Saturday January 20, 2018
Latest Updates

ഐറിഷ് ഫാമുകളിലെ മരണ നിരക്ക് വര്‍ധിക്കുന്നു

ഐറിഷ് ഫാമുകളിലെ മരണ നിരക്ക് വര്‍ധിക്കുന്നു

ടിപ്പരറി: ഐറിഷ് ഫാമുകളിലെ മരണ നിരക്ക് വര്‍ധിക്കുന്നു. അയര്‍ലണ്ടിലെ കന്നുകാലി ഫാമുകളില്‍ ഉണ്ടായ അപകടങ്ങളില്‍ കഴിഞ്ഞ വര്‍ഷം മാത്രം 30 ല്‍ അധികം പേര്‍ മരിച്ചു. ഫാമുകളിലെ അപകട മരണങ്ങളുടെ നിരക്ക് 1991 ന് ശേഷമുള്ള ഏറ്റവും കൂടിയ നിരക്കാണ് കഴിഞ്ഞ വര്‍ഷത്തേത്.

ഈ വര്‍ഷം മില്‍ക്ക് ക്വോട്ട പിന്‍വലിക്കുന്നതോടെ ഐറിഷ് ഫാമുകളിലെ അപകട മരണങ്ങള്‍ വര്‍ധിക്കുമെന്ന് ഫാം സേഫ്റ്റി ക്യാംപെയ്‌നര്‍ ബ്രിയാന്‍ റോഹന്‍ പറഞ്ഞു. ഈ വര്‍ഷം മാര്‍ച്ച് അവസാനത്തോടെയാണ് ക്വോട്ട പിന്‍വലിക്കുന്നത്. ഇതോടെ പകുതിയിലധികം കര്‍ഷകരും ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും ബ്രിയാന്‍ റോഹന്‍ പറഞ്ഞു. പ്രധാനമായും ട്രാക്ടര്‍ അപകടങ്ങളും മറ്റ് മെഷീനറികളില്‍ കുടുങ്ങിയുള്ള അപകടങ്ങളുമാണ് ഫാമുകളിലെ അപകട മരണ നിരക്ക് കൂട്ടുന്നത്. 

കോര്‍ക്കിലെ ഒരു ഫാമില്‍ ട്രാക്ടറില്‍ കുടുങ്ങി മരിച്ച ഒരു വയസുള്ള കുട്ടി മുതല്‍ ഡൊണെഗലിലെ ഫാമില്‍ പശുവിന്റെ കുത്തേറ്റ് മരിച്ച 84കാരന്‍ വരെ നിരവധി പേര്‍ക്കാണ് കഴിഞ്ഞ വര്‍ഷം ഐറിഷ് ഫാമുകളില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ക്ഷീര കര്‍ഷകരുടെ ജോലി ഭാരം വര്‍ധിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന അമിത ക്ഷീണവും അശ്രദ്ധയുമാണ് അപകടങ്ങളിലേക്ക് നയിക്കുന്നതെന്ന് ബ്രിയാന്‍ റോഹന്‍ പറഞ്ഞു. ക്വോട്ട പിന്‍വലിക്കുന്നതോടെ ഉല്പാദനം കൂട്ടുന്നതിനാനായി കര്‍ഷകര്‍ കൂടുതല്‍ സമയം ജോലി ചെയ്യുകയും ഇത്തരം അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുകയും ചെയ്യുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുന്നു. ഫാമിലുണ്ടായ ഒരു അപകടത്തെ തുടര്‍ന്ന് തന്റെ പിതാവിന് ജീവന്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം ഫാം സേഫ്റ്റി ക്യാംപെയ്‌ന് തുടക്കം കുറിച്ചത്. 

അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കര്‍ഷകര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഫാം സേഫ്റ്റി സ്‌കീമിന്റെ ഭാഗമാകണമെന്ന് കാര്‍ഷിക വകുപ്പ് മന്ത്രി സൈമണ്‍ കൊവ്‌നെ ആവശ്യപ്പെട്ടു. ഈ സ്‌കീം അനുസരിച്ച് കര്‍ഷകരുടെ മൊത്തം ഉല്‍പ്പാദന ചെലവിന്റെ 40 ശതമാനം സര്‍ക്കാര്‍ വഹിക്കും.

Scroll To Top