Saturday November 18, 2017
Latest Updates

ഒഫേലിയ- തിങ്കളാഴ്ച സ്റ്റോറുകള്‍ തുറന്ന  ടെസ്‌കോയ്ക്കെതിരെ ട്രേഡ് യൂണിയന്‍

ഒഫേലിയ- തിങ്കളാഴ്ച സ്റ്റോറുകള്‍ തുറന്ന  ടെസ്‌കോയ്ക്കെതിരെ ട്രേഡ് യൂണിയന്‍

ഡബ്ലിന്‍:ഒഫേലിയ കൊടുങ്കാറ്റ് അയര്‍ലണ്ടിനെ പിടിച്ചുലച്ച തിങ്കളാഴ്ചയും സ്റ്റോറുകള്‍ തുറന്ന ടെസ്‌കോ നടപടിക്കെതിരെ മാന്‍ഡേറ്റ് ട്രേഡ് യൂണിയന്‍ രംഗത്തെത്തി. മിക്ക സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകളും സ്റ്റോറുകള്‍ അടച്ചിട്ടിട്ടും ടെസ്‌കോ രാവിലെ ചില സ്റ്റോറുകള്‍ തുറന്നതിനെ മാന്‍ഡേറ്റ് ട്രേഡ് യൂണിയന്‍ അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി ജെറി ലൈറ്റ് വിമര്‍ശിച്ചു.

ഡെബനംസ്, ഡണ്‍സ്, പെന്നീസ്, മാര്‍ക് ആന്‍ഡ് സ്പെന്‍സര്‍, ഹീറ്റണ്‍സ്, അര്‍നോട്സ്, ബ്രൗണ്‍ തോമസ് തുടങ്ങിയ പ്രമുഖ സ്റ്റോറുകളെല്ലാം തിങ്കളാഴ്ച അടഞ്ഞു കിടന്നു. തങ്ങളുടെ സ്റ്റോറുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ടെസ്‌കോ വ്യക്തത വരുത്താതിരുന്നത് ജീവനക്കാരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.

എതിരാളികളെല്ലാം ജീവനക്കാരുടെ സുരക്ഷയ്ക്കു പ്രഥമ പരിഗണന നല്‍കിയിട്ടും ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന ടെസ്‌കോ ജീവനക്കാരെ ബുദ്ധിമുട്ടിലാക്കിയത് എന്തിനാണ്- ജെറി ലൈറ്റ് ചോദിച്ചു. തിങ്കളാഴ്ചത്തെ ശമ്പളം മുടങ്ങില്ലെന്നും മറ്റു റീടെയ്ലര്‍മാര്‍ അറിയിച്ചിരുന്നു.
വിവാദമുയര്‍ന്നതോടെ വിശദീകരണവുമായി ടെസ്‌കോ രംഗത്തെത്തി. സ്റ്റോറുകള്‍ എല്ലാം അടച്ചെന്നും ഒഫേലിയ എത്തുംമുമ്പ് ഇടപാടുകാരുടെ സൗകര്യാര്‍ഥം സ്റ്റോറുകള്‍ ഏതാനും മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാന്‍ സഹകരിച്ച ജീവനക്കാര്‍ക്ക് നന്ദി പ്രകടിപ്പിക്കുന്നതുമായി ടെസ്‌കോ അറിയിപ്പില്‍ പറയുന്നു. സുരക്ഷിതമായ സാഹചര്യം വരുന്നതോടെ സ്റ്റോറുകള്‍ വീണ്ടും തുറക്കും. തിങ്കളാഴ്ച എത്താന്‍ കഴിയാത്ത ജീവനക്കാര്‍ക്കും ശമ്പളം മുടങ്ങില്ലെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

Scroll To Top