Thursday November 15, 2018
Latest Updates

ഐറിഷ് ‘അതിര്‍ത്തി’യില്‍ തട്ടി ‘ബ്രക്സിറ്റ് ചര്‍ച്ചകള്‍ പൊളിഞ്ഞു :ധാരണയ്ക്കായി തുടര്‍ചര്‍ച്ചകള്‍ ഉച്ചകോടിക്ക് ശേഷം

ഐറിഷ് ‘അതിര്‍ത്തി’യില്‍ തട്ടി ‘ബ്രക്സിറ്റ് ചര്‍ച്ചകള്‍ പൊളിഞ്ഞു :ധാരണയ്ക്കായി തുടര്‍ചര്‍ച്ചകള്‍ ഉച്ചകോടിക്ക് ശേഷം

ഡബ്ലിന്‍ :ഐറിഷ് അതിര്‍ത്തി സംബന്ധിച്ച തര്‍ക്കങ്ങളില്‍ ധാരണയിലെത്താത്തിനെ തുടര്‍ന്ന് ബ്രസല്‍സ് ഉച്ചകോടിക്കു മുന്നോടിയായി നടത്തിവന്ന യു.കെ-യൂറോപ്യന്‍ യൂണിയന്‍ ചര്‍ച്ചകള്‍ വഴിമുട്ടി.

യു.കെയുടെ ബ്രക്സിറ്റ് സെക്രട്ടറി ഡോമിനിക് റാബും യൂറോപ്യന്‍ യൂണിയന്‍ ചീഫ് നെഗോഷിയേറ്റര്‍ മിഷേല്‍ ബാര്‍നിയറും തമ്മിലുള്ള ചര്‍ച്ചയാണ് അതിര്‍ത്തി കാര്യത്തില്‍ ധാരണയിലെത്തുന്നതില്‍ പരാജയപ്പെട്ടത്.ബുധനാഴ്ചത്തെ ഉച്ചകോടിക്ക് മുന്നോടിയായി ഒരു കരാറിലെത്താന്‍ കഴിയുമെന്ന് ഊഹാപോഹങ്ങള്‍ പരന്നിരുന്നു.

എന്നാല്‍ അതുണ്ടായില്ല.തുടര്‍ന്നുള്ള ഔദ്യോഗിക നടപടികള്‍ ഉച്ചകോടിക്കു ശേഷം മതിയാകും എന്നു തീരുമാനിച്ചു ചര്‍ച്ചകള്‍ മാറ്റിവെയ്ക്കുകയായിരുന്നു. എന്നിരുന്നാലും പ്രശ്നപരിഹാരത്തിനായി അനൗദ്യോഗിക ചര്‍ച്ചകള്‍ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്.ഇരുകൂട്ടരും ധാരണയില്‍ എത്തിയതായി ഊഹാപോഹമുണ്ടായെങ്കിലും ചില മുഖ്യപ്രശ്നങ്ങള്‍ ഇനിയും അവശേഷിക്കുന്നതായുള്ള മിഷേല്‍ ബാര്‍നിയറിന്റെ പ്രസ്താവന വന്നതോടെയാണ് ചര്‍ച്ചകള്‍ ഫലം കണ്ടില്ലെന്നു തെളിഞ്ഞത്.

അതിര്‍ത്തിയുടെ കാര്യത്തിലുള്ള ഇരു വിഭാഗത്തിന്റെയും കടുംപിടുത്തമാണ് ചര്‍ച്ചകളെ വഴിമുട്ടിക്കുന്നതെന്നാണ് സൂചന.ഇത് ബ്രിട്ടന്റെ വഴിപിരിയലിനെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നതുമാണ്.അതിര്‍ത്തി സംബന്ധിച്ചു ധാരണയിലെത്താതെ തന്നെ ബ്രിട്ടന്‍ വിട്ടുപോകുമോയെന്ന സംശയവും ഉയരുന്നുണ്ട്. യുകെ- ഇ.യു വ്യാപാര കരാറില്‍ ഹാര്‍ഡ് ബോര്‍ഡര്‍ സംബന്ധിച്ചു ധാരണയിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വടക്കന്‍ അയര്‍ലണ്ട് യൂറോപ്യന്‍ യൂണിയന്റെ സാമ്പത്തിക ചട്ടങ്ങളില്‍ തന്നെ നിലനില്‍ക്കുമെന്നതില്‍ ബ്രിട്ടന്‍ ഉറപ്പുതരണമെന്ന് ഇ.യു രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

യൂറോപ്യന്‍ രാജ്യങ്ങള്‍ തമ്മില്‍ ഇക്കാര്യത്തില്‍ ധാരണയിലെത്തിയിട്ടുമുണ്ട്.എന്നാല്‍ ബ്രിട്ടന്‍ ഇക്കാര്യത്തില്‍ അനുകൂലതീരുമാനം അറിയിച്ചിട്ടില്ല.ചര്‍ച്ചകളുടെ പുരോഗതി ഇ.യുഅംഗരാജ്യങ്ങളെയും യൂറോപ്യന്‍ പാര്‍ലമെന്റിനെയും ധരിപ്പിക്കുമെന്ന് ബാര്‍നിയര്‍ പറഞ്ഞു.ഒക്ടോബറിലെ യൂറോപ്യന്‍ കൗണ്‍സിലോടെ കൂടുതല്‍ പുരോഗതി കൈവരിക്കാന്‍ യുകെയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top