Saturday October 20, 2018
Latest Updates

ഐറിഷ് നഴ്സുമാര്‍ക്കും വേണം ബ്രിട്ടണില്‍ ഐ ഇ എല്‍ ടി എസ്!,റൈറ്ററിംഗില്‍ തോറ്റു പുറത്താവുന്നവര്‍ മറ്റു രാജ്യങ്ങളിലേയ്ക്ക് 

ഐറിഷ് നഴ്സുമാര്‍ക്കും വേണം ബ്രിട്ടണില്‍ ഐ ഇ എല്‍ ടി എസ്!,റൈറ്ററിംഗില്‍ തോറ്റു പുറത്താവുന്നവര്‍ മറ്റു രാജ്യങ്ങളിലേയ്ക്ക് 

ഡബ്ലിന്‍:ഐറിഷ് നഴ്സുമാര്‍ക്കും നോര്‍ത്തില്‍ ജോലി ചെയ്യണമെങ്കില്‍ ഐഇഎല്‍ടിഎസ് നിര്‍ബന്ധിതമാക്കി.നഴ്സുമാരുടെ കുറവുമൂലം പ്രതിസന്ധി നേരിടുന്ന ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളെ കൂടുതല്‍ വഷളാക്കുന്നതാണ് നഴ്സിംഗ് ആന്റ് മിഡ് വൈഫറി കൗണ്‍സിലിന്റെ തീരുമാനം.

യൂറോപ്പിലെയും വിദേശത്തേയും എല്ലാ നഴ്സുമാരും അവരുടെ ഇംഗ്ലീഷ് പ്രാവീണ്യം തെളിയിച്ചതിനുശേഷം ആതുരസേവനം നടത്തിയാല്‍ മതിയെന്നാണ് കൗണ്‍സില്‍ നിര്‍ദേശം.ഐ ഇഎല്‍ടിഎസ് വന്നപ്പോള്‍ത്തന്നെ അതിനെതിരെ രൂക്ഷമായ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

ഇംഗ്ലീഷ് മുഖ്യവിഷയമായെടുത്ത് മികവുകാട്ടിയ ആസ്ത്രേലിയന്‍ നഴ്സുമാര്‍ തുടര്‍ച്ചയായി കൂട്ടത്തോടെ പരീക്ഷ തോറ്റത് വലിയ വിവാദമുയര്‍ത്തിയിരുന്നു.പലരും വീണ്ടും ടെസ്റ്റെഴുതുന്നതിന് ആയിരം ഡോളര്‍ ചെലവിട്ടു.എന്നിട്ടും ഭൂരിപക്ഷവും തോറ്റു.അയര്‍ലണ്ടില്‍ നിന്നും പരീക്ഷ എഴുതുന്നവരില്‍ ഒട്ടേറെ പേര്‍ക്കും റൈറ്റിങ് വിഭാഗമാണ് ബുദ്ധിമുട്ടാകുന്നത്.പരീക്ഷയില്‍ തോല്‍ക്കുന്നതോടെ ബ്രിട്ടീഷ് മോഹം വിട്ട് മറ്റു രാജ്യങ്ങളിലേയ്ക്ക് ചേക്കേറുകയാണ്.

റിപ്പബ്ലിക്കില്‍ നിന്നും നഴ്സിംഗ് എടുത്തവര്‍ക്കും ഐഇഎല്‍ടിഎസ് നിര്‍ബന്ധമാക്കിയത് കഴിഞ്ഞ വര്‍ഷം മുതലാണ്.പുതിയ തീരുമാനം നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ആരോഗ്യ രംഗത്തെ പ്രതിസന്ധി രൂക്ഷമാക്കുമെന്നാണ് സൂചിപ്പിക്കുന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഇപ്പോള്‍ത്തന്നെ 1200 നഴ്സുമാരുടെ ഒഴിവുകളാണ് ഉള്ളത്.

ഈ ആഴ്ച ആദ്യം ഫിലിപ്പൈന്‍സില്‍ നിന്നും പരീക്ഷയെഴുതിയ 118ല്‍ മൂന്നു പേര്‍ക്ക് മാത്രമാണ് വിജയിക്കാനായത്. സംഭവം വിവാദമായതോടെ മാര്‍ക്ക് വ്യവസ്ഥകള്‍ ഇളവുചെയ്യാന്‍ വെസ്റ്റ് മിഡ് ലാന്‍ഡ്സ് ഹെല്‍ത്ത് ട്രസ്റ്റ് ഇന്‍ ഇംഗ്ലണ്ട് തീരുമാനിച്ചിരുന്നു.

യുകെയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇയു നഴ്സുമാരുടെ എണ്ണം 96 % കുറഞ്ഞിട്ടും ഇംഗ്ലീഷ് പരിപോഷണവുമായി മുന്നോട്ടു നീങ്ങുകയാണ് എന്‍എംസി അധികൃതര്‍. ആതുരസേവനരംഗത്ത് ആശയവിനിമയത്തിന് വളരെ പ്രാധാന്യമുണ്ടെന്ന് അംഗീകരിക്കുമ്പോഴും ഉന്നത യോഗ്യതയോടെയെത്തുന്ന നഴ്സുമാര്‍ ഇവിടുത്തെ ഭാഷാ ടെസ്റ്റില്‍ പരാജയപ്പെടുന്നുവെന്നത് അധികൃതര്‍ കാണാതെ പോകുകയാണ്.ഇക്കൂട്ടര്‍ മറ്റിടങ്ങളിലേക്ക് ജോലി തേടി പോകാനുള്ള സാധ്യതയാണ് കൈവരുന്നത്. അത് ഇവിടുത്തെ നഴ്സുമാരുടെ ദൗര്‍ലഭ്യം ഗുരുതരമാക്കും.

ഈ പ്രശ്നം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി റോയല്‍ കോളജ് ഓഫ് നഴ്സിംഗ് ഡയറക്ടര്‍ ജയിന്‍സ് സമിത്ത് വെളിപ്പെടുത്തി.’ഇംഗ്ലീഷ് പരിജ്ഞാനം വേണ്ടെന്ന് ആരും പറയുന്നില്ല, എന്നാല്‍ കാനഡ,ന്യുസിലാന്‍ഡ്,ഓസ്‌ത്രേലിയ തുടങ്ങിയ ഇടങ്ങളില്‍ നിന്നും മികച്ച നിലയില്‍ നഴ്സിംഗ് പാസായി എത്തുന്നവര്‍ ഇവിടെ വന്ന് തുടര്‍ച്ചയായി പരാജയപ്പെടുന്നു. അത് ഞങ്ങളെ ഉത്ക്കണ്ഠാകുലരാക്കുന്നു’ സ്മിത്ത് പറഞ്ഞു.ധാര്‍മികവും നീതിശാസ്ത്രപരവുമായ ചില പ്രശ്നങ്ങളും ഈ പരീക്ഷയില്‍ നിലനില്‍ക്കുന്നു. ഫിലിപ്പൈന്‍സിലെ നഴ്സുമാരുടെ കാര്യം തന്നെയെടുക്കാം.ശമ്പളം വളരെ കുറവാണ് അവര്‍ക്ക് .ഒരു മാസത്തെ ശമ്പളത്തിനു തുല്യമാണ് ഈ പരീക്ഷാചെലവ്. ഇതു കാണാതെ പോകുന്നത് ശരിയല്ലെന്നും സ്മിത്ത് പറഞ്ഞു.

എന്നാല്‍ ഇക്കാര്യത്തില്‍ കടുത്ത നിലപാടില്‍ത്തന്നെയാണ് അധികൃതരെന്നാണ് വ്യക്തമാകുന്നത്.പൊതു താല്‍പ്പര്യാര്‍ഥം ഇംഗ്ലീഷിന്റെ നിലവാരം താഴ്ത്താനാവില്ലെന്ന് എന്‍എംസി ചീഫ് എക്സിക്യൂട്ടീവ് ജാക്കി സ്മിത്ത് പ്രതികരിച്ചു.ഭാഷാ പരീക്ഷയില്‍ എന്തെങ്കിലും പിശകുകളുള്ളതായി തെളിയിക്കുന്ന ശക്തമായ കാരണമൊന്നും ഇനിയും ലഭിച്ചിട്ടില്ല. അതിനാല്‍ ഇപ്പോഴത്തെ നിലവാരം ആവശ്യമായതുതന്നെയാണെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു.

Scroll To Top