Friday January 19, 2018
Latest Updates

ഐസിസിനെതിരെ പോരാടാന്‍ യൂറോപ്യന്‍ യൂണിയന്‍,കുര്‍ദ് സൈന്യത്തിന് ആയുധങ്ങള്‍ നല്‍കും 

ഐസിസിനെതിരെ പോരാടാന്‍ യൂറോപ്യന്‍ യൂണിയന്‍,കുര്‍ദ് സൈന്യത്തിന് ആയുധങ്ങള്‍ നല്‍കും 

ബ്രസല്‍സ് : ഇറാഖിലെ ഷിയാ ഗവണ്‍മെന്റിന് ഭീഷണിയുയര്‍ത്തി കൊണ്ട് വളര്‍ന്ന് വന്ന ഐസിസ് എന്ന പേരിലറിയപ്പെടുന്ന വിമത പോരാളികള്‍ക്കെതിരെ പോരാടുവാനായി കുര്‍ദ് സൈന്യത്തിന് ആയുധങ്ങള്‍ നല്‍കുവാന്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ തീരുമാനിച്ചു.

യൂറോപ്യന്‍ രാജ്യങ്ങള്‍ ഒത്തൊരുമിച്ച് ആയുധം വിതരണം ചെയ്യാനുള്ള നീക്കം പാളിയത് കൊണ്ട് ഓരോ രാജ്യങ്ങള്‍ക്കും അവര്‍ക്കിഷ്ടമുള്ള പ്രകാരം ആയുധങ്ങള്‍ അയക്കാമെന്ന തീരുമാനത്തിലാണ് അവസാനം എത്തിയിട്ടുള്ളത്. 

കുര്‍ദിസ്ഥാന്‍ പ്രവിശ്യയുടെ പ്രസിഡന്റ് മസൂദ് ബര്‍സാനി അന്താരാഷ്ട്ര സമൂഹത്തോട് ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെ പോരാടുവാന്‍ ആയുധങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇറാഖിലെ പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യൂറോപ്യന്‍ യൂണിയന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് കുര്‍ദുകള്‍ക്ക് ആയുധം നല്‍കാന്‍ വ്യക്തിപരമായി ഒരോ രാജ്യങ്ങള്‍ക്കും അനുവാദം നല്‍കിയത്.

അമേരിക്കയും കുര്‍ദ് വംശജരെ പിന്തുണച്ച് രംഗത്തുള്ളതിനാല്‍ ലോകം ഇറാക്കിലെ മത തീവ്രവാദത്തിനെതിരെ ഒന്നായാണ് പൊരുതുന്നത്.കുര്‍ദ് ഗോത്രവര്‍ഗമായ യാസിദി വിഭാഗക്കാരായ 40,000 പേരാണ് വടക്കന്‍ ഇറാക്കിന്റെ പര്‍വത പ്രദേശത്ത് കുടുങ്ങിയിരിക്കുന്നത്. ഇവരെ ഐഎസ്‌ഐഎസ് തീവ്രവാദികള്‍ വളഞ്ഞിരിക്കുകയാണ്. ഇവരില്‍ പലരും ഭക്ഷണവും വെള്ളവുമില്ലാതെ മരണത്തിന് കീഴടങ്ങി. 

ഏതു നിമിഷവും തീവ്രവാദികളുടെ തോക്കിനിരയാകാമെന്ന ഭീതിയിലുമാണ് ഇവര്‍ കഴിയുന്നതെന്ന് ഒബാമ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇറാക്കിലെ ന്യൂനപക്ഷ ക്രൈസ്തവര്‍ക്കു നേരെയുള്ള വിമതരുടെ ആക്രമണം രൂക്ഷമായതോടെയാണ് യുഎസ് ഇറാക്കില്‍ ഇടപെടാന്‍ തീരുമാനിച്ചത്. 

Scroll To Top