 മണിയോടെ മുഴുവന്‍ സര്‍വീസുകളും മുടങ്ങിയേക്കാം എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.വൈകിട്ട് 6 മണിയ്ക്ക് ശേഷം സര്‍വീസുകള്‍ തുടരാനുള്ള സാധ്യതയാണ് ഇപ്പോഴുള്ളത്.ലുവാസ് സര്‍വീസ് സാധാരണപോലെ പ്രവര്‍ത്തിക്കും.

തെക്കുപടിഞ്ഞാറല്‍ തെക്കന്‍ മേഖലകളില്‍ രാവിലെയും കിഴക്കന്‍ കൗണ്ടികളില്‍ ഉച്ചയ്ക്കുശേഷവും അതി ശക്തമായ കാറ്റുവീശുമെന്നാണ് മുന്നറിയിപ്പ്. കടല്‍ക്ഷോഭത്തിനു വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. കോടതികള്‍ പ്രവര്‍ത്തിക്കില്ല.

വെക്‌സ്‌ഫോഡ്, ഗോള്‍വേ, മേയോ, കെറി, ലിമറിക്ക്, വാട്ടര്‍ഫോഡ് എന്നീ കൗണ്ടികളില്‍ തപാല്‍ സേവനം ഉണ്ടാവില്ലെന്ന് ആന്‍ പോസ്റ്റ് അറിയിച്ചു. നാഷണല്‍ എമര്‍ജന്‍സി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി അടിയന്തര യോഗംചേര്‍ന്ന് സുരക്ഷാസാഹചര്യങ്ങള്‍ വിലയിരുത്തി. അപ്പപ്പോള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ജനം കൃത്യമായി പാലിക്കണമെന്ന് കമ്മിറ്റി അധ്യക്ഷന്‍ സിയാന്‍ ഹോഗന്‍ പറഞ്ഞു. മരങ്ങള്‍ വീണും കെട്ടിടങ്ങള്‍ തകര്‍ന്നും അപകടത്തിനു സാധ്യതയുള്ളതിനാല്‍ ജനം കരുതിയിരിക്കണം.

നിസ്സാരമാക്കേണ്ട; കരുതല്‍ വേണം 
അര നൂറ്റാണ്ടിനിടെ രാജ്യം കണ്ടിട്ടില്ലാത്തത്ര രൂക്ഷമായ ചുഴലിക്കാറ്റിനെ നേരിടാന്‍ നിങ്ങളും ചില മുന്‍കരുതലുകള്‍ എടുക്കണം. സര്‍ക്കാര്‍ ഏജന്‍സികള്‍ അപ്പപ്പോള്‍ നല്‍കുന്ന സുരക്ഷാ മുന്‍കരുതലുകള്‍ കൃത്യമായി പാലിക്കണം. അപൂര്‍വ കാഴ്ചകള്‍ കാണാന്‍ പുറത്തിറങ്ങാതെ പരമാവധി വീടുകള്‍ക്കുള്ളില്‍ത്തന്നെ കഴിയണം.

ഡ്രെയിനേജുകള്‍ വൃത്തിയാക്കി വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം ഒരുക്കണം.

കാറ്റില്‍ പറന്നുവന്ന് കെട്ടിടത്തിലും ജനലുകളിലും അടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ മുറ്റത്തുനിന്നു നീക്കുക.

ജനലുകള്‍ നന്നായി അടച്ചു എന്ന് ഉറപ്പാക്കുക.

അലാം സംവിധാനം കൃത്യമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുക.

പൂന്തോട്ടത്തിലെ കരിയിലകളുംമറ്റും നീക്കുക. അവ അടിഞ്ഞുകൂടി ഡ്രെയിനേജ് തടസ്സപ്പെടാന്‍ സാധ്യതയുണ്ട്.

യാത്രകള്‍ പരമാവധി ഒഴിവാക്കണം. വഴിയില്‍ അപ്രതീക്ഷിത തടസ്സങ്ങള്‍ കരുതിയിരിക്കണം.

കടല്‍തീരത്തുനിന്നു പരമാവധി വിട്ടുനില്‍ക്കുക. ആരെങ്കിലും അപകടത്തില്‍ പെട്ടതായി കണ്ടാല്‍ 112ല്‍ വിളിച്ചറിയിക്കുക.

വിമാനയാത്രക്കാര്‍ തങ്ങളുടെ ഫ്‌ലൈറ്റുകള്‍ കാന്‍സല്‍ ചെയ്തിട്ടില്ലെന്ന് വീട്ടില്‍നിന്ന് ഇറങ്ങുംമുന്‍പ് ഉറപ്പാക്കണമെന്ന് ഡബ്ലിന്‍ വിമാനത്താവള അധികൃതര്‍ അറിയിച്ചു.

വിദ്യാര്‍ഥികളെ സ്‌കൂളില്‍ അയയ്ക്കരുത്.

ഒഫേലിയയുടെ ഗതിയെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ അറിയാനുള്ള വെബ് സൈറ്റില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അറിയാനാവും.https://earth.nullschool.net/#current/wind/surface/level/orthographic=0.37,57.99,1848

Scroll To Top