Wednesday September 26, 2018
Latest Updates

  ഒഫേലിയ:എങ്ങും ജാഗ്രത, രണ്ടു മരണം, 3,60000 വീടുകള്‍ ഇരുട്ടില്‍

  ഒഫേലിയ:എങ്ങും ജാഗ്രത, രണ്ടു മരണം,  3,60000 വീടുകള്‍ ഇരുട്ടില്‍

ഡബ്ലിന്‍:പ്രതീക്ഷയിച്ചയത്ര രൗദ്ര താണ്ഡവമാടാതെ ഹരിക്കേന്‍ ഒഫേലിയ അയര്‍ലണ്ടിലെത്തി.തെക്കന്‍ കൗണ്ടികളായ കെറി, കോര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നും ഭയാശങ്കകളില്ലാത്ത റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്.120 മുതല്‍ 170 കിലോ മീറ്റര്‍ സ്പീഡിലാണ് ഒഫേലിയ കടന്നുപോയതെങ്കിലും, നഗരമേഖലകളിലോ,ജനവാസ കേന്ദ്രങ്ങളിലോ വൈദ്യുതി പോയതൊഴികെ കാര്യമായ ഒരു പ്രശ്നവും ആദ്യ മണിക്കൂറുകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വീടുകള്‍ക്കുള്ളില്‍ തുടരാനും,മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കാനും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി

3 ലക്ഷത്തിലധികം വീടുകളില്‍ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ട സാഹചര്യത്തില്‍ രാജ്യം അടിയന്തര സാഹചര്യമായിക്കണ്ട് പ്രശ്‌നങ്ങളെ നേരിടുകയാണെന്നു പ്രധാനമന്ത്രി ലിയോ വരദ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.കാലാവസ്ഥ കൂടുതല്‍ മോശകമാകാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ത്തന്നെ കഴിയണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

കോര്‍ക്ക് കൗണ്ടിയില്‍ മരങ്ങള്‍ വീണ് ചില്ലറ നാശങ്ങള്‍ സംഭവിച്ചിട്ടുണ്ട്. നാഷണല്‍ എമര്‍ജന്‍സി കോ ഓര്‍ഡിനേഷന്‍ ഗ്രൂപ്പ് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നതായി വരദ്കര്‍ അറിയിച്ചു. രാജ്യമാകെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആളുകള്‍ പരമാവധി കരുതല്‍ നടപടികള്‍ സ്വീകരിക്കണം. കാറ്റ് ശമിക്കുന്നതുവരെ ആളുകള്‍ ഇപ്പോള്‍ ഉള്ള സ്ഥലത്തുതന്നെ തുടരണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. വീടുകളും സ്ഥാപനങ്ങളുമടക്കം 22000 ഇടത്തെ വൈദ്യുതിബന്ധം വിചേഛേദിച്ചതായി ഇഎസ്ബി വ്യക്തമാക്കിയിട്ടുണ്ട് അടിയന്തര സാഹചര്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഇഎസ്ബിയെ അറിയിക്കണമെന്ന് അവര്‍ അറിയിച്ചു. ഫോണ്‍: 1850 372 999.

ഉച്ച കഴിഞ് മണ്‍സ്റ്റര്‍,ലിന്‍സ്റ്റര്‍ പ്രദേശങ്ങളിലെത്തുന്ന കാറ്റ് ഇന്ന് രാത്രി വരെ ഐറിഷ് അതിര്‍ത്തിയില്‍ തുടരും.

എങ്കിലും രാത്രി 9 മണിവരെ ഒഫേലിയ രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തുമെന്ന് മെറ്റ് ഏറാന്‍ മുന്നറിയിപ്പു നല്‍കി. കാറ്റ് തെക്കു പടിഞ്ഞാറന്‍ തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.40 സെന്റിമീറ്റര്‍ വരെ മഴയും,വെള്ളപ്പൊക്കവും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.രാജ്യത്തൊട്ടാകെ ഒരു ലക്ഷം വീടുകളില്‍ വൈദ്യുതി നഷ്ടമായി.

‘അന്തരീക്ഷം ഇരുണ്ടാണെന്നതും,കാറ്റ് പതിവില്‍ അധികം ശക്തമാണെന്നതും മാത്രമാണ് മിക്ക സ്ഥലങ്ങളില്‍ നിന്നും ലഭിക്കുന്ന പ്രാഥമിക റിപ്പോര്‍ട്ടുകള്‍.ലീമെറിക്കില്‍ മിക്ക കടകളും അടഞ്ഞു കിടക്കുകയാണ്.ഉച്ചവരെ യാതൊരു അപകടവും ലീമെറിക്കില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വാട്ടര്‍ഫോര്‍ഡിലെ ഡൺഗാര്‍വന് സമീപം   അഗ്ലിഷില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മേല്‍ ഭീമാകാരമായ ഒരു മരം ഒടിഞ്ഞു വീണ് ഒരാള്‍ മരിച്ചു.ഒരു സ്ത്രീയാണ് മരിച്ചത്.മറ്റെയാളിന്റെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോര്‍ക്ക് കൗണ്ടിയുടെ തീരദേശങ്ങളില്‍ മണിക്കൂറില്‍ 168 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഒഫേലിയ ചുഴലിക്കാറ്റ് ആഞ്ഞുവീശി. ബ്ലാര്‍നെയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ മരം കടപുഴകി വീണു.പലയിടത്തും റോഡില്‍ മരവീണ് ഗതാഗതം മുടങ്ങി. ഗാര്‍ഡാ രംഗത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.എന്നാല്‍ വന്‍തോതിലുള്ള നാശനഷ്ടം കൗണ്ടിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

കോര്‍ക്കില്‍ ഇഎസ്ബി നെറ്റ് വര്‍ക്സിന്റെ 22,000 ഉപഭോക്താക്കള്‍ക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.രാജ്യത്തെ വ്യോമഗതാഗതം ഒട്ടാകെ താറുമാറായി.വിവിധ വിമാനത്താവളങ്ങളില്‍നിന്നുള്ള 140 വിമാന സര്‍വീസുകള്‍ റദ്ദാക്കി.ഇവയില്‍ എമറേറ്റസ്,ഖത്തര്‍ എയര്‍വേയ്സ്,എത്തിഹാദ് എന്നിവയുടെ സര്‍വീസുകളും ഉള്‍പ്പെടുന്നുണ്ട്.ഇന്ന് യാത്ര ചെയ്യാന്‍ ഉദ്ദേശിച്ച് ഡബ്ലിന്‍ വിമാനത്താവളത്തില്‍ എത്തിയ മലയാളികള്‍ അടക്കം നിരവധി പേരുടെ യാത്ര മുടങ്ങി.ഇവര്‍ക്ക് ബദല്‍ സംവിധാനങ്ങള്‍ ലഭ്യമാക്കുമെന്ന് എയര്‍ലൈന്‍ കമ്പനികള്‍ അറിയിച്ചിട്ടുണ്ട്.

ഒഫേലിയ ഗോള്‍വേ, മേയോ, സ്ലൈഗോ, ഡോണെഗല്‍ കൗണ്ടികളെയാകും ഏറ്റവുമധികം ബാധിക്കുകയെന്ന് മെറ്റ് ഏറാന്‍ മുന്നറിയിപ്പ് നല്‍കി..
രാജ്യത്തിന് 700ദശലക്ഷം യൂറോയുടെ നാശനഷ്ടങ്ങളെങ്കിലും പ്രതികൂല കാലാവസ്ഥ സൃഷ്ടിക്കാനിടയെന്ന് നാഷണല്‍ എമര്‍ജന്‍സി കോര്‍ഡിനേഷന്‍ കമ്മിറ്റി വിലയിരുത്തി.

ഇപ്പോള്‍ കിട്ടിയത് 
14.35 :കൗണ്ടി ടിപ്പററിയിലെ കാഹിര്‍ ബാലി ബ്രെഡോയില്‍ റോഡിലേയ്ക്ക് വീണ മരച്ചില്ലകള്‍ കോതി മാറ്റുന്നതിനിടയില്‍ ചെയിന്‍സോ കൊണ്ടുള്ള പരിക്കേറ്റ് മുപ്പത് വയസുകാരനായ യുവാവ് മരിച്ചു.ഇന്നുച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം ക്‌ളോണ്‍മലിലെ ആശുപത്രിയിലേയ്ക്ക് മാറ്റി.

Scroll To Top