Sunday February 26, 2017
Latest Updates

ഐ മണ്ഡല അവതരിപ്പിക്കുന്ന ‘നാഗമണ്ഡല’ നാടകം അരങ്ങേറ്റം ജൂണ്‍ 21 ന് താലാ സിവിക് തീയറ്ററില്‍

ഐ മണ്ഡല അവതരിപ്പിക്കുന്ന ‘നാഗമണ്ഡല’ നാടകം അരങ്ങേറ്റം ജൂണ്‍ 21 ന് താലാ സിവിക് തീയറ്ററില്‍

ഡബ്ലിന്‍ :പ്രശസ്ത നാടകകൃത്ത് ഗിരീഷ് കര്‍ണാടിന്റെ ഭാവനയില്‍ വിരിഞ്ഞ് ഇന്ത്യന്‍ നാടക രംഗത്ത് സജീവമായി മാറിക്കൊണ്ടിരിക്കുന്ന യുവ സംവിധായകനും നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നുള്ള ബഹുമുഖ പ്രതിഭയുമായ ടി എന്‍ കുമാരദാസ് സംവിധാനം നിര്‍വഹിച്ച് ഐ മണ്ഡല തീയറ്റര്‍ ഗ്രൂപ്പ് അയര്‍ലണ്ട് അവതരിപ്പിക്കുന്ന നാടകം ജൂണ്‍ 21 ശനിയാഴ്ച 8 മണിക്ക് താലയിലെ സിവിക് തീയറ്ററില്‍ അരങ്ങേറുന്നു. 

പ്രതിഷ്ഠ പോലും അറിയാത്ത വിധം തകര്‍ന്നു പോയ അമ്പലനടയില്‍ അടയാത്ത കണ്ണുകളുമായി രാത്രിയെ തോല്‍പ്പിക്കാന്‍ ഇരിക്കുന്ന ഒരു മനുഷ്യന് കൂട്ടായി എത്തുന്ന ദീപങ്ങള്‍ അവരുടെ അനുഭവങ്ങള്‍ പങ്കു വയ്ക്കുന്നതിലൂടെ കഥ തുടങ്ങുകയായി.

അനേകം പ്രശസ്തരുടെ നാടകങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സിവിക് തീയറ്ററില്‍
കഥ പറയാന്‍ എത്തുന്ന ദീപങ്ങള്‍ തെളിയുമ്പോള്‍ അന്ധകാരത്തെ അകറ്റി നിര്‍ത്തുന്ന
ഒരു നാടക സന്ധ്യയ്ക്ക് പുറമെ അയര്‍ലണ്ടില്‍ മികച്ച കലാപ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ചിട്ടും ,അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ ലഭിക്കാതെ
അന്ധകാരത്തില്‍ തുടരുന്ന ഒരു കലാസമൂഹത്തിന്റെ 
വെളിച്ചത്തിലേക്കുള്ള പ്രയാണത്തിന്റെ ആരംഭം കൂടിയാകും ഈ നാടകം.


അയര്‍ലണ്ടിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത തീയറ്റര്‍ ഗ്രൂപ്പാണ് ഐ മണ്ഡല. ഐ മണ്ഡലയുടെ അരങ്ങേറ്റ നാടകമാണ് ഇത്. 

കേരളത്തില്‍ നിന്ന് നാടക പ്രവര്‍ത്തനം ആരംഭിച്ച് നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് തീയറ്റര്‍ ടെക്‌നിക് ആന്‍ഡ് ഡിസൈനില്‍ ബിരുദം നേടിയ കുമാരദാസാണ് നാടകം സംവിധാനം ചെയ്യുന്നത്. നിരവധി ദേശീയ അന്തര്‍ ദേശീയ നാടക മത്സരങ്ങളില്‍ അംഗീകാരം ലഭിച്ചിട്ടുള്ള സംവിധായകനാണ് കുമാരദാസ്. 

2011 ല്‍ ചെക്ക് റിപബ്ലിക്കിലും 2012 ല്‍ ചൈനയിലും നടന്ന അന്താരാഷ്ട്ര നാടക സെമിനാറുകളില്‍ കുമാരദാസ് പങ്കെടുത്തിട്ടുണ്ട്. കൂടാതെ നിരവധി അന്താരാഷ്ട്ര നാടക ഫെസ്റ്റിവലുകളിലും കുമാരദാസ് പങ്കെടുത്തിട്ടുണ്ട്. ട്രോജന്‍ വുമണ്‍ എ ലൗവ് സ്‌റ്റോറി തുടങ്ങിയ നാടകങ്ങളിലൂടെ അദ്ദേഹം ശ്രദ്ധേയനായി.

അയര്‍ലണ്ടില്‍ കലാപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇന്ത്യക്കാരുടെ കൂട്ടായ്മയില്‍ പിറന്ന
ഐ മണ്ഡല തീയറ്റര്‍ ഗ്രൂപ്പിന്റെ ഉദ്ദേശം,
ഇന്ത്യയുടെ ധനികമായ കലാസംസ്‌കാരം തദ്ദേശീയരെ അവരുടെ ഭാഷയില്‍ പരിചയപ്പെടുത്തുകയും
ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ചുളള അവബോധം സൃഷ്ടിക്കുകയും ഇന്ത്യയെ അറിയാനുള്ള താല്‍പ്പര്യം ജനിപ്പിക്കുകയും, അതുവഴി വ്യത്യസ്ത സംസ്‌കാരങ്ങള്‍ തമ്മിലുള്ള ഒരു സംയോജനവുമാണ്.

UAE Poster (1)തുടിയുടെയും ചെണ്ടയുടേയും മറ്റ് വാദ്യോപകരണങ്ങളുടെയും താളക്കൊഴുപ്പില്‍ നിന്നും ഒരു ഊര്‍ജ്ജമുണ്ടാകും.
അത് നടന്മാരുടെ സിരകളില്‍ സ്പന്ദനമാകും.
നാഗവും മനുഷ്യനും ആ സ്പന്ദനത്തിന്റെ ഭാഗമായി നടനമാടുമ്പോള്‍
പ്രഭാതത്തിനായി കാത്തിരിക്കുന്ന ഒരു മനുഷ്യന് കൂട്ടായി ഇമവെട്ടാതെ നമുക്കും നാഗമണ്ഡലയുടെ പങ്കാളിയാകാം.

സൌത്ത് ഡബ്ലിന്‍ കൌണ്ടി കൌണ്‍സിലിന്റെ സഹകരണത്തോടെ അവതരിപ്പിക്കുന്ന ഈ നാടകം പൂര്‍ണ്ണമായും ഇംഗ്ലീഷിലാണ് അവതരിപ്പിക്കുന്നത്. പ്രവേശന ടിക്കറ്റ് 15 യൂറോയാണ്. വിദ്യാര്‍ത്ഥികള്‍ക്കും പ്രായമായവര്‍ക്കും കണ്‍സഷന്‍ ടിക്കറ്റ് 12 യൂറോയാണ്. സാങ്കേതിക കാരണങ്ങളാല്‍ 12 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം അനുവദനീയമല്ല. ടിക്കറ്റുകള്‍  http://www.civictheatre.ie/index.php/advisor/BS0614  എന്ന സൈറ്റില്‍ ലഭ്യമാണ്.

വാര്‍ത്ത:വിപിന്‍ചന്ദ്‌

Scroll To Top