Tuesday February 21, 2017
Latest Updates

‘ഐറിഷ് മലയാളി’ യില്‍ പുതിയ പംക്തികള്‍

‘ഐറിഷ് മലയാളി’ യില്‍ പുതിയ പംക്തികള്‍

‘ഐറിഷ് മലയാളി ‘ഒക്‌റ്റോബര്‍ ഒന്ന് മുതല്‍ ആരംഭിക്കാനിരിക്കുന്ന പുതിയ പംക്തികളില്‍ ആദ്യ വിഷയം മനശാസ്ത്രവുമായി ബന്ധപ്പെട്ടുള്ളതാണ്.പ്രതിസന്ധികളുടെ ഒരു വന്‍നിരയെ അഭിമുഖീകരിക്കുന്ന അയര്‍ലണ്ടിന്റെ പശ്ചാത്തലത്തില്‍ ഇത്തരം ഒരു വിഷയം പ്രാഥമിക സ്ഥാനം നല്കിയാണ് എഡിറ്റോറിയല്‍ ബോര്‍ഡ് തിരഞ്ഞെടുത്തത്

നിര്‍വചനങ്ങളിലും വിവരണങ്ങളിലും ഒതുങ്ങാത്ത സങ്കീര്‍ണ വിഷയമാണ് മാനസിക സംഘര്‍ഷം. മാനസിക സംഘര്‍ഷങ്ങളും മനോവ്യഥകളും അനുഭവിക്കാത്ത ഒരാളും തന്നെ ഭൂമുഖത്ത് ഉണ്ടാവുകയില്ല. പ്രായ ലിംഗ ഭേദമന്യേ എല്ലാവരെയും പിടികൂടുന്ന മഹാരോഗം.

ഒരു കൈകുഞ്ഞ് ഭൂമിയിലേക്ക് പിറന്ന് വീഴുന്നത് മുതല്‍ ഏതെങ്കിലും തരത്തിലുള്ള മാനസിക സംഘര്‍ഷത്തിന് വിധേയമാവാറുണ്ടെന്ന് മനഃശാസ്ത്ര പഠനങ്ങള്‍ വ്യക്തമാക്കുന്നു.

മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന നിരവധി സംഘര്‍ഷങ്ങള്‍ നിറഞ്ഞ സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അനുദിന ജീവിതത്തില്‍ പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോഴാണ് സംഘര്‍ഷം ജനിക്കുന്നത്. സംഘര്‍ഷങ്ങള്‍ ഒരോ വ്യക്തിയെ സംബന്ധിച്ചും വ്യത്യസ്ത തോതിലാണ് ഉളവാകുന്നത്.

ചിലര്‍ക്ക് വലുതെന്ന് തോന്നുന്ന കാര്യം മറ്റുള്ളവര്‍ക്ക് നിസ്സാരമായിരിക്കും. നിത്യജീവിതത്തിന്റെ ഭാഗമായ സംഘര്‍ഷങ്ങള്‍ ചിലത് പ്രതികൂലമാകുകയും മറ്റു ചിലത് ഗുണപരമായ മാറ്റം വരുത്താന്‍ സഹായിക്കുകയും ചെയ്യും.

ആധുനിക കാലഘട്ടത്തില്‍ ജീവിക്കുന്ന നമ്മെ സംബന്ധിച്ചിടത്തോളം പല കാരണങ്ങളാല്‍ മാനസിക സംഘര്‍ഷങ്ങള്‍ അധികരിക്കുകയാണ് ചെയ്തിരിക്കുന്നത്.പ്രത്യേകിച്ചും അയര്‍ലണ്ട് പോലെയൊരു രാജ്യത്ത് പ്രവാസികളായി കഴിയുന്നവര്‍ക്ക്
സാധാരണ ജീവിത ശൈലിയില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ഇവിടുത്തെ ജീവിതം. ആശ്രിത വിസയില്‍ അയര്‍ലണ്ടില്‍ എത്തിയ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് പോലും അര്‍ഹമായ ജോലിയോ, അഥവാ ജോലി ചെയ്യുന്നതില്‍ നിന്നുള്ള സംതൃപ്തിയോ ലഭിക്കുന്നില്ല എന്നത് ഈ രാജ്യത്തെത്തിയ പ്രവാസികള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു പ്രശ്‌നമാണ് എന്ന് പറയാതിരിക്കാന്‍ വയ്യ.

നാട്ടില്‍ ഇന്‍ഫോസിസ് പോലെയുള്ള വന്‍കിട കമ്പനികളില്‍ ഒക്കെ ഉന്നത ജോലിയിലിരുന്ന നൂറുകണക്കിന് ചെറുപ്പക്കാരാണ് അയര്‍ലണ്ടില്‍ എത്തി പിസാ ഡലിവറിയ്ക്കും, സെക്യൂരിറ്റി ജോലിയ്ക്കും, പെട്രോള്‍ പമ്പുകളിലെ ജോലിക്കും ഒക്കെയായി തയാറാവുന്നത്. ഒരു ജോലിയിലും മാന്യതക്കുറവ് ഒന്നുമില്ല എന്നതു അംഗീകരിക്കുമ്പോഴും പഠിച്ച തൊഴില്‍ ചെയ്യാന്‍ സാധിക്കാതെ വരുമ്പോള്‍ അനുഭവിക്കുന്ന മാനസിക വ്യഥ പലരും പങ്കുവക്കുന്നുണ്ട്. യുവത്വത്തില്‍ ആവേശപൂര്‍വ്വം പഠിച്ച പാഠങ്ങളും തൊഴിലുകളും ആ പ്രായം കഴിയുന്നതിന് മുന്‍പേതന്നെ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ട് ഉപേക്ഷിക്കേണ്ടി വരുന്നത് ഏതു മനോധൈര്യം ഉള്ളവരെയും ഒന്ന് ചഞ്ചലഹൃത്തരാക്കും

ഇതിന്റെ അകമ്പടിയായി കുടുംബ പ്രശ്‌നങ്ങളും ദാമ്പത്യ അസ്വാരസ്യങ്ങളും ഉണ്ടാകാതിരിക്കണമെങ്കില്‍ ദമ്പതികള്‍ അസാമാന്യ വൈഭവം കാണിക്കേണ്ടിവരും!

മലയാളികളുടെ ഇടയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം സ്ഥിരം തൊഴില്‍ ഇല്ലായ്മ മാത്രമാണെന്ന് കരുതേണ്ട. വ്യസ്തമായ ഒരു സാംസ്‌കാരിക പശ്ചാത്തലത്തില്‍ ജീവിക്കുമ്പോള്‍ നമ്മുടെ സംസ്‌കാരത്തില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന ഒരവസ്ഥയോടു പൊരുത്തപ്പെടുക പ്രയാസമാണ്.

അത്തരം ഒരു വിഷമാവസ്ഥയാണ് പദവിയിലെയോ ജോലിയിലെയോ പ്രശ്‌നങ്ങളെക്കാള്‍ ഐറിഷ് മലയാളികളെ കൂടുതല്‍ അലട്ടുന്നത്. ഇവിടെ പഠിച്ചു വരുന്ന കുട്ടികളും, ചെറുപ്പക്കാരും ഇവിടുത്തെ സംസ്‌കാരത്തെ പുല്‍കാനൊ അനുകരിക്കാനോ ഉള്ള സാധ്യതകളെ തള്ളികളയാനാവില്ല. അയര്‍ലണ്ടിലെ മാതാപിതാക്കള്‍ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുത്തുന്നതും അത് തന്നെയാണ്.

കുടുംബതലത്തിലും വ്യക്തിപരമായും സങ്കീര്‍ണ്ണമായ സാഹചര്യങ്ങില്‍ നിങ്ങള്‍ക്ക് തുണയേകാനുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളുമായി ‘ഐറിഷ് മലയാളി’ യില്‍ കൂടി നിങ്ങളോട് സംവദിക്കുന്നത് അയര്‍ലണ്ടിലെ പ്രഗത്ഭനായ ഒരു മനശാസ്ത്ര വിദഗ്ധനാണ്.

വര്‍ഷങ്ങളായി എച്ച് എസ് ഇ യുടെ സൈക്കാട്രി ഡിപ്പാര്‍ട്ട്‌മെന്റില്‍ സേവനമനുഷ്ട്ടിക്കുന്ന മലയാളിയായ
ഇദ്ദേഹം നിരവധി സെമിനാറുകളിലും പ്രസിദ്ധീകരണങ്ങളിലും മനശാസ്ത്ര വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ളയാളാണ്. ആഴ്ച തോറും ഒരു ദിവസമാണ് ഡോക്റ്റര്‍ നിങ്ങള്‍ക്ക് വേണ്ടി മറുപടികള്‍ പറയുന്നത് .

ദാമ്പത്യ പ്രശ്‌നങ്ങള്‍ (Marital/Relationship)
മാനസിക പ്രശ്‌നങ്ങള്‍ (Psyhological/Psychiatric/Mental Illness)
വ്യക്തി ബന്ധങ്ങള്‍(Inter-personality problems)
വ്യക്തിത്വ പ്രശ്‌നങ്ങള്‍(Personality Problems)
കുട്ടികളെ വളര്‍ത്തല്‍(Parenting)
ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍(Career/Occupational)

എന്നിവയില്‍ ഒക്കെയുള്ള നിങ്ങളുടെ സന്ദേഹങ്ങള്‍ക്ക് ഡോക്ടര്‍ മറുപടി പറയും. അതിനു വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ അടുത്ത ദിവസം അദ്ദേഹം തന്നെ ഐറിഷ് മലയാളിയിലൂടെ നല്കും. ദയവായി കാത്തിരിക്കുക.

എഡിറ്റര്‍

Scroll To Top