Thursday October 18, 2018
Latest Updates

എറണാകുളം  അതിരൂപതയുടെ ഭരണചുമതലയില്‍ നിന്നും സഹായമെത്രാന്‍മാരെ മാറ്റി,മാര്‍ ജേക്കബ് മാനന്തോടത്ത് പുതിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍

എറണാകുളം  അതിരൂപതയുടെ ഭരണചുമതലയില്‍ നിന്നും സഹായമെത്രാന്‍മാരെ മാറ്റി,മാര്‍ ജേക്കബ് മാനന്തോടത്ത് പുതിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍

കൊച്ചി : എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് ഒരു അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ (Administrator sede plena) നിയമിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ ഉത്തരവിറക്കി. പാലക്കാട് രൂപതാ മെത്രാനായ മാര്‍ ജേക്കബ് മനത്തോടത്താണ് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിക്കപ്പെട്ടിരിക്കുന്നത്.

പാലക്കാട് രൂപതയുടെ മെത്രാനെന്ന നിലയിലുള്ള ഉത്തരവാദിത്വം അദ്ദേഹം തുടര്‍ന്നും നിര്‍വഹിക്കുന്നതായിരിക്കും. വെള്ളിയാഴ്ച റോമന്‍ സമയം ഉച്ചയ്ക്ക് 12നും വത്തിക്കാനിലും ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30ന് കാക്കനാട് മൗണ്ട് സെന്റ് തോമസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയായിലും ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തി.

എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലിത്തന്‍ ആര്‍ച്ച്ബിഷപ്പ് എന്ന സ്ഥാനത്ത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തുടരും. ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തും ബിഷപ്പ് മാര്‍ ജോസ് പുത്തന്‍വീട്ടിലും സഹായമെത്രാന്മാരായി തുടരുമെങ്കിലും ഭരണപരമായ അധികാരങ്ങള്‍ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആയിരിക്കും നിര്‍വഹിക്കുന്നത്.

ഇപ്പോള്‍ നിലവിലുള്ള അതിരൂപതാ ആലോചനാസംഘം, സാന്പത്തികകാര്യസമിതി, വൈദികസമിതി, അജപാലന സമിതി തുടങ്ങിയവയുടെ പ്രവര്‍ത്തനം അഡ്മിനിസ്ട്രേറ്റര്‍ നിയമനത്തോടെ സസ്പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ അഡ്മിനിസ്ട്രേറ്റര്‍ക്ക് പ്രസ്തുത സമിതികള്‍ക്ക് മാറ്റം വരുത്തുകയോ അവ പുനഃസംഘടിപ്പിക്കുകയോ ചെയ്ത് പ്രവര്‍ത്തനക്ഷമമാക്കാന്‍ അധികാരമുണ്ട്.

എറണാകുളം അങ്കമാലി അതിരൂപതയിലെ കോടംതുരുത്തില്‍ 1947 ഫെബ്രുവരി 22 -നാണ് മാര്‍ മനത്തോടത്തിന്റെ ജനനം. പരേതരായ കുര്യനും-കത്രീന ദന്പതികളുടെ മകനാണ്. കോടംതുരുത്ത് എല്‍പി സ്‌കൂള്‍, കുത്തിയതോട് ഇസിഇകെ യൂണിയന്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് എറണാകുളം സേക്രഡ് ഹാര്‍ട്ട് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. പൂനെ പേപ്പല്‍ സെമിനാരിയില്‍ തത്വശാസ്ത്ര-ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കി.

1972 നവംബര്‍ നാലിന് പൗരോഹിത്യം സ്വീകരിച്ചു. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക ദൈവാലയത്തില്‍ അസിസ്റ്റന്റ് വികാരിയായും കര്‍ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടിലിന്റെ സെക്രട്ടറിയായും സേവനം ചെയ്ത ശേഷം റോമിലെ പ്രസിദ്ധമായ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി.

എറണാകുളം അതിരൂപതാ സെക്രട്ടറി, കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറയുടെ സെക്രട്ടറി, അതിരൂപതാ കോടതിയിലെ നീതി സംരക്ഷകന്‍, ബന്ധ സംരക്ഷകന്‍, അതിരൂപതാ ചാന്‍സലര്‍, ആലോചനാസമിതി അംഗം, ‘സേവ് എ ഫാമിലി പ്ലാന്‍ ഇന്ത്യ’യുടെ എക്സിക്യൂട്ടീവ് സെക്രട്ടറി, എളമക്കര, ചെന്പ് പള്ളികളില്‍ വികാരി, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി അധ്യാപകന്‍ എന്നീ നിലകളില്‍ ശുശ്രൂഷ ചെയ്തു.

1992 നവംബര്‍ 28ന് എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. പിന്നീട് 1996 നവംബര്‍ 11ന് പാലക്കാട് രൂപതയുടെ മെത്രാനായി നിയമിതനായി. നിലവില്‍ സിബിസിഐ ഹെല്‍ത്ത് കമ്മീഷന്‍ അംഗം, സീറോ മലബാര്‍ വിശ്വാസ പരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ എന്ന നിലകളിലും ശുശ്രൂഷ ചെയ്തുവരുന്നു.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ്പ് ജാംബത്തിസ്ത ദിക്വാത്രോയുടെ സാന്നിധ്യത്തില്‍ മാര്‍ ജേക്കബ് മനത്തോടത്ത് ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കുമെന്ന് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ചാന്‍സലര്‍ ഫാ. ആന്റണി കൊള്ളന്നൂര്‍ അറിയിച്ചു

.

Scroll To Top