Tuesday April 25, 2017
Latest Updates

എന്റെ കേരളത്തിന്റെ ഓണം

എന്റെ കേരളത്തിന്റെ ഓണം

ഇന്ന് തിരുവോണം. സമ്പല്‍ സമൃദ്ധിയുടെ ഓര്‍മ പുതുക്കല്‍ ദിനം. ലോകമെമ്പാടുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുന്നു. വിലക്കയറ്റം പൊറുതി മുട്ടിക്കുന്നുണ്ടെങ്കിലും കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴം മൊഴി യാഥാര്‍ത്ഥ്യമാകുന്ന ദിവസം.

ശരാശരി മലയാളിക്ക് സാമ്പത്തിക ബാധ്യത വരുന്ന കാലം.ഓണക്കോടിക്കും ഓണ സദ്യയ്ക്കുമായി കടം വാങ്ങുന്നവര്‍ വരാന്‍ പോകുന്ന ബാധ്യതകളുടെ നീണ്ട പട്ടിക തല്‍ക്കാലത്തേയ്‌ക്കെങ്കിലും വിസ്മരിക്കും. ടിവിയും ഫ്രിഡ്ജും ബൈക്കും കാറുമൊക്കെ കടമെടുത്തും വാങ്ങുന്ന അവസരം. അതു വരുത്തി വയ്ക്കുന്ന ബാധ്യതയില്‍ വര്‍ഷങ്ങളോളം മുണ്ടുമുറുക്കിയുടുക്കുന്ന പാരമ്പര്യം മലയാളിക്ക് സ്വന്തമായിട്ട് കാലമേറെയായി.

വന്‍കിട കമ്പനികളുടെ പരസ്യ വാചകങ്ങളില്‍ മയങ്ങി ഫിനാന്‍സ് കമ്പനികളുടെ കാണാക്കുരുക്കുകളില്‍ ചെന്നു പെട്ട് ആജീവനാന്ത ഭാരം ചുമക്കുന്ന സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നത്. വരും ദിവസങ്ങളെ കുറിച്ചുള്ള കാര്യമായ ചിന്തകളൊന്നും ശരാശരി മലയാളികള്‍ക്കു പ്രശ്‌നമല്ലതായിരിക്കുന്നു. ഓണം ആഘോഷിക്കുമ്പോള്‍ നാളെ നേരിടാന്‍ പോകുന്ന പ്രതിസന്ധികളെ കുറിച്ചു ബോധവാന്മാരാകാന്‍ പോലും തയ്യാറാകുന്നില്ല. ഇന്നത്തെ ഊണും ആഘോഷവും കഴിഞ്ഞ് ഉറങ്ങി എഴുന്നേറ്റാല്‍ വരാന്‍ പോകുന്ന വലിയ പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിനുള്ള മാര്‍ഗങ്ങളും ആരും തേടില്ല. സമ്പന്നര്‍ക്കിതൊന്നും കാര്യമാക്കാനില്ലെങ്കിലും ശരാശരി മലയാളികള്‍ക്ക് ജീവിതം വഴിമുട്ടുന്ന ഒരു സാഹചര്യമുണ്ടാകുമെന്ന മുന്നറിയിപ്പുകളാണ് ഓണക്കാലത്തും കാണുന്നത്.

ഓണ സദ്യക്കായി മലയാളികളുടെ അടുക്കളയിലെത്തിയ പച്ചക്കറികളില്‍ ഭൂരിഭാഗവും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തിയവയാണ്. ചില നാട്ടിന്‍പുറ ചന്തകളില്‍ മാത്രമാണ് നാട്ടിലുള്ള പച്ചക്കറികളും പഴങ്ങളുമെത്തിയത്. വലിയ സ്വപ്നങ്ങള്‍ നെയ്തിറിക്കിയ കൃഷി പ്രതീക്ഷകള്‍ തെറ്റിച്ചെത്തിയ കാലവര്‍ഷം കവര്‍ന്നെടുത്തിരുന്നു. മലയോര മേഖലയിലെ എല്ലാ കര്‍ഷകര്‍ക്കും നാശത്തിന്റെ കാലമായിരുന്നു പൊന്നിന്‍ ചിങ്ങം പുലരുന്നതിനു മുമ്പുള്ള രണ്ടു മാസം.

കുരുമുളകും ഏലവും റബ്ബറും കാപ്പിയും കപ്പയുമൊക്കെ കടപ്പുഴക്കിയെറിഞ്ഞിട്ടാണ് കാലവര്‍ഷം കലിയടക്കിയത്. മലനാട്ടില്‍ ഉരുള്‍പ്പൊട്ടലും മലയിടിച്ചിലും നാശം വിതച്ചപ്പോള്‍ ഇടനാട് വെള്ളപ്പാച്ചിലുകളാണ് കര്‍ഷകരുടെ സ്വപ്നം തകര്‍ത്തത്. ആലപ്പുഴയിലും കോട്ടയത്തുമൊക്കെ നെല്‍പ്പാടങ്ങളില്‍ കയറിയ വെള്ളം ഇതുവരെ പൂര്‍ണമായും ഇറങ്ങിയിട്ടില്ല. ചിങ്ങത്തില്‍ കൊയ്യാനുള്ള നെല്ലും ചിങ്ങ നിലാവ് കണ്ടു വിതച്ച വിളകളും വെള്ളത്തിനിടയിലായി.

ഇടവിളകളായി വിതച്ച പച്ചക്കറികളെയും വെള്ളപ്പാച്ചില്‍ കൊണ്ടു പോയി. കര്‍ഷകരാകട്ടെ ദുരിത കയത്തിലും. ഓണ ചന്തകള്‍ ലക്ഷ്യമിട്ടു വിളയിച്ചെടുത്ത വാഴക്കുലകളെ കാറ്റും മഴയും കടപുഴക്കിയെറിഞ്ഞു. മിച്ചം വച്ച സമ്പാദ്യങ്ങള്‍ പണയും വച്ചും കടമെടുത്തും വിളവിറക്കിയവരുടെ ഓണം മാത്രമല്ല വരും ദൈനംദിന ജീവിതം പോലും പ്രതിസന്ധിയിലായി. മക്കള്‍ക്കുള്ള വിദ്യാഭ്യാസ ചെലവുകളും അച്ഛനപ്പൂന്മാരുടെ ചികിത്സാ ചെലവുകളും പ്രതീക്ഷിച്ചിരുന്നവര്‍ക്കു കനത്ത ആഘാതമായി കാലവര്‍ഷം മാറി.

ഇതോടെ ഏതാണ്ട് പൂര്‍ണമായും ഓണ വിപണിക്കായി അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലായി മലയാളികള്‍. അവര്‍ വിളയിച്ചെടുത്ത, അവര്‍ക്ക് ഇഷ്ടമുള്ള കീടനാശിനികള്‍ തളിച്ച, ഒരു പരിശോധനകള്‍ക്കും വിധേയമാകാത്ത വിഷക്കനികളാണ് കേരളത്തിന്റെ അതിര്‍ത്തികള്‍ കടന്നെത്തിയത്. അതും അവര്‍ നിശ്ചയിച്ച വിലകള്‍ക്ക്. പതിവു വിലയേക്കാള്‍ ഇരട്ടിയിലധികം നല്‍കി ഓണം ആഘോഷിക്കാന്‍ പച്ചക്കറിയും അരിയുമൊക്കെ വാങ്ങുമ്പോള്‍ കേരളത്തില്‍ ഇതൊക്കെ വിളയിച്ചെടുത്ത, മഴയും വെയിലും കൊണ്ടു പോകാതെ കാത്തിരുന്ന കര്‍ഷകന് ലഭിച്ചതാകട്ടെ തുച്ഛമായ വിലയും.

ഇടനിലക്കാരും കള്ളക്കച്ചവടക്കാരും ലാഭം കൊണ്ടു പോകുമ്പോള്‍ വിറ്റു പോയ വിലയുടെ നാലിലൊന്നു പോലും വിളയിച്ചെടുത്ത കര്‍ഷകനു ലഭിച്ചിട്ടില്ല. വിപണിയിലെ വിലക്കയറ്റം കൊണ്ടു മറ്റുള്ളവര്‍ ഓണം ആഘോഷിക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ വിളയ്ക്കു വില ലഭിക്കാത്ത കര്‍ഷകനും ഓണം ആഘോഷിക്കാന്‍ പെടാപാടു പെടുകയായിരുന്നു. കഴിഞ്ഞ ആഴ്ച കുരുമുളകിനു റിക്കോര്‍ഡ് വിലയായിരുന്നു വിപണിയില്‍. ലേലം നടന്നതും റിക്കോര്‍ഡുകള്‍ തിരുത്തിയായിരുന്നു. എന്നാല്‍ ഇടുക്കിയിലെ കുരുമുളക് കര്‍ഷകര്‍ക്കു പതിവിലും കുറഞ്ഞ വിലയാണു ലഭിച്ചത്. ഏലം കര്‍ഷകര്‍ക്കാകട്ടെ വിളനാശം കൊണ്ടുണ്ടായ നഷ്ടം അടുത്ത കാലത്തൊന്നും നികത്തിയെടുക്കാനാകില്ല.

ഇങ്ങനെ കര്‍ഷകരും സാധാരണക്കാരും ശരാശരി കുടുംബങ്ങളും അമിതമായ വിലക്കയറ്റത്തിന്റെയും പ്രകൃതിക്ഷോഭത്തിന്റെയും പിടിയില്‍പ്പെട്ട് ദരിദ്രരായി മാറുമ്പോള്‍ ആശ്വാസമാകുന്ന സ്റ്റാറ്റിയൂട്ടറി റേഷന്‍ സമ്പ്രദായമാണ്. കേരളം ഇന്ത്യക്കു മാതൃകയായി ഉയര്‍ത്തി കൊണ്ടു വന്ന റേഷന്‍ സമ്പ്രദായത്തിനു മേലും ഇപ്പോള്‍ ആശങ്കയുടെ കരിനിഴല്‍ വീണു കഴിഞ്ഞു. ഇത്തവണ ഓണത്തിന് കുത്തരി ചോറിനു പകരം റേഷനരി ചോറു കൊണ്ട് സദ്യ സുഭിക്ഷമാക്കിയവര്‍ക്ക് അടുത്ത വര്‍ഷം ഇതു ലഭിക്കുമോ എന്ന ആശങ്കയാണ് ഈ ഓണക്കാലത്ത് ഉയരുന്നത്.

രാജ്യത്തിനു തന്നെ ഗുണകരമാകുമെന്ന പ്രഖ്യാപനത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ഭക്ഷ്യ സുരക്ഷാ നിയമം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ആശങ്കകളോടെ നോക്കി കാണാനേ കഴിയൂ. സംസ്ഥാന സര്‍ക്കാര്‍ ഭക്ഷ്യ സുരക്ഷാ നിയമം കേരളത്തിന് ഗുണകരമാണെന്ന വാദം നിരത്തുന്നുണ്ട്. ആശങ്കപ്പെടാനില്ലെന്നും തറപ്പിച്ചു പറയുന്നു. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ കേരള ഘടകം അങ്ങനെ പറയുമ്പോള്‍ പൂര്‍ണമായും വിശ്വസിക്കാന്‍ കഴിയില്ല. ചില വസ്തുതകള്‍ പരിശോധിക്കുക തന്നെ വേണം. അഞ്ചു വര്‍ഷം ഭരിച്ചിട്ടും നടപ്പിലാക്കാത്ത ജനങ്ങളെ നേരിട്ടു ബാധിക്കുന്ന നിരവധി നിയമങ്ങളാണ് തെരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരു വര്‍ഷം മാത്രം ശേഷിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഗുണങ്ങളും നേട്ടങ്ങളും മാത്രം പ്രകീര്‍ത്തിച്ചു കൊണ്ടുള്ള പ്രചാരണം തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ളതു കൂടിയാകുമ്പോള്‍ ഒരു പരിശോധന അനിവാര്യമായി വരുന്നു. കണക്കുകള്‍ കൊണ്ടു മാത്രം കഞ്ഞി കുടിക്കേണ്ട അവസ്ഥ വരാതിരിക്കണമെങ്കില്‍ ഗുണമായാലും ദോഷമായാലും അനുഭവിക്കേണ്ടി വരുന്ന ഗുണഭോക്താക്കള്‍ ബോധവാന്മാരാകണം.

ഭക്ഷ്യ സുരക്ഷ നടപ്പിലാകുമ്പോള്‍ കേരളീയരുടെ സുപ്രധാന ഉല്‍പ്പന്നമായ അരിയില്‍ തന്നെ തുടങ്ങണം. നിവര്‍ത്തിയുണ്ടെങ്കില്‍ ഒരു നേരമെങ്കിലും മലയാളിക്ക് അരി ഭക്ഷണം നിര്‍ബന്ധമാണ്. സാമ്പത്തിക നിലവാരം അനുസരിച്ച് ബസുമതി അരിയോ മട്ടയോ കുറുവയോ റേഷനരിയെങ്കിലുമോ മലയാളി എല്ലാ ദിവസവും വാങ്ങുന്നു. ഇതില്‍ സാധാരണക്കാര്‍ ആശ്രയിക്കുന്നത് റേഷന്‍ കടകളെയും സര്‍ക്കാരിന്റെ മറ്റു സബ്‌സിഡി വിതരണ കേന്ദ്രങ്ങളെയുമാണ്. ഇവിടെയാണ് ഭക്ഷ്യ സുരക്ഷാ നിയമം ചില വേലികള്‍ തീര്‍ക്കുന്നത്. ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള കുടുംബങ്ങള്‍ക്കു ഒരു രൂപയ്ക്ക് ഒരു കിലോ അരി ലഭിക്കും. ഈ രേഖയ്ക്കു മുകളിലുള്ളവര്‍ക്കാണെങ്കില്‍ 8.90 രൂപയ്ക്കായിരിക്കും ഇനി അരി ലഭിക്കുക. രണ്ടു രേഖകളിലും ഉള്‍പെടാത്ത ഒരു കൂട്ടരുമുണ്ട് കേരളത്തില്‍. ഭൂരിപക്ഷം പേരും ഈ ഗണത്തിലുള്ളവരാണ്. അവര്‍ക്ക് ഒരു കിലോ അരി ലഭിക്കുക 21 രൂപയ്ക്കാണ്. പൊതു വിപണിയില്‍ ശരാശരി അരി വില കിലോയ്ക്ക് 30 മുതല്‍ 35 രൂപ വരെ ഉള്ളപ്പോഴാണ് ഈ നിരക്കില്‍ വിതരണം ചെയ്യുക. കേന്ദ്രത്തിന്റെ കണക്കില്‍ ഭക്ഷ്യ സുരക്ഷയുടെ പരിധിയില്‍ 46% പേര്‍ മാത്രമേ വരുന്നുള്ളൂ. ശേഷിക്കുന്ന 54% പേരാണ് കിലോയ്ക്ക് 21 രൂപ നല്‍കേണ്ടി വരുന്ന സമ്പന്ന ഗണത്തില്‍പ്പെടുന്നത്.

ഭക്ഷ്യ. സുരക്ഷാ നിയമത്തില്‍ ഗുണഭോക്താക്കളുടെ എണ്ണം 46% ആയി നിജപ്പെടുത്തിയാല്‍ റേഷന്‍ വിഹിതത്തില്‍ കുറവുണ്ടാകും. അധിക വിഹിതം പോലും ഇപ്പോള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. അതു ഇതിനുള്ള തെളിവായി പരിഗണിക്കാം. അധികമായി അരി നല്‍കാന്‍ കേന്ദ്രം തയ്യാറാണ്. എന്നാല്‍ അതിന് ഉയര്‍ന്ന വില നല്‍കണം. വിപണി നിരക്കില്‍ അരി വാങ്ങി സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്താല്‍ അതായത് ഒരു കിലോ അരിക്ക് 21 രൂപ നല്‍കേണ്ടി വരുന്നവര്‍ക്ക് 8.90 രൂപയ്ക്ക് അരി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ പ്രതിവര്‍ഷം വരുന്ന ബാധ്യത ആയിരം കോടിയുടേതായിരിക്കും. ഇതിനു പുറമെ സബ്‌സിഡി നിരക്കില്‍ കൂടുതല്‍ അരി ലഭിക്കുകയുമില്ല. കഴിഞ്ഞ വര്‍ഷം 3.55 ലക്ഷം ടണ്‍ അരി കൂടുതലായി കേരളത്തിനു ലഭിച്ചിരുന്നു. അതുകൊണ്ടു തന്നെ ഇനി അതു ലഭിക്കില്ല. നല്‍കാന്‍ വ്യവസ്ഥയില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതായത് ഭക്ഷ്യ സുരക്ഷ പ്രകാരം ലഭിക്കേണ്ട 14.25ലക്ഷം ടണ്ണിന് മുകളില്‍ ഭക്ഷ്യ ധാന്യം ചോദിച്ചാല്‍ പൊതു വിപണി പദ്ധതി പ്രകാരം മൂന്നിരട്ടി വില നല്‍കണം.

സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡി വിതരണം നിലനിര്‍ത്താന്‍ തീരുാനിച്ചാല്‍ 46% ത്തിന് സബ്‌സിഡിക്ക് അരി നല്‍കുമ്പോള്‍ ലഭിക്കുന്ന ലാഭം 54% ത്തിന് കൂടുതല്‍ വിലയ്ക്ക് അരി വാങ്ങി സബ്‌സിഡി നിരക്കില്‍ നല്‍കുന്നതിനു വേണ്ടി ചെലവഴിക്കേണ്ടി വരും. ഇതോടെ ഭക്ഷ്യ സുരക്ഷ നിയമത്തിന്റെ ഗുണം കേരളത്തിനു പൂര്‍ണമായും നഷ്ടമാകും. ഇതു മറച്ചു വച്ചുകൊണ്ടുള്ള പ്രചാരണം, കേന്ദ്ര, കേരള സര്‍ക്കാരിനു നേതൃത്വം നല്‍കുന്നവര്‍ക്കു നേട്ടത്തിനു വേണ്ടി മാത്രമുള്ളതാണ്. അതിനു വേണ്ടിയാണു കണക്കുകള്‍ നിരത്തിയുള്ള ഗീര്‍വാണങ്ങളെന്നു സംശയിക്കേണ്ടിയിരിക്കുന്നു. കാര്യങ്ങള്‍ വ്യക്തമാകാന്‍ കാത്തിരിക്കേണ്ടി വരും. അധികം കഴിയുന്നതിനു മുമ്പു തന്നെ അതു വ്യക്തമാകും. ഇപ്പോള്‍ മുന്‍ കരുതലുകള്‍ സ്വീകരിക്കാതെ മടിച്ചിരുന്നാല്‍ അടുത്ത തിരുവോണത്തിന് ഇരട്ടിയിലധികം വില നല്‍കിയാകും റേഷനരി പോലും സദ്യക്കു വിളമ്പാനാകില്ല. ആഘോഷങ്ങളുടെ തിമിര്‍പ്പിന്റെ ആലസ്യം തീരുമ്പോള്‍ ചിന്തിക്കേണ്ടതും ഇതാണ്…ഓണം ബാക്കിവയ്ക്കുന്ന ചിന്തകളില്‍ നിന്നും മാര്‍ഗം തെളിഞ്ഞില്ലെങ്കില്‍ വരാന്‍ പോകുന്നത് വറുതിയുടെ നാളുകളായിരിക്കും..

Scroll To Top