Sunday April 23, 2017
Latest Updates

ഒന്ന് വെച്ചാല്‍ രണ്ട് ,രണ്ട് വെച്ചാല്‍ നാല് !,ആര്‍ക്കും സ്വന്തമാക്കാം..(വീട് വേണോ വീട് ?അയര്‍ലണ്ടില്‍ ഒരു വീട്: പരമ്പര ഭാഗം: 2 )

ഒന്ന് വെച്ചാല്‍ രണ്ട് ,രണ്ട് വെച്ചാല്‍ നാല് !,ആര്‍ക്കും സ്വന്തമാക്കാം..(വീട് വേണോ വീട് ?അയര്‍ലണ്ടില്‍ ഒരു വീട്: പരമ്പര ഭാഗം: 2 )

ജീവിക്കാന്‍ കൊള്ളാവുന്ന ഒരു നാടായാണ് അയര്‍ലണ്ട് അറിയപ്പെടുന്നത്.സോഷ്യലിസ്റ്റ്’ സ്വപ്നങ്ങളില്‍’ പോലും ലഭിക്കുന്നതിലും മെച്ചപ്പെട്ട ക്ഷേമപദ്ധതികളും,ആരോഗ്യ വിദ്യാഭ്യാസ പദ്ധതികളും വെള്ളം ചേര്‍ക്കാതെ നടപ്പാക്കാന്‍ സാമ്പത്തിക മാന്ദ്യകാലത്ത് പോലും ഈ നാടിന്റെ ഭരണാധികാരികള്‍ ശ്രദ്ധവെച്ചിരുന്നു.ലോകം ആദരിക്കുന്ന ജോര്‍ജ് ബര്‍ണാഡ് ഷായും ,ഓസ്‌കാര്‍ വൈല്‍ഡും, ഡബ്ല്യൂ ബി യീസ്റ്റും,ജയിംസ് ജോയ്‌സും മാത്രമല്ല ,സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സര്‍ഗസംഗീതം ആലപിച്ച നിരവധി ദേശാഭിമാനികളും അയര്‍ലണ്ടിന്റെ നവോത്ഥാന സംസ്‌കാരത്തിന് മാനവീകതയുടെ സുന്ദരമുഖം നല്‍കിയവരാണ്.ക്ഷാമകാലത്ത് അയര്‍ലണ്ട് വിട്ട് ഓടിപ്പോയവര്‍ ലോകോത്തരസംസ്‌കാരങ്ങളോട് ചേര്‍ന്നിട്ടും ഐറിഷ് പെരുമ പറയുകയും ,കാത്തു സൂക്ഷിക്കുകയും ചെയ്യുന്നത് ഈ നാടിന്റെ സംസ്‌കൃതിയില്‍ അവര്‍ക്കുള്ള അഭിമാനം കൊണ്ട് തന്നെ.

1984 മുതല്‍ 2007 വരെ 24വര്‍ഷക്കാലം തുടര്‍ച്ചയായി വളര്‍ച്ചയുടെ സൂചികകള്‍ മാത്രം ദൃശ്യമാക്കിയ ഐറിഷ് ഇക്കണോമി 2008 മുതല്‍ 2013 വരെയുള്ള കാലം ദുരിതക്കയത്തില്‍ മുങ്ങുകയായിരുന്നു.ലോകത്തിലെ ഏറ്റവുമധികം പ്രതിശീര്‍ഷവരുമാനവും,ക്രയശേഷിയും ഉണ്ടായിരുന്ന അയര്‍ലണ്ടിന്റെ പതനത്തിന് പ്രധാനമായും ഹേതുവായത് അശാസ്ത്രീയവും,ഊതി പെരുപ്പിച്ചതുമായ ഭവനനിര്‍മ്മാണ മേഖലയായിരുന്നു.

2008 ന്റെ രണ്ടാം പകുതിയില്‍ ഏതു കാരണത്താല്‍ തകര്‍ന്നുവോ അതെ ഭവനമേഖലയില്‍ നിന്നും വീണ്ടും വളര്‍ച്ച തുടങ്ങാനുള്ള ഗൃഹപാഠം ചെയ്യുകയാണ് ഐറിഷ് സര്‍ക്കാരിന്റെ സാമ്പത്തിക വിദഗ്ധര്‍ എന്നാണ് അവകാശവാദം .2013 സെപ്റ്റംബര്‍ മാസം വരെ അഞ്ചു വര്‍ഷക്കാലത്തോളം ഭവനവിപണി മന്ദഗതിയില്‍ ആയിരുന്നു.അയര്‍ലണ്ട് സാമ്പത്തിക തകര്‍ച്ചയില്‍നിന്നും കര കയറുകയാണ് എന്ന തോന്നലാലാണ് സെപ്റ്റംബര്‍ മുതല്‍ വിലയും വിപണിയും മുന്നേറാന്‍ കാരണമായത്.ഡിസംബറില്‍ ബെയില്‍ഔട്ടില്‍ നിന്നും അയര്‍ലണ്ട് ഒഴിവാക്കപ്പെട്ടതോടെ ആഴ്ചയില്‍ 3000 യൂറോ എന്ന കണക്കിലാണ് ഭവനവില വര്‍ദ്ധിച്ചതെന്നു ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നു.

എസ്‌റ്റേറ്റ്എജന്റുമാരും,ബാങ്കിന്റെയും,സോളിസിറ്റര്‍മാരുടെയുംഇടനിലക്കാരും,കൂലിക്കെഴുതുന്ന മാധ്യമങ്ങളും ഉണ്ടെങ്കില്‍ എന്തു വ്യാജ പ്രചരണവും ശരിയാക്കമെന്ന് ഭവനമേഖലയിലെ വിദഗ്ധര്‍ക്ക് നന്നായി അറിയാം!.2008 ന് മുന്‍പ് അവര്‍ അത് പരീക്ഷിച്ചതാണ്.ഇനിയും വലിയ വളര്‍ച്ച ഭവനമേഖലയില്‍ വരുമെന്ന് പ്രചരിപ്പിച്ച് അന്ന് ഉണ്ടായിരുന്ന പ്രൊപ്പര്‍ട്ടിയുടെ വില നിലവാരം ഇരട്ടിയാക്കി.വാടക നിരക്ക് കുത്തനെ വര്‍ദ്ധിച്ചു.ഭയശങ്കയില്‍ ആണ്ടുപോയ ഒരു വിഭാഗം ഉള്ള സമ്പാദ്യം ഒക്കെ വാരിക്കൂട്ടി വീടുകള്‍ വാങ്ങിച്ചു.പണം ഇല്ലാത്തവര്‍ക്ക് നാമമാത്ര പലിശയ്ക്ക് ബാങ്കുകള്‍ പണം കൊടുത്തു.

വെറും 24 മണിക്കൂറുകള്‍ക്കുള്ളില്‍ അഞ്ച് ലക്ഷം യൂറോവരെ മോര്‍ട്ട്‌ഗേജ് സാങ്ഷന്‍ കിട്ടിയവരില്‍ നിരവധി മലയാളികളും ഉണ്ടായിരുന്നു.തദ്ദേശിയരാവട്ടെ ഭവനവായ്പയായി വാങ്ങിയത് ചുരുങ്ങിയത് എട്ടുലക്ഷം യൂറോയായിരുന്നു എന്നാണ് കണക്ക്.

ഒന്ന് വെച്ചാല്‍ രണ്ടു കിട്ടും ,രണ്ടു വെച്ചാല്‍ നാല് കിട്ടും എന്ന് ഉത്സവപറമ്പിലെ ‘കിലുക്കികുത്തുകാരന്‍ വിളിച്ചുപറയുംപോലെ പത്രങ്ങളില്‍ അവര്‍ പരസ്യംചെയ്തു.വാടകവീട്ടില്‍ സമാധാനമായിരുന്നവരെ ബാങ്കുകാര്‍ ഉത്സാഹപൂര്‍വ്വം വിളിച്ചു വരുത്തി ലോണ്‍ കൊടുത്തു. പിന്നെടെന്തുണ്ടായി എന്നത് നാം അനുഭവിച്ചതാണ്.ഭവനമേഖലയിലെ തട്ടിപ്പുകാരും ,ബാങ്കിംഗ് മേഖലയിലെ രാജ്യദ്രോഹികളും ചേര്‍ന്ന് അയര്‍ലണ്ട് എന്ന അന്തസുള്ള രാജ്യത്തെ യൂറോപ്പ്യന്‍ യൂണിയന്റെ പാണ്ടകശാലയില്‍ പണയം വെച്ചു.

ശമ്പളവും പെന്‍ഷനും വെട്ടിച്ചുരുക്കിയും,പൊതുചിലവുകള്‍ കുറച്ചും ,ചൈല്‍ഡ് ബെനഫിറ്റും,ആശുപത്രിചിലവും പോലും ഗണ്യമായി ഒഴിവാക്കിയും ഐറിഷ് ജനത വര്‍ഷങ്ങള്‍ കൊണ്ട് യൂറോപ്യന്‍ യൂനിയനുള്ള കടബാധ്യത കുറച്ചെടുത്ത പ്രഖ്യാപനം വരും മുന്‍പേ മൂഷിക സ്ത്രീ വീണ്ടും മൂഷികസ്ത്രീയായ കാഴ്ച്ചയാണ് നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.ffff


കഴിഞ്ഞ ആറു മാസമായി ഭവന മേഖലയില്‍ ഉണ്ടായിട്ടുള്ള പ്രതിസന്ധി കെട്ടിചമച്ചതാണെന്ന് അല്പ്പമെങ്കിലും ചിന്തിക്കുന്നവര്‍ക്ക് മനസിലാക്കാവുന്നതെയുള്ളൂ.സര്‍ക്കാര്‍ ഏജന്‍സിയായ നാമ ആയിരക്കണക്കിന് വീടുകളാണ് വിദേശകുത്തകകള്‍ക്ക് മുന്‍പില്‍ വില്‍പ്പനയ്ക്കായി ടെണ്ടറിന് വെച്ചിരിക്കുന്നത്.വീട്ടുവാടകയും ,വീട് വിലയും കുറഞ്ഞത് കൊണ്ട് ഒരു വിഭാഗം വീട്ടുടമകള്‍ കെട്ടിടം വാടകയക്ക് കൊടുക്കാതെയോ ,വില്‍ക്കാതെയോ വന്നതും ഭവനമേഖലയില്‍ സപ്ലെ കുറച്ചു.

ഈ അവസരം നോക്കി രംഗത്തിറങ്ങിയ റിയല്‍ എസ്‌റ്റേറ്റ് ബാങ്കിംഗ് മാഫിയ അരങ്ങുവാഴുന്ന കാഴ്ചയാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ കാണുന്നത്.ശുദ്ധാത്മാക്കളായ ചില സന്നദ്ധ സംഘടനക്കാരെയും അവര്‍ തന്ത്രപൂര്‍വ്വം വലയിലാക്കിയിട്ടുണ്ട്.പ്രശ്ചന്നവേഷധാരികളായ ‘ഹോം ലെസ്സ് ‘പീപ്പിളിനെയും നാം ഇവിടെ കണ്ടെന്ന് വരാമെന്ന് ഒരു കൂട്ടം പ്രമുഖ സാമൂഹ്യപ്രവര്‍ത്തകര്‍ സൂചന നല്‍കുന്നുണ്ട്.

90 % വായ്പയും ബാങ്ക് ഡിപ്പോസിറ്റ് തുകയുടെ 60 % വരെയും സര്‍ക്കാര്‍ വിഹിതവും ചേര്‍ത്ത് വീട് വാങ്ങാന്‍ തിരക്ക് കൂട്ടുന്നവര്‍ രണ്ട് വട്ടം ആലോചിക്കുന്നത് നന്നായിരിക്കും.ചുരുങ്ങിയത് ഒരു വര്‍ഷക്കാലമെങ്കിലും വീട് വില ഉയരുന്ന ട്രെന്റ് കാണുന്നുവെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പ്രവചിക്കുന്നത്.മുന്‍പ് ഒരു ശതമാനത്തില്‍ താഴെയായിരുന്ന പലിശനിരക്ക് അഞ്ചു ശതമാനത്തോടടുക്കുന്നു.പ്രചാരണ കോലാഹലങ്ങള്‍ തുടങ്ങിയിട്ടേയുള്ളൂ.യൂറോ മില്യന്‍ അടിക്കുന്നതിനേക്കാള്‍ ഭാഗ്യമാണ് സര്‍ക്കാര്‍ പുതിയ ഏര്‍പ്പെടുത്തിയ ഭവനപദ്ധതിയെന്നും വില കൂടുന്നതിന് മുന്‍പേ വീട് വാങ്ങി സമാധാനമായി ജീവിക്കണമെന്നുമാണ് റിയല്‍ എസ്‌റ്റേറ്റ് ലോബിയുടെ പരസ്യക്കാര്‍ പറയുന്നത് 

തിരിച്ചു കേരളത്തിലേയ്ക്ക് പോകാമെന്നുള്ള ഉദ്ദേശ്യം അയര്‍ലണ്ടിലെ മലയാളികളില്‍ ഭൂരിഭാഗവും താല്‍കാലികമായെങ്കിലും മാറ്റിവെച്ചു കഴിഞ്ഞു. ഇവിടെ ഇപ്പോഴുള്ള മലയാളികളില്‍ മിക്കവര്‍ക്കും ശരാശരി 20 വര്‍ഷം കൂടിയെങ്കിലും ഇവിടെ സര്‍വീസില്‍ തുടരാവുന്നവരാണ്.അതുകൊണ്ട് തന്നെ അയര്‍ലണ്ടില്‍ വീടുകള്‍ വാങ്ങാന്‍ തയാറെടുക്കുകയാണ് മിക്ക മലയാളി കുടുംബങ്ങളും.റിസഷന്റെ പേരില്‍ ശമ്പളവും,ആനുകൂല്യങ്ങളും കുറഞ്ഞുവെങ്കിലും മോര്‍ട്ട്‌ഗേജിനെക്കാള്‍ കൂടുതല്‍ വീട്ടുവാടക കൊടുക്കുകയെന്നത് ബുദ്ധിപരമായ നീക്കമല്ലതാനും.ഒട്ടേറെ പേര്‍ മോര്‍ട്ട്‌ഗേജും ,വീടും അന്വേഷിച്ചു തുടങ്ങിയപ്പോഴാണ് നിലവില്‍ വില കുതിച്ചു കയറുന്നത്.ഗ്രാമ മേഖലയില്‍ പോലും ആര്‍ക്കും വേണ്ടാതെ കിടന്ന വീടുകള്‍ പൊന്നും വിലയ്ക്ക് കച്ചവടമാകുന്ന കാഴ്ചയാണെങ്ങും.

സര്‍ക്കാരിന്റെയും എസ്‌റ്റേറ്റ് മാഫിയയുടെയും മോഹവലയത്തില്‍പ്പെട്ട് എടുത്തു ചാടുന്നവര്‍ വഞ്ചിതരാവാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുമ്പോള്‍,ഭവന വിപണിയില്‍ നിന്നും മാറി നില്‍ക്കുന്നതാവും ബുദ്ധിപരമായ നീക്കം.

ഷ്ട്ടപ്പെട്ട ഒരു വീട് കണ്ടെത്തുക എന്നത് ഡബ്ലിന്‍ പോലെ ഒരു നഗരത്തില്‍ ഏറെ പ്രയാസമുള്ള കാര്യമാണ്.നഗരത്തെ അത്ര പരിചയമുള്ളവരല്ല കുടിയേറ്റക്കാരില്‍ അധികവും.ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് അടുത്തായി,അഥവാ വില കുറവുണ്ടെന്ന് മറ്റുള്ളവര്‍ പറഞ്ഞറിയുന്ന സ്ഥലങ്ങളിലാണ് മലയാളികള്‍ വീട് അന്വേഷിക്കുന്നത്.

എന്നാല്‍ ഇഷ്ട്ടപെടുന്ന തരത്തില്‍ ഒരു വീട് കണ്ടെത്തണമെങ്കില്‍ കാത്തിരിക്കണമെന്നാണ് ഡബ്ലിനിലെ ഫിംഗ്ലസില്‍ വീട് വാങ്ങി താമസിക്കുന്ന സംഗീതപ്രതിഭ കൂടിയായ ബിനു കെ പി പറയുന്നത്.വീട് തേടിയുള്ള അന്വേഷണം ബിനുവും ഭാര്യ ജസ്റ്റീനയും ആരംഭിച്ചത് നാല് വര്‍ഷം മുന്‍പാണ്.ലോണ്‍ എടുക്കാതെ വലിയ ഒരു തുക കണ്ടെത്താന്‍ ആവില്ലായിരുന്നു.പക്ഷേ ബാങ്കുകാരെ തേടി പോകുന്നതിനു മുന്‍പ് തന്നെ രണ്ടുപേരും ചേര്‍ന്ന് പോയത് നല്ല ഒരു മോര്‍ട്ട്‌ഗേജ് ഏജന്‍സിയുടെ അടുക്കലേയ്ക്കായിരുന്നു.,

അവരുടെ മുന്‍പില്‍ മനസ് തുറന്നു.സങ്കല്‍പ്പത്തിലുള്ള ഒരു വീടിനെക്കുറിച്ചുള്ള എല്ലാ സ്വപ്നങ്ങളും തുറന്നു പറഞ്ഞു.

ബിനു ,ജീസസ് യൂത്ത് എന്ന യുവജനപ്രസ്ഥാനത്തിന്റെ അയര്‍ലണ്ടിലെ നേതൃനിരയില്‍ പെട്ട ഒരാളായതിനാല്‍ എപ്പോഴും സന്ദര്‍ശകരുണ്ടാവും.ഡബ്ലിന്‍ നഗരത്തില്‍ നിന്നുമകലെ താമസിക്കുന്ന ജീസസ് യൂത്തിന്റെ പ്രവര്‍ത്തകര്‍,അവരുടെ പരിചയക്കാര്‍ അങ്ങനെ ഒത്തിരിപ്പേര്‍ ഡബ്ലിനില്‍ എത്തുമ്പോള്‍ ഉള്ള ‘ഏറ്റവും അടുത്ത ഒരു പരിചയക്കാരന്‍’എന്ന നിലയില്‍ താമസിക്കാന്‍ ബിനുവിന്റെ വീട്  പ്രയോജന  പ്പെടുത്തിയിരുന്നു.ചിലപ്പോള്‍ രണ്ടോ മൂന്നോ ഫാമിലി വരെ.അവരെയൊക്കെ സന്തോഷത്തോടെ സ്വീകരിച്ച ദമ്പതികള്‍ക്ക് മുന്‍പ് താമസിച്ചിരുന്ന രണ്ട് ബെഡ് റൂം ഫ്‌ലാറ്റ് പോരെന്ന് തോന്നിയപ്പോഴാണ് പുതിയ വീട് അന്വേഷണം തുടങ്ങിയത്.

പിന്നെ സംഗീത പഠനത്തിന് എത്തുന്ന കുട്ടികള്‍,അവര്‍ പഠിക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക് വിശ്രമിക്കാന്‍ ഒരിടം അതൊക്കെ മനസ്സില്‍ കണ്ടായിരുന്നു അവതരണം.

ഒരു നാല് ബെഡ് റൂം വീട്,ചുരുങ്ങിയത് മൂന്ന് ബാത്ത് റൂം,(അതിശയിക്കേണ്ട ..ഇവര്‍ക്ക് മൂന്ന് മക്കളാണ് ,വീട് വാങ്ങുമ്പോള്‍ മക്കളുടെ എണ്ണവും ആദ്യമേ കരുതലില്‍ എടുത്തു !)കുട്ടിക്കള്‍ക്ക് ഓടി കളിക്കാന്‍ ഇത്തിരി മോശമല്ലാത്ത സ്ഥലം,പിന്നെ പാര്‍ക്കിംഗ് ..അതൊരു പത്ത് കാറുകള്‍ക്കെങ്കിലും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം വേണം.(അതിഥികളുടെയും ചേര്‍ത്ത്) ,ഒരു വലിയ അടുക്കള ….

മനസിലുള്ള ബജറ്റും തുറന്നു പറഞ്ഞു.ഇപ്പോള്‍ 1100 യൂറോ വാടക കൊടുക്കുന്നുണ്ട്..അതിനേക്കാള്‍ കൂടരുത് പ്രതിമാസ തിരിച്ചടവ്.

ബിനുവും ജസ്റ്റീനയും പറഞ്ഞു നിര്‍ത്തിയപ്പോള്‍ മോര്‍ട്ട്‌ഗേജ് എജന്റ്‌റിന് മറുപടി പറയാന്‍ ആലോചിക്കേണ്ടി വന്നില്ല.

‘നിങ്ങളുടെ ആഗ്രഹം ഒക്കെ നല്ലത് തന്നെ, നിങ്ങള്‍ പറഞ്ഞ തിരിച്ചടവ് സംഖ്യയില്‍,ഇത്ര സൗകര്യങ്ങള്‍ ഉള്ള ഒരു വീട് ഇപ്പോള്‍ ഡബ്ലിന്‍ നഗരത്തില്‍ ഒരിടത്തും കിട്ടില്ല.ഇനി എന്തെങ്കിലും വരുകയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങളെ അറിയിക്കാം.

‘ഞങ്ങള്‍ ആഗ്രഹം ഒക്കെ അറിയിച്ചു തിരികെ പോന്നു.ബിനു പറയുന്നു.’അന്ന് മുതല്‍ ഞങ്ങള്‍ കുടുംബം ഒന്നാകെ മുട്ടിന്‍മേല്‍ നിന്ന് എല്ലാ ദിവസവും ദൈവസന്നിധിയിലും ഞങ്ങളുടെ ആഗ്രഹം അറിയിച്ചു കൊണ്ടിരുന്നു’.കുറെനാളത്തെ കാത്തിരിപ്പിന് ശേഷം ഒരുദിവസം അപ്രതീക്ഷിതമായി മോര്‍ട്ട്‌ഗേജ് എജന്റ്‌റ് വിളിച്ചു ‘നിങ്ങളുടെ ഭാവനയ്‌ക്കൊത്ത ഒരു വീട് ശരിയായിട്ടുണ്ട്.വന്ന് കാണുക.

ഞങ്ങള്‍ ചെന്ന് നോക്കി ..നാല് ബെഡ് റൂം പറഞ്ഞിടത്ത് അഞ്ച് ബെഡ് റൂം,കുട്ടികള്‍ക്ക് ഓടിക്കളിക്കാന്‍ ഏഴു സെന്റോളം വരുന്ന ബാക്ക് യാര്‍ഡ്,പത്ത് കാറുകള്‍ക്ക് എങ്കിലും പാര്‍ക്കിംഗ് സൗകര്യം വേണ്ടിയിരുന്ന സ്ഥാനത്ത് അഞ്ചിരട്ടിയെങ്കിലും ഗസ്റ്റ് പാര്‍ക്കിംഗിനുള്ള സൗകര്യം,ഒന്നിന് പകരം രണ്ടു വലിയ അടുക്കള !

ഡിപ്പോസിറ്റ് മണിയ്ക്കായി സുഹൃത്തുക്കള്‍ ഒക്കെ സഹായിച്ചു.മൂന്നോ നാലോ ദിവസം കൊണ്ട് കച്ചവടം ഉറപ്പിക്കുമ്പോള്‍ വാടകയിനത്തിലും ലാഭം.1100 യൂറോ വാടക കൊടുത്തിരുന്ന സ്ഥലത്ത് വെറും 850 യൂറോയുടെ പ്രതിമാസ തിരിച്ചടവ്.അതിലും മോര്‍ട്ടഗേജ് ഇന്‍കം സപ്ലിമെന്റായി 45 യൂറോയോളം ഇളവ് .

ഡബ്ലിന്‍ നഗരത്തില്‍ താമസിക്കുന്നവര്‍ക്ക് എല്ലാവര്‍ക്കും അവര്‍ക്കിഷ്ട്ടപ്പെട്ട രീതിയിലുള്ള വീടുകള്‍ തന്നെ കണ്ടെത്താനാവും എന്നാണു ബിനുവിന്റെ അഭിപ്രായം. കൃത്യമായ ഏജന്‍സിയെ കണ്ടെത്താനും കാത്തിരിക്കാനും തയാറാകുക എന്നതാണ് പ്രധാനം.

ഐറിഷ്ഭവനവിപണിയില്‍ നാം പ്രവേശിക്കുമ്പോള്‍ മറ്റെന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് ?അതേക്കുറിച്ച് അനുഭവസ്ഥര്‍ എന്താണ് പറയുന്നത് എന്ന് നോക്കാം അടുത്ത ദിവസം (തുടരും ) 

-റെജി സി ജേക്കബ്

Scroll To Top