Monday February 27, 2017
Latest Updates

ഒടുവില്‍ ഗാര്‍ഡയും എച്ച് എസ് ഇ യും സമ്മതിക്കുന്നു ! ‘അബദ്ധം പറ്റി പോയി .’..

ഒടുവില്‍ ഗാര്‍ഡയും എച്ച് എസ് ഇ യും സമ്മതിക്കുന്നു ! ‘അബദ്ധം പറ്റി പോയി .’..

ഡബ്ലിന്‍ :റോമ കുടുംബത്തിലെ ഏഴുവയസ്സുകാരി പെണ്‍കുട്ടിയെ എച്ച്എസ്ഇ ഏറ്റെടുക്കാന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു.വേണ്ടത്ര അന്വേഷണം നടത്താതെ തികച്ചും തെറ്റിദ്ധാരണയുടെ പേരിലാണ് അധികൃതര്‍ക്ക് കുട്ടിയെ ഏറ്റെടുക്കേണ്ടി വന്നതെന്ന പരസ്യമായ വെളിപ്പെടുത്തലാണ് ചൈല്‍ഡ് കെയര്‍ ലോ റിപ്പോര്‍ടിംഗ് പ്രൊജക്റ്റ് വഴി (സിസിഎല്‍ആര്‍പി) ആണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കുട്ടിയെ പിടിച്ചെടുത്തതിനു ശേഷവും ഏതാനം ദിവസം ഗാര്‍ഡയും എച്ച് എസ് ഇ യും കുട്ടിയെ വിട്ടുകൊടുക്കാതെ കടുംപിടുത്തം പിടിയ്ക്കുകയായിരുന്നു.

താലയിലെ റോമന്‍ കുടുംബത്തില്‍ നിന്ന് ചെമ്പന്‍ തലമുടിയും നീലക്കണ്ണുകളുമുള്ള ഏഴുവയസ്സുകാരി പെണ്‍കുട്ടിയെ ഗാര്‍ഡയുടെ സഹായത്തോടെ എച്ച്എസ്ഇ ഏറ്റെടുക്കാന്‍ ശ്രമിച്ചത് വന്‍ വിവാദമായിരുന്നു. കുട്ടി ഈ റോമന്‍ ദമ്പതികളുടേതല്ലെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് അതേ ആരോപണം ഉന്നയിച്ചാണ് കുട്ടിയെ ഏറ്റെടുക്കാന്‍ ഗാര്‍ഡ ശ്രമിച്ചത്.

ഇതേപോലെ ഒരു കേസ് ഗ്രീസില്‍ കൂടി സംഭവിച്ചപ്പോള്‍ താലയിലെ കുട്ടിയുടെ വാര്‍ത്ത അന്താരാഷ്ട്രമാധ്യമങ്ങളും ഏറ്റെടുത്തിരുന്നു.
റോമന്‍ സമൂഹത്തിനു നേരെ നടക്കുന്ന വംശീയ ആക്രമമായാണ് കമ്മ്യൂണിറ്റി സംഘടനകള്‍ ഈ പ്രവര്‍ത്തനത്തെ വിലയിരുത്തിയത്.

സിസിഎല്‍ആര്‍പി റിപ്പോര്‍ട്ട് അനുസരിച്ച് ഇതുവരെയായി രണ്ടോളം വിചാരണകളാണ് ഈ കേസുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളത്. എമര്‍ജന്‍സി കെയര്‍ ഓര്‍ഡര്‍ നേടുന്നതിനായി എച്ച്എസ്ഇ കോടതിയെ സമീപിച്ചപ്പോഴും നിരപരാധിത്വം തെളിയിക്കാനായി രക്ഷിതാക്കള്‍ ഡിഎന്‍എ ടെസ്റ്റ് സമര്‍പ്പിച്ചപ്പോഴുമാണ് വിചാരണകള്‍ നടന്നത്. ഡിഎന്‍എ ടെസ്റ്റില്‍ കുട്ടി അതേ കുടുംബത്തിലേതാണെന്ന് വ്യക്തമാവുകയും തുടര്‍ന്ന് കുട്ടിയെ രക്ഷിതാക്കളുടെ കൂടെ പറഞ്ഞുവിടുകയും ചെയ്തിരുന്നു.

അപരിചിതനായ ആള്‍ നല്‍കിയ ഫോണ്‍ സന്ദേശമാണ് ഇവരെ നിരീക്ഷിക്കുന്നതിന് കാരണമായതെന്നും കുട്ടി ഇവരുടേതല്ലെന്ന സംശയത്തില്‍ ഏറ്റെടുക്കുകയായിരുന്നുവെന്നും ഗാര്‍ഡ കോടതിയെ അറിയിച്ചിരുന്നു.

ഇപ്പോള്‍ 18 വയസ്സുള്ള മറ്റോരു കുട്ടിയെക്കുറിച്ച് സംശയം വന്നതിനാല്‍ ഇതേ കുടുംബത്തിലെ വേറെ അംഗങ്ങളെയും മൂന്നുനാലു വര്‍ഷങ്ങള്‍ക്കുമുന്‍പ് ചോദ്യംചെയ്യേണ്ടിവന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ടെന്നും ഗാര്‍ഡ അറിയിച്ചിരുന്നു. പിന്നീട് 2012ല്‍ വീണ്ടും ഇവരുടെ കുടുംബം സോഷ്യല്‍ വര്‍ക്കര്‍മാരുടെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തിരുന്നു.

ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചതിന്റെ പേരില്‍ കുഞ്ഞിന്റെ അച്ഛന്റെ പേരിലും മോഷണശ്രമത്തിന്റെ പേരില്‍ കുഞ്ഞിന്റെ അമ്മയുടെ പേരിലും കേസുകള്‍ ഉണ്ടായിട്ടുണ്ടെന്നും അതിനാലാണ് സംശയം വര്‍ദ്ധിച്ചതെന്നും ഗാര്‍ഡ വ്യക്തമാക്കി. കുടുംബം ഹാജരാക്കിയ രേഖകള്‍ നോക്കി കുട്ടി അവരുടേതാണെന്ന് വിശ്വസിക്കാന്‍ സാധിച്ചില്ലെന്നും ഗാര്‍ഡ പറഞ്ഞു.

തങ്ങള്‍ ലോക്കല്‍ ഏരിയകളിലെ ഇമിഗ്രന്റ് കമ്മ്യൂണിറ്റിയുമായി സഹകരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും ഗാര്‍ഡ വ്യക്തമാക്കി. കുഞ്ഞിനെ ഏറ്റെടുത്ത അവസരത്തില്‍ തന്നെ കുഞ്ഞ് ആ കുടുംബവുമായി വളരെ അടുപ്പത്തിലാണെന്ന് മനസിലായിരുന്നുവെന്നും എന്നാല്‍ കുഞ്ഞിന്റെ സംരക്ഷണം ഉറപ്പുവരുത്തുക മാത്രമായിരുന്നു തങ്ങള്‍ ഉദ്ദേശിച്ചതെന്നും ഗാര്‍ഡ അറിയിച്ചു.

കുട്ടി കാഴ്ച്ചയില്‍ ഒരു റോമന്‍ കുടുംബത്തില്‍ ഉള്ളതല്ലെന്നുള്ള സംശയം ബലപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഗാര്‍ഡയും എച്ച്എസ്ഇയും കുട്ടിയെ ഏറ്റെടുക്കാന്‍ ഒരുങ്ങിയത്. കുട്ടി നിങ്ങളുടേതുതന്നെയാണോ എന്ന് മറ്റാരെങ്കിലും ഇതിനുമുന്‍പ് സംശയം ചോദിച്ചിരുന്നോ എന്ന് എച്ച്എസ്ഇ ബാരിസ്റ്റര്‍ കുട്ടിയുടെ അമ്മയോട് ചോദിച്ചിരുന്നു. എന്നാല്‍ കുഞ്ഞിനെക്കണ്ടപ്പോള്‍ അവളിത്ര സുന്ദരിയാണോ എന്ന് അത്ഭുതപ്പെട്ടതല്ലാതെ ആരും തന്നെ അവള്‍ തന്റെ മകളല്ലെന്നു പറഞ്ഞിട്ടില്ലെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.

ആദ്യത്തെ വിചാരണയ്ക്കുശേഷം കുട്ടി കെയര്‍ യൂനിറ്റിലേക്ക് തന്നെ അയക്കപ്പെടുകയായിരുന്നു. എന്നാല്‍ ഡിഎന്‍എ ടെസ്റ്റിന്റെ ഫലം വന്നതോടെ കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം പോകാന്‍ കോടതി അനുവദിച്ചിരുന്നു
.

Scroll To Top