Wednesday February 22, 2017
Latest Updates

എച്ച്എസ്ഇയുടെ ചെലവ് ചുരുക്കല്‍ നയത്തിനെതിരെ ഐഎന്‍എംഓ രംഗത്ത് 

എച്ച്എസ്ഇയുടെ ചെലവ് ചുരുക്കല്‍ നയത്തിനെതിരെ ഐഎന്‍എംഓ രംഗത്ത് 

ഡബ്ലിന്‍: എച്ച്എസ്ഇയുടെ ചെലവ് ചുരുക്കല്‍ നയത്തനെതിരെ നഴ്‌സുമാരുടെ സംഘടനയായ ഐഎന്‍എംഓ. ചെലവ് ചുരുക്കലിലൂടെ നഴ്‌സുമാരുടെ എണ്ണം കുറയുകയും അത് നഴ്‌സുമാര്‍ പിഴവുകള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുമെന്നും ഐഎന്‍എംഓ ഭാരവാഹികള്‍ പറഞ്ഞു. എച്ച്എസ്ഇ ഏറ്റവും അവസാനം പ്രഖ്യാപിച്ച ചെലവ് ചുരുക്കല്‍ നയം അംഗീകരിക്കാനാകില്ലെന്നും സംഘടന വൈസ് പ്രസിഡന്റ് ജെറാള്‍ഡിന്‍ ടാല്‍ടി പറഞ്ഞു. 

ചെലവ് ചുരുക്കല്‍ നയം പിഴവുകള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുമെന്ന് മാത്രമല്ല. ഇത് രോഗികളുടെ ജീവന് ഭീഷണി ഉയര്‍ത്തുമെന്നും സംഘടന പറയുന്നു. കൂടാതെ നഴ്‌സുമാരുടെ രജിസ്‌ട്രേഷന്‍ നഷ്ടപ്പെടുത്തുന്നതിനും ഈ നയം കാരണമാകും. ഹഡിംഗ്ടണ്‍ റോഡ് കരാറിന്റെ ഭാഗമായി നടപ്പിലാക്കാനിരിക്കുന്ന ചെലവ് ചുരുക്കല്‍ നയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്നലെ കൂടിയ മീറ്റിങ്ങിലാണ് സംഘടന ഭാരവാഹികള്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. ജെറാള്‍ഡിന്‍ ടാല്‍ടി ഉള്‍പ്പെടെ നാല് പേര്‍ സംഘടനയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. 

ആവശ്യത്തിന് ജീവനക്കാരില്ലാത്തത് രോഗികളുടെ മരണ നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന് ബ്രിട്ടനിലെ സ്റ്റാഫോര്‍ഡ് ആശുപത്രി വിവാദം ചൂണ്ടിക്കാട്ടി നഴ്‌സിംഗ് സംഘടന ഭാരവാഹികള്‍ വാദിച്ചു. ബ്രിട്ടനിലെ സ്റ്റാഫോര്‍ഡ് ആശുപത്രിയില്‍ ഉണ്ടായത് പോലെ മരണങ്ങള്‍ അയര്‍ലണ്ടില്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന് ഐഎന്‍എംഓ പ്രസിഡന്റ് ക്ലെയര്‍ മഹോണ്‍ പറഞ്ഞു. ഹഡിംഗ്ടണ്‍ റോഡ് കരാറിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് എച്ച്എസ്ഇ അധികൃതരും ഐഎന്‍എംഓ ഭാരവാഹികളും തമ്മില്‍ കഴിഞ്ഞ മാസം ഒരു തര്‍ക്കം ഉടലെടുത്തിരുന്നു. സമാന വിഷയങ്ങളില്‍ ഇപ്പോഴും അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നു. 

കരാറിലെ വ്യവസ്ഥകള്‍ പ്രകാരം ഏജന്‍സി നഴ്‌സുമാര്‍ക്ക് പകരം ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരെ നിയമിക്കേണ്ടി വരുമെന്നും സംഘടന പറഞ്ഞു. ഇത്തരം തീരുമാനങ്ങള്‍ നഴ്‌സുമാരെയും രോഗികളെയും ഒരു പോലെ ബാധിക്കും. സംഘടനകളുടെ ആശങ്ക ചര്‍ച്ച ചെയ്യാന്‍ ജൂലൈ 21 ന് ആരോഗ്യമന്ത്രി ജെയിംസ് റെലിയുമായും ഒരു ചര്‍ച്ച വിളിച്ചിട്ടുണ്ട്. 

Scroll To Top