Sunday December 17, 2017
Latest Updates

ഒടുവില്‍, 13 ബില്ല്യണ്‍ യൂറോ അയര്‍ലണ്ടിന് നല്‍കാമെന്ന് സമ്മതിച്ച് ആപ്പിള്‍

ഒടുവില്‍, 13 ബില്ല്യണ്‍ യൂറോ അയര്‍ലണ്ടിന് നല്‍കാമെന്ന് സമ്മതിച്ച് ആപ്പിള്‍

ഡബ്ലിന്‍ :അനിശ്ചിതത്വത്തിന് വിരാമമിട്ട് ക്രമവിരുദ്ധമായി നേടിയ 13ബില്ല്യണ്‍ യൂറോയുടെ നികുതിപ്പണം തിരികെ നല്‍കാമെന്ന് ആപ്പിള്‍ സമ്മതിച്ചു.2018 ലെ ആദ്യ പാദത്തില്‍ പണം എസ്‌ക്രോ അക്കൗണ്ടിലേക്ക് എത്തുമെന്ന് ധനകാര്യമന്ത്രി പാസ്ചല്‍ ഡോണാ പറഞ്ഞു.യൂറോപ്യന്‍ യൂണിയന്‍ കോംപെറ്റിഷന്‍ കമ്മീഷണര്‍ മര്‍ഗ്റക്ടെ വെസ്റ്റാഗറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്.

‘എസ്‌ക്രോ ഫണ്ടിന്റെ തത്വങ്ങളും പ്രവര്‍ത്തനവും സംബന്ധിച്ച് ആപ്പിളുമായി കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്.അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ ആപ്പിളില്‍ നിന്ന് പണം ഈടാക്കി തുടങ്ങും.മാര്‍ച്ച് അവസാനത്തോടെ അക്കൗണ്ട് പ്രവര്‍ത്തിച്ചുതുടങ്ങുമെന്നാണ് കരുതുന്നത്.

അയര്‍ലണ്ടില്‍ നിന്നും നിയമവിരുദ്ധമായി കൈപ്പറ്റിയ ടാക്സ് ഇന്‍സെന്റീവുകളുടെ പേരിലാണ് 13ബില്ല്യണ്‍ യൂറോ തിരികെ അടയ്ക്കുന്നത്.തുക തിരിച്ചയ്ക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ഉത്തരവിട്ട് ഒരു വര്‍ഷത്തിനു ശേഷമാണ് ആപ്പിള്‍ പണം നല്‍കാന്‍ തയ്യാറായത്.ഇതുസംബന്ധിച്ച് അയര്‍ലണ്ടിന്റെ കേസ് യൂറോപ്യന്‍ കോടതിയിലെത്തിയതിനെ തുടര്‍ന്നാണ് മെല്ലെപ്പോക്ക് അവസാനിപ്പിച്ച് പണം നല്‍കാന്‍ ആഗേള ഭീമന്‍ തീരുമാനിച്ചത്.

അയര്‍ലണ്ടിന് ഇനി ഒരു നിക്ഷേപ മാനേജരെയും അക്കൗണ്ട് കസ്റ്റോഡിയനെയും നിയമിക്കേണ്ടതുണ്ട്. രണ്ട് നിയമനങ്ങളും അടുത്ത മാസം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നികുതിപ്പണം തിരികെ അടയ്ക്കണമെന്ന ഉത്തരവിനെതിരെ ആപ്പിളും കോടതിയെ സമീപിച്ചിരുന്നു.എന്നാല്‍ കോടതിയില്‍ നിന്നും അനുകൂല വിധിയുണ്ടാകില്ലെന്നു കണ്ടതിനെ തുടര്‍ന്നാണ് ആപ്പിള്‍ പിടിവാശി ഉപേക്ഷിച്ച് പണം നല്‍കാന്‍ തയ്യാറായതെന്നാണ് സൂചന.

Scroll To Top