Monday November 20, 2017
Latest Updates

ഐറീഷ് റെയില്‍വെയില്‍ പണിമുടക്ക് ആരംഭിച്ചു,ബസ് സമരവും വരുന്നു 

ഐറീഷ് റെയില്‍വെയില്‍ പണിമുടക്ക് ആരംഭിച്ചു,ബസ് സമരവും വരുന്നു 

ഡബ്ലിന്‍ :ഐറിഷ് റെയില്‍വെ പണിമുടക്ക് ആരംഭിച്ചു. അര്‍ധ രാത്രിമുതല്‍ റയില്‍വേ സേവനങ്ങള്‍ നിര്‍ത്തിവെച്ച് ആരംഭിച്ച പണിമുടക്ക് സമരം ആയിരക്കണക്കിന് യാത്രക്കാരെ ക്ലേശത്തിലാഴ്ത്തി.

ശമ്പളവര്‍ധന ആവശ്യപ്പെട്ടാണ് 24 മണിക്കൂര്‍ സമരം.പണിമുടക്ക് 150,000 ഉപഭോക്താക്കളെ ബാധിക്കും.ഐറിഷ് റെയില്‍വെയ്ക്ക് 900,000 യൂറോ നഷ്ടമുണ്ടാകും.മുന്‍കൂട്ടി ബുക്കു ചെയ്ത ആളുകളില്‍ റീഫണ്ട് ലഭ്യമാകുമെന്നും റെയില്‍വേ അറിയിച്ചു.കഴിഞ്ഞ ഒരു ദശകമായി തൊഴിലാളികള്‍ക്ക് കാര്യമായി ശമ്പളം വര്‍ധിപ്പിച്ചിട്ടില്ല.3.75% വര്‍ധനയാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്.

പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ശ്രമിക്കാത്തതിനെതിരെ ഐറിഷ് റെയില്‍ മാനേജ്മെന്റിനെയും ഗവണ്‍മെന്റിനെയും യൂണിയനുകള്‍ നിശിതമായി വിമര്‍ശിച്ചിരുന്നു.’ഐറിഷ് റെയില്‍ തൊഴിലാളികള്‍ ഉപഭോക്താക്കള്‍ക്ക് ഒരു സേവനം നല്‍കാനാണ് ആഗ്രഹിക്കുന്നത്,’ സിപ്റ്റു ടീക് ഡിവിഷന്‍ ഓര്‍ഗനൈസര്‍ ഗ്രെഗ് എന്‍നിസ് പറഞ്ഞു.

ഗതാഗത വകുപ്പ്, നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി, ട്രാന്‍സ്പോര്‍ട്ട് കമ്പനികള്‍, യൂണിയനുകള്‍ എന്നിവ പൊതു ഗതാഗത മേഖലയിലെ കുറഞ്ഞവേതനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി എല്ലാവരും ഒന്നിച്ചുചേരണമെന്ന് നാഷണല്‍ ബസ് ആന്‍ഡ് റെയില്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി ഡര്‍മോട്ട് ഓ ലെയറി പറഞ്ഞു.പണിമുടക്കു മൂലം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഐറിഷ് റെയില്‍വേ മാത്രമാണ് ഉത്തരവാദിയെന്ന് അവര്‍ ആരോപിച്ചു.ബസ് ജീവനക്കാരും ഇതേ ആവശ്യമുന്നയിച്ച് സമരപഥത്തില്‍ ഇറങ്ങുമെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.

Scroll To Top