Friday August 18, 2017
Latest Updates

ഐറിഷ് ടീമിന്റെ ലോഗോ കോപ്പിയടിച്ച കേരളാ ടീമിന്റെ കള്ളത്തരം കൈയ്യോടെ പിടികൂടി

ഐറിഷ് ടീമിന്റെ ലോഗോ കോപ്പിയടിച്ച കേരളാ ടീമിന്റെ കള്ളത്തരം കൈയ്യോടെ പിടികൂടി

ഡബ്ലിന്‍ : അയര്‍ലണ്ടിലെ പ്രശസ്ത ഫുട്ബോള്‍ ക്ലബിന്റെ ലോഗോ അതേപടി കോപ്പിയടിച്ച കേരളാ ടീമിന്റെ കള്ളത്തരം കൈയ്യോടെ പിടികൂടി.ഫുട്ബോള്‍ ആരാധകരാണ് സോഷ്യല്‍ മീഡിയയിലൂടെ ഇത് പുറത്തുകൊണ്ടുവന്നത്. ആദ്യമായി ഐലീഗില്‍ അവസരം ലഭിച്ച കേരളത്തിലെ തിരുവനന്തപുരത്തു നിന്നുള്ള കേരള എവര്‍ഗ്രീന്‍ ഫുട്ബോള്‍ ക്ലബാണ് ഇന്ത്യയ്ക്കാകെ നാണക്കേടുണ്ടാക്കിയ ലോഗോ അടിച്ചു മാറ്റല്‍ വിവാദത്തില്‍ കുടുങ്ങിയത്.അയര്‍ലണ്ടിലെ ബ്രേ വണ്ടറേഴ്സ് ക്ലബ്ബിന്റെ ലോഗോയാണ് തരികിട മാറ്റങ്ങള്‍ വരുത്തി കേരള ക്ലബ് എവര്‍ ഗ്രീന്‍ സ്വന്തമാക്കിയത്.ഡിസൈനിലോ കളറിലോ എഴുത്തിലോ പോലും യാതോരു മാറ്റവും വരുത്താന്‍ മെനക്കെടാതെയാണ് ലോഗോ തയ്യാറാക്കിയത്.വണ്ടറേഴ്സിന്റെ ലോഗോയുടെ നടുഭാഗത്തെ പക്ഷിയുടെ ഇടത്തേക്കു പറക്കുന്ന ഇമേജ് വലത്തേക്ക് ആക്കുന്ന ജോലി മാത്രമാണ് ഡിസൈനര്‍ ചെയ്തുള്ളു.പേരും മാറ്റിയെഴുതി.1942ല്‍ നിലവില്‍ വന്നപ്പോള്‍ത്തന്നെ അയര്‍ലണ്ടിലെ പ്രമുഖ ക്ലബായ ക്ലബ്ബ് ബ്രേ വണ്ടറേഴ്സ് ഡിസൈന്‍ ചെയ്ത ലോഗായാണ് കേരളക്ലബ് ‘കണ്ടെത്തിയത്’.

സാമൂഹിക മാധ്യമങ്ങളിലൂടെ ഫുട്ബോള്‍ ആരാധകര്‍ ഈ അടിച്ചുമാറ്റല്‍ ചൂണ്ടിക്കാട്ടിയതോടെ സംഭവം നാറ്റക്കേസായി.തൊട്ടുപിന്നാലെ ഐറിഷ് മാധ്യമങ്ങളും അടിച്ചുമാറ്റല്‍ ചര്‍ച്ചയാക്കി.ഇന്നലെ ബ്രേയിലെ ഫുട്ബോള്‍ ആരാധകര്‍ മാത്രമല്ല,ഐറിഷ് സമൂഹം മുഴുവന്‍ ഈ വിഷയം ചര്‍ച്ച ചെയ്തു.

ക്ലബ്ബിന് കിട്ടിയ മാധ്യമശ്രദ്ധ മുതലെടുത്ത ഭാരവാഹികള്‍ തങ്ങള്‍ക്ക് സിറ്റിയിലെ കാര്‍ലൈസില്‍ ഗ്രൗണ്ട് തങ്ങള്‍ക്ക് വിട്ടു തരണമെന്ന് കൗണ്ടി കൗണ്‍സിലിനോട് അഭ്യര്‍ഥിക്കുകയും ചെയ്തു.എന്നാല്‍ കൗണ്ടി കൗണ്‍സില്‍ കൈയ്യോടെ ആവശ്യം നിരസിച്ചും പ്രസ്താവന ഇറക്കി.

കേരളാ ടീമിനെ കളിയാക്കുന്ന ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞതോടെ സംഭവം ‘അന്തര്‍ദേശീയ കോപ്പിയടിയായി’.

അതോടെ ലോഗോ പിന്‍വലിക്കുകയാണെന്ന് അറിയിച്ച എവര്‍ഗ്രീന്‍ ക്ലബ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.ലോഗോ തയ്യാറാക്കിയ പുറത്തുനിന്നുള്ള ഏജന്‍സിക്ക് പറ്റിയ പിഴവെന്നാണ് ക്ലബ്ബ് വിശദീകരിച്ചത്.

അയര്‍ലണ്ട് വണ്ടേഴ്സ് ക്ലബ്ബിനോടും ആരാധകരോടും എവര്‍ഗ്രീന്‍ ക്ഷമാപണം നടത്തി.ട്വിറ്ററിലൂടെയാണ് ക്ലബ് ഖേദം അറിയിച്ചത്. ഐ-ലീഗില്‍ ഏറ്റവും പുതിയതായി ഉള്‍പ്പെടുത്തിയ ക്ലബാണ് വിഖ്യാത താരം ജീറി കോര്‍ണിയുടെ ഉടമസ്ഥതയിലുള്ള കേരള എവര്‍ഗ്രീന്‍.സിംഗപ്പൂര്‍ കമ്പനിയായ മൈ സ്പോര്‍ട്സിന്റെ കീഴിലാണ് ക്ലബിന്റെ പ്രവര്‍ത്തനം.എന്തായാലും ജാള്യത ‘എവര്‍ ഗ്രീനായി കുറേക്കാലം തുടരുമെന്നാണ് തിരുവനന്തപുരം റിപ്പോര്‍ട്ട്.

Scroll To Top