Tuesday September 25, 2018
Latest Updates

ഐഇഎല്‍ടിഎസ് തട്ടിപ്പുകാരുടെ തന്ത്രങ്ങള്‍ പൊളിച്ച് യൂറോപ്പിലെ നഴ്സിംഗ് ബോര്‍ഡുകള്‍ : ഒ ഇ ടി യിലേക്ക് വഴിമാറാന്‍ കാരണക്കാരായവരില്‍ മലയാളികളും 

ഐഇഎല്‍ടിഎസ് തട്ടിപ്പുകാരുടെ തന്ത്രങ്ങള്‍ പൊളിച്ച് യൂറോപ്പിലെ നഴ്സിംഗ് ബോര്‍ഡുകള്‍ : ഒ ഇ ടി യിലേക്ക് വഴിമാറാന്‍ കാരണക്കാരായവരില്‍ മലയാളികളും 

ഡബ്ലിന്‍:അയര്‍ലണ്ടിലെയും,യൂ കെയിലെയും ഇംഗ്ലീഷ് ഭാഷാപരിജ്ഞാനത്തിനുള്ള മാനദണ്ഡമായി പരിഗണിച്ചിരുന്ന ഐഇഎല്‍ടിഎസിനു പകരം ഒ ഇ ടിയും ഏര്‍പ്പെടുത്താനുള്ള നഴ്സിംഗ് ബോര്‍ഡുകളുടെ തീരുമാനത്തിന് പിന്നില്‍ വ്യാജ ഐഇഎല്‍ടിഎസ് വിവാദങ്ങളുമെന്ന് സൂചന.

വര്‍ഷങ്ങളായി ഇംഗ്ലീഷ് ഭാഷാപരിജ്ഞാനത്തിനുള്ള അന്തിമ വാക്കായി യൂറോപ്പില്‍ കരുതിപ്പോന്നത് നിശ്ചിത സ്‌കോറോടെയുള്ള ഐഇഎല്‍ടിഎസ് വിജയമായിരുന്നു.എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി വ്യാജ സര്‍ട്ടിഫിക്കേറ്റുമായി യൂറോപ്പില്‍ എത്തി ,തൊഴില്‍ സംരംഭകരെ കബളിപ്പിച്ച് ജോലി തേടുന്ന നഴ്സുമാരുടെ എണ്ണം പെരുകിയതിന്റെ അനന്തരഫലം കൂടിയാണ് നഴ്സിംഗ് ബോര്‍ഡിന്റെ ഇപ്പോഴത്തെ തീരുമാനം.

മലയാളികളായ നിരവധി നഴ്സുമാരടക്കം വ്യാജ സര്‍ട്ടിഫിക്കേറ്റുമായി അയര്‍ലണ്ടില്‍ എത്തി എന്‍എംബിഐ രജിസ്ട്രേഷന്‍ നേടിയെടുക്കുകയും,ചില ഏജന്റുമാരുടെ സഹായത്തോടെ ജോലിയ്ക്ക് കയറുകയും ചെയ്ത ശേഷമാണ് സര്‍ട്ടിഫിക്കേറ്റിലെ തട്ടിപ്പ് നഴ്സിംഗ് ബോര്‍ഡിന് കണ്ടെത്താനായത്.അത്തരമൊരു സൂക്ഷമ പരിശോധന നടത്താന്‍ നഴ്സിംഗ് ബോര്‍ഡ് തയാറായത് തന്നെ ജോലിയ്ക്ക് കയറിയ നിരവധി ഉദ്യോഗാര്‍ഥികളുടെ ഭാഷാപരിജ്ഞാനത്തെ കുറിച്ചുള്ള പരാതി ലഭിച്ചതിന് ശേഷമാണ്.

നഴ്സിംഗ് ബോര്‍ഡ് വേണ്ടത്ര പരിശോധന നടത്താതെ രജിസ്ട്രേഷന്‍ നല്‍കിയതിനാല്‍ അത്തരം ചില നഴ്സുമാരുടെ രജിസ്ട്രേഷന്‍ റദ്ധാക്കാനുമാകാതെ വന്നു.

വ്യാജ ഐഇഎല്‍ടിഎസ് സര്‍ട്ടിഫിക്കേറ്റ് വാങ്ങിക്കൊടുക്കാന്‍ കേരളത്തില്‍ അങ്കമാലി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ലോബി യൂറോപ്പിലെ ചില മലയാളി ഏജന്റുമാരുടെ സഹായത്തിനെത്തുകയും ചെയ്തതോടെ ‘ഐഇഎല്‍ടിഎസും,നഴ്സിംഗ് ജോലിയും’ഒരൊറ്റ പാക്കേജിലാക്കി ഇരുപതു ലക്ഷം രൂപ വരെ വാങ്ങിയ ഏജന്റുമാര്‍ നിരവധിയാണ്.

വ്യാജ സര്‍ട്ടിഫിക്കേറ്റുമായി ആദ്യഘട്ടത്തില്‍ അയര്‍ലണ്ടിലെത്തിയവരില്‍ പലര്‍ക്കും കാര്യമായ ചെക്കിംഗ് ഉണ്ടായില്ലെന്ന് മാത്രമല്ല,ജോലിയില്‍ പ്രശ്‌നങ്ങളും ഉണ്ടായില്ല.അതേസമയം 2016 സെപ്റ്റംബര്‍ മുതല്‍ വ്യാപകമായ പരാതി ഉയര്‍ന്നതോടെ നഴ്സിംഗ് ബോര്‍ഡ് കര്‍ശനമായ സൂക്ഷമ പരിശോധന നടത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍,ജോലി നേടിയവരും,രജിസ്ട്രേഷന്‍ നേടി അയര്‍ലണ്ടില്‍ അഡാപ്‌റ്റേഷന് എത്തിയവരുമടക്കം ഇരുനൂറോളം മലയാളി നഴ്സുമാര്‍ക്ക് ഇവിടെ നിന്നും തിരികെ പോവേണ്ടി വന്നു.

നിയമ നടപടികള്‍ ഉണ്ടാവുമെന്ന് വ്യക്തമായതോടെ നഴ്സുമാര്‍ രാജ്യം വിട്ടുപോകുവാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.ലക്ഷങ്ങള്‍ കൈക്കലാക്കിയ നഴ്സിംഗ് ഏജന്റുമാരാവട്ടെ നിര്‍ണ്ണായക ഘട്ടത്തില്‍ ഇവരെ കൈയ്യൊഴിയുകയും ചെയ്തു.

ശരിയേത് തെറ്റേതെന്ന് തിരിച്ചറിയാനാവാത്ത വിധം വിദഗ്ദമായി ഐഇഎല്‍ടിഎസ് തട്ടിപ്പുകാര്‍ വിലസാന്‍ തുടങ്ങിയതോടെ സഹികെട്ട നഴ്സിംഗ് ബോര്‍ഡ് അടിയന്തരമായി എടുത്ത തീരുമാനം ഞെട്ടിച്ചവരില്‍ അയര്‍ലണ്ടിലേക്ക് പ്രവേശനം കാത്തിരുന്ന മലയാളികളും ഉണ്ടാവും എന്ന് ഉറപ്പാണ്.എറണാകുളം ജില്ല കേന്ദ്രമാക്കി കഴിഞ്ഞ മാസങ്ങളിലും ‘ഐഇഎല്‍ടിഎസ്-നഴ്സിംഗ് പാക്കേജ് തട്ടിപ്പുകള്‍ക്ക് പണം വാങ്ങിയ ഏജന്റുമാര്‍ ഉണ്ടെന്ന് പറയപ്പെടുന്നു.

ഒ ഇ ടി യിലേക്ക് വഴിമാറാനുള്ള ബ്രിട്ടീഷ്,ഐറിഷ് നഴ്സിംഗ് ബോര്‍ഡുകളുടെ തീരുമാനത്തിന് പിന്നിലും ഇതേ കാരണമുണ്ടായിയ്യിട്ടുണ്ട്. പാസാകാന്‍ ഐഇഎല്‍ടിഎസിനെക്കാള്‍ താരതമ്യേനെ ക്‌ളേശമാണെന്ന് പറയാറുണ്ടെങ്കിലും നഴ്സുമാരെ സംബന്ധിച്ചിടത്തോളം ഒ ഇ ടി എളുപ്പമാണെന്ന് പറയുന്നവരുമുണ്ട്. സ്പീക്കിംഗിലും,ലിസനിംഗിലും,റൈറ്ററിംഗിലും അടക്കം പൊതു വിജ്ഞാനത്തിന് പകരം ഒ ഇ ടിയില്‍ നഴ്സിംഗ്/മെഡിക്കല്‍ പഠനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പരീക്ഷണവിധേയമാക്കുന്നത് എന്നതാണ് ഇതിന് കാരണം.

Scroll To Top