Wednesday May 24, 2017
Latest Updates

എബോള: അയര്‍ലണ്ടില്‍ രോഗബാധിതരില്ലെന്നു എച്ച്.എസ്.ഇ

എബോള: അയര്‍ലണ്ടില്‍ രോഗബാധിതരില്ലെന്നു എച്ച്.എസ്.ഇ

ഡബ്ലിന്‍: അയര്‍ലണ്ടില്‍ എബോള ഭീഷണിയില്ലെന്ന് എച്ച്.എസ്.ഇ. എബോള രോഗ ലക്ഷണങ്ങളോടെ മാറ്റര്‍ ആശുപത്രിയിലെ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട സ്ത്രീക്ക് എബോള വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു.വെസ്റ്റ് ഡബ്ലിന്‍ സ്വദേശിയായ സ്ത്രീയെയാണ് എബോള ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരില്‍ എബോള വൈറസിന്റെ സാന്നിധ്യം ഇല്ലെന്ന് എച്ച്.എസ്.ഇ പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കി. എബോള സംശയിക്കപ്പെട്ടു ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്ത്രീയ്ക്ക് എല്ലാവിധ ചികിത്സയും എല്ലാ ടെസ്റ്റും ചെയ്തു. എന്നാല്‍ എബോള സാധ്യത കണ്ടെത്താനായിട്ടില്ലെന്ന് എച്ച്.എസ്.ഇ വ്യക്തമാക്കി. 

നേരത്തെ കഴിഞ്ഞ ഓഗസ്റ്റിലും അയര്‍ലണ്ടില്‍ എബോള ഭീഷണി പരന്നിരുന്നു. എബോള രൂക്ഷമായ സിയറ ലിയോണില്‍ നിന്ന് അയര്‍ലണ്ടില്‍ മടങ്ങി എത്തിയ ഡെസി ക്വിന്‍ എന്നയാളിനാണ് എബോള ബാധയുണ്ടെന്ന സംശയം ഉയര്‍ന്നത്. സിയറ ലിയോണില്‍ നിന്ന് മടങ്ങി എത്തി ദിവസങ്ങള്‍ക്കകം ഇയാള്‍ മരണപ്പെടുകയായിരുന്നു. എന്നാല്‍ പിന്നീട് നടന്ന പരിശോധനയില്‍ മലേറിയ ബാധയെ തുടര്‍ന്നാണ് ഇദ്ദേഹം മരിച്ചതെന്ന് വ്യക്തമായി. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ അടിസ്ഥാനത്തില്‍ അയര്‍ലണ്ടില്‍ എബോള ഭീഷണി തീരെയില്ലെന്നു എച്ച്.എസ്.ഇ വ്യക്തമാക്കി. 

എങ്കിലും എബോള പൊട്ടിപ്പുറപ്പെട്ട സിയറ ലിയോണ്‍ , ഗിനിയ, ലൈബീരിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് എച്ച്.എസ്.ഇ ആവശ്യപ്പെട്ടു. അതിനിടെ നൈജീരിയ എബോള മുക്തമായതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത് പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്തയാണ്. 42 ദിവസം നീണ്ട കഠിന യജ്ഞത്തിലൂടെയാണ് ലോകാരോഗ്യ സംഘടന നൈജീരിയയെ എബോള മുക്തമാക്കിയത്. എബോള ബാധിത ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എല്ലായിടത്തും കൂടി ആകെ 500 അയര്‍ലണ്ടുകാരുണ്ട്. ഇതില്‍ നൈജീരിയയിലാണ് ഏറ്റവും കൂടുതല്‍ അയര്‍ലണ്ടുകാരുള്ളത്. 400 പേര്‍.

Scroll To Top