Saturday August 19, 2017
Latest Updates

എന്‍ഡാ കെന്നി ഇലക്ഷനെ നേരിടാനൊരുങ്ങുമ്പോള്‍

എന്‍ഡാ കെന്നി ഇലക്ഷനെ നേരിടാനൊരുങ്ങുമ്പോള്‍

ഡബ്ലിന്‍:കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് എന്‍ഡ കെന്നി അയര്‍ലണ്ടിനെ അരക്ഷിതമാക്കി എന്ന പ്രതിപക്ഷ വിമര്‍ശനം രൂക്ഷമാകുമ്പോള്‍ അദ്ദേഹത്തിന് തിരഞ്ഞെടുപ്പിനെ സുഗമമായി നേരിടാനാവുമോ?

ഒട്ടേറെ പ്രഖ്യാപനങ്ങളുമായി കെന്നിയും മൈക്കില്‍ നൂനനും മുന്നേറുമ്പോള്‍ വീണ്ടും ഒരിക്കല്‍ കൂടി അധികാരത്തില്‍ എത്താമെന്ന പ്രതീക്ഷകളിലാണ് ഭരണപക്ഷം.വിദ്യാഭ്യാസമന്ത്രിയെ സൗജന്യ വിദ്യാഭ്യാസത്തിനും മറ്റ് പരിഷ്‌ക്കാരങ്ങള്‍ക്കുമായി 85 മില്യണ്‍ യൂറോ ഏല്‍പ്പിക്കുന്നത് കൊണ്ട് മാത്രം എന്‍ഡാ കെന്നിയ്ക്ക് ആശ്വസിക്കാനാവില്ല. മൂന്ന് വയസ്സിന് മുകളിലുള്ള എല്ലാ കുട്ടികള്‍ക്കും അവര്‍ പ്രൈമറി സ്‌കൂളില്‍ എത്തുന്നത് വരെ സൗജന്യ വിദ്യാഭ്യാസം പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍ എന്നത് നല്ല വാര്‍ത്തയാണ് എന്ന് സമ്മതിക്കാം. പക്ഷേ ജനകീയപ്രശ്‌നങ്ങളില്‍ പലതിനും കെന്നിയ്ക്ക് തൃപ്തികരമായ ഉത്തരങ്ങളില്ല എന്നത് വാസ്തവമാണ്. 

ട്രോളി പ്രതിസന്ധി പരിഹരിക്കുന്നതില്‍ തങ്ങള്‍ പരാജയപ്പെട്ടു എന്ന വിമര്‍ശനത്തിന് ഉത്തരമായി തങ്ങള്‍ ആഗ്രഹിച്ച അത്ര വിജയിക്കാന്‍ കഴിഞ്ഞില്ല എന്ന് പറഞ്ഞ് രക്ഷപെടുന്ന കെന്നി വെള്ളത്തിന്റെ വില നിലനിര്‍ത്തുമോ എന്ന് ചോദ്യത്തിന് ,വെള്ളത്തിനുള്ള സര്‍ക്കാര്‍ ഗ്രാന്റ് നിലനിര്‍ത്തും എന്ന തന്ത്രപരമായ ഉത്തരം നല്‍കുന്നു. വലിയ നഷ്ടത്തിലാണെങ്കിലും യൂറോപ്യന്‍ യൂണിയന്‍ സ്റ്റാന്‍ഡേര്‍ഡുകള്‍ക്ക് ഒപ്പം എത്താന്‍ കഴിയുന്നില്ലെങ്കിലും ഐറിഷ് വാട്ടര്‍ സ്ഥാപിച്ചത് ശരിയായ കാര്യമാണ് എ്ന്നാണ് കെന്നിയുടെ പക്ഷം. ഇപ്പോള്‍ മുതല്‍ 2021 വരെ വരുന്ന ലാഭം കണ്ടോളൂ എന്ന ശുഭപ്രതീക്ഷയും. 

ഒപ്പം വോട്ടര്‍മാരെ സ്വാധീനിക്കാനായി എങ്കിലും സര്‍ക്കാര്‍ യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ്ജ് ഘട്ടം ഘട്ടമായി ഇല്ലാതാക്കുന്നതിനു തുടക്കം ഇടും എന്ന വാദത്തെയും അദ്ദേഹം നിഷേധിക്കുന്നു. ജനങ്ങള്‍ യൂ എസ് സി യെ വെറുക്കുന്നെങ്കിലും അത് ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കാനാവില്ല എന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്.ഒന്നര ശതമാനം ഇത്തവണ വെട്ടികുറയ്ക്കുന്നുവെന്ന് പറയുന്നത് താത്കാലിക ഇലക്ഷന്‍ തന്ത്രമാണെന്ന് ചുരുക്കം. 

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി സമൂഹത്തെ കൂടുതല്‍ വിഭജിക്കുകയും അസമത്വം സൃഷ്ടിക്കുകയും ചെയ്ത തന്റെ നയങ്ങള്‍ തുടരാനാണ് കെന്നിയുടെ തീരുമാനം എന്ന് വ്യക്തമാണ് എന്നാണ് പ്രതിപക്ഷ നേതാക്കളുടെ ആരോപണം.എന്‍ഡാ കെന്നിയുടെ ഭരണത്തിന്റെ പ്രത്യക്ഷ ഫലങ്ങളായ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലെ അരക്ഷിതാവസ്ഥ ഇല്ലാതാക്കാനോ, അനുദിനം രൂക്ഷമാകുന്ന പാര്‍പ്പിട പ്രതിസന്ധിക്ക് പരിഹരിക്കാനോ ഇനിയൊരു തവണ ജയിച്ചാലും കെന്നി ശ്രമിക്കുമെന്ന് യാതൊരു പ്രതീക്ഷയും തങ്ങള്‍ക്കില്ല എന്ന് അവര്‍ പറയുന്നു. 

Scroll To Top