Thursday February 23, 2017
Latest Updates

‘എം എ ബേബി ഇഫക്റ്റല്ല,ബേബി ജോണ്‍ ഇഫക്റ്റാണ് കൊല്ലത്തെന്ന്’ താലയിലെ അലക്‌സാണ്ടര്‍ മത്തായി

‘എം എ ബേബി ഇഫക്റ്റല്ല,ബേബി ജോണ്‍ ഇഫക്റ്റാണ് കൊല്ലത്തെന്ന്’ താലയിലെ അലക്‌സാണ്ടര്‍ മത്തായി
അലക്‌സാണ്ടര്‍ തേവലക്കര

അലക്‌സാണ്ടര്‍ തേവലക്കര

ജന്മനാട്ടില്‍ നിന്നും പതിനെട്ടാമത്തെ വയസില്‍ പഠനവും ജോലിയുമായി മാറിനില്‍ക്കേണ്ടി വന്നതിനിടയില്‍ അപൂര്‍വമായാണ് വോട്ടു രേഖപ്പെടുത്താന്‍ എനിക്ക് അവസരം ലഭിച്ചിട്ടുള്ളത്.രാഷ്ട്രീയത്തില്‍ താത്പര്യമുണ്ടായിരുന്നത് കൊണ്ട് എന്റെ നാടായ ചവറയിലെ ചെറിയ ചലനങ്ങള്‍ പോലും ഞാന്‍ അറിയാറുണ്ടായിരുന്നു.ഇന്ത്യന്‍ നേവിയിലായിരിക്കെ മുംബൈയിലും ഡല്‍ഹിയിലും ജീവിച്ചതുകൊണ്ട് അവിടങ്ങളുമായി നമ്മുടെ ഗ്രാമപ്രദേശങ്ങളിലെ വികസനപ്രവര്‍ത്തനങ്ങളെ താരതമ്യപ്പെടുത്തി അളക്കാന്‍ ആവില്ലെങ്കിലും ,നാട്ടിലെ ഹര്‍ത്താലുകളും വികസന വിരുദ്ധ സമരങ്ങളും ഏതൊരു പ്രവാസിയെയും എന്ന പോലെ എന്നെയും ആശങ്കാകുലനാക്കിയിരുന്നു.

കൊല്ലത്തിന്റെ പ്രതിനിധികളായി നല്ല നേതാക്കള്‍ വരണം എന്നും എനിക്കാഗ്രഹമുണ്ട്.നല്ല ജനപ്രതിനിധികള്‍ നല്ല മാതൃക കാട്ടുന്ന നേതാക്കളാവണം. അത്തരത്തില്‍ ഞാന്‍ നോക്കി കണ്ടിരുന്ന രണ്ടു പേര്‍ തമ്മിലാണ് ഇത്തവണ കൊല്ലം മണ്ഡലത്തില്‍ മത്സരം എന്നത് ഏറെ കൌതുകത്തോടെയാണ് ഞാന്‍ കാണുന്നത്.

ഇരുമുന്നണികളുടെയും അഭിമാന പോരാട്ടം നടക്കുന്ന മണ്ഡലമാണ് കൊല്ലം. ആര്‍എസ്പിയുടെ മുന്നണി മാറ്റത്തിലൂടെ ശ്രദ്ധേയമായ മണ്ഡലം തിരിച്ചു പിടിക്കാന്‍ എംഎ ബേബിയും നിലനിര്‍ത്താന്‍ യൂ ഡി എഫിന് വേണ്ടി പ്രേമചന്ദ്രനും പോരിനിരങ്ങുമ്പോള്‍ അതിശക്തമായ രാഷ്ട്രീയ പോരാട്ടത്തിനാണ് മണ്ഡലം വേദിയാകുന്നത്. സംസ്ഥാനത്തെ ഏറ്റവും മികച്ച രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലമാണ് കൊല്ലം. ആര്‍എസ്പി മുന്നണി വിട്ടു പോയത് രാഷ്ട്രീയ വഞ്ചനയാണെന്ന് തെളിയിക്കാന്‍ ഇടതുമുന്നണിക്കും തങ്ങളുടെ തീരുമാനം ശരിയായിരുന്നു എന്ന് തെളിയിക്കാന്‍ ആര്‍എസ്പിക്കും വിജയം അനിവാര്യമാണ്. ബിജെപിയും ആര്‍എംപി നേതൃത്വത്തിലുള്ള ഇടതു ഐക്യ മുന്നണിയും മണ്ഡലത്തില്‍ മത്സരിക്കുന്നു.

പൊതുവെ ഇടതു ആഭിമുഖ്യം പുലര്‍ത്തുന്ന കൊല്ലം മണ്ഡലം 2009 ലെ തെരഞ്ഞെടുപ്പിലൂടെ പീതാംബരക്കുറുപ്പ് പിടിച്ചെടുക്കുകയായിരുന്നു. സി പി എമ്മിലെ പി രാജേന്ദ്രനെ പരാജയപ്പെടുത്തിയാണ് പീതാംബരക്കുറുപ്പ് മണ്ഡലം വലത്തേക്ക് ചേര്‍ത്തത്. മണ്ഡല രൂപീകരണത്തിന് ശേഷം നടന്ന പതിനഞ്ച് തെരഞ്ഞെടുപ്പുകളില്‍ നാല് തവണ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്. ബാക്കിയുള്ള പതിനൊന്നു തെരഞ്ഞെടുപ്പുകളിലും സിപിഎം, സിപിഐ, ആര്‍എസ്പി സ്ഥാനാര്‍ത്ഥികളാണ് മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. നിലവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എന്‍ കെ പ്രേമചന്ദ്രന്‍ 1996 ലും 1998 ലും കൊല്ലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭയില്‍ എത്തിയിട്ടുണ്ട്. ഇതാണ് പൊതുവെ കൊല്ലം മണ്ഡലത്തിന്റെ രാഷ്ട്രീയസ്വഭാവം.

കഴിഞ്ഞ വി എസ് മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ പരസ്പരം മത്സരിക്കുന്നു എന്നതാണ് കൊല്ലത്തെ സംബന്ധിച്ച് മറ്റൊരു കൗതുക കാഴ്ച. 1999 ല്‍ ആര്‍എസ്പിയിലെ പിളര്‍പ്പിനെ തുടര്‍ന്ന് ആ പാര്‍ട്ടിയുടെ ശക്തി ക്ഷയിച്ചതോടെയാണ് സി പി എം കൊല്ലം സീറ്റ് ഏറ്റെടുക്കുന്നത്. എന്നാല്‍ ഇത്തവ സീറ്റ് നിഷേധിച്ചത്തിലൂടെ ആര്‍എസ്പി ഷിബു ബേബി ജോണ്‍ വിഭാഗവുമായി ചേര്‍ന്ന് വീണ്ടും ഒന്നായി എന്നത് മറ്റൊരു കൗതുക കാഴ്ച. ഇത്തവണയും ആര്‍സിപിക്ക് കൊല്ലം സീറ്റ് ലഭിക്കില്ലെന്ന് വളരെ നേരത്തെ തന്നെ വ്യക്തമായിരുന്നു. എംഎ ബേബിയെ വളരെ നേരത്തെ തന്നെ സിപിഎം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും പ്രചരണം തുടങ്ങുകയും ചെയ്തു. പോളിറ്റ് ബ്യൂറോ അംഗത്തെ തന്നെ രംഗത്തിറക്കി കൊല്ലത്ത് പോരാട്ടത്തിനിറങ്ങിയ സിപിഎം വിജയത്തില്‍ കുറഞ്ഞു മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. എംഎ ബേബിക്ക് മണ്ഡലത്തിലുള്ള വ്യക്തി ബന്ധങ്ങളും മണ്ഡലത്തിന്റെ പൊതുവായ ഇടതു സ്വഭാവവും അനുകൂല ഘടകങ്ങളാകുമെന്ന് ഇടതുമുന്നണി കണക്കുകൂട്ടുന്നു. ഇടതുമുന്നണിയിലെ പ്രധാനകക്ഷികളായ സിപിഎമ്മിനും സിപിഐക്കും നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലമാണ് കൊല്ലം. ഒത്തുപിടിച്ചാല്‍ ജയിക്കാമെന്ന് തന്നെയാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ.

സിപിഎമ്മിലെ പടലപ്പിണക്കങ്ങളും പിഡിപി വിവാദവുമൊക്കെയാണ് കഴിഞ്ഞ തവണ രാജേന്ദ്രന് വിനയായത്. 2009 ല്‍ ഭൂരിപക്ഷം നിയമസഭ മണ്ഡലങ്ങളിലും പീതാംബരക്കുറുപ്പിന് ഭൂരിപക്ഷം നല്‍കി. എന്നാല്‍ കുറുപ്പിന് ലോകസഭ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നല്കിയ എല്ലാ നിയമസഭ മണ്ടലനങ്ങളും 2011 ലെ നിയമസഭ തെരഞ്ഞെടുപ്പോടെ ഇടതുപക്ഷത്തേക്ക് ചാഞ്ഞതായി വോട്ടിംഗ് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ തവണ കൊല്ലത്ത് ചവറയില്‍ മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. ചവറയില്‍ പരാജയപ്പെട്ടത് ഇന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പ്രേമചന്ദ്രനായിരുന്നു. ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ എംഎ ബേബിയുടെ വിജയം അനായാസമാണെന്ന് ഇടതുമുന്നണി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

ശ്വേത മേനോന്‍ വിവാദത്തില്‍പ്പെട്ട പീതാംബരക്കുറുപ്പിന് പകരം ആരെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് യുഡിഎഫ് നേതൃത്വം തല പുകയ്ക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി എന്‍കെ പ്രേമചന്ദ്രനും ആര്‍എസ്പിയും യുഡിഎഫില്‍ എത്തിയത്. അങ്ങനെ ഇന്നലെ വരെ ശത്രുപാളയത്തില്‍ നിന്ന എന്‍കെ പ്രേമചന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി. ഗ്രാമപഞ്ചായത്ത് മുതല്‍ ജില്ലാ കൌണ്‍സില്‍, നിയമസഭ, രാജ്യസഭ,ലോകസഭ തുടങ്ങി നിയമനിര്‍മ്മാണ സഭയുടെ എല്ലാ വേദികളിലും അംഗമായ നേതാവാണ് എന്‍കെ പ്രേമചന്ദ്രന്‍. കഴിഞ്ഞ വിഎസ് മന്ത്രിസഭയിലെ മികച്ച മന്ത്രിയെന്ന പേര് സമ്പാദിക്കുകയും ചെയ്തു.

എന്നാല്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന്റെ പേരില്‍ ഇന്നലെ വരെ എതിര്‍ത്ത് പോന്ന യുഡിഎഫിലേക്കുള്ള മാറ്റം ആര്‍എസ്പി എങ്ങനെ വിശദീകരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും യുഡിഎഫിന്റെ സാധ്യതകള്‍. കൊല്ലത്ത് ചവറ ഇരവിപുരം മണ്ഡലങ്ങള്‍ ആര്‍എസ്പിയുടെ ശക്തി കേന്ദ്രങ്ങളാണ്. ആര്‍എസ്പിയുടെ മുഴുവന്‍ വോട്ടുകളും പോള്‍ ചെയ്യിക്കുകയും യുഡിഎഫിന്റെ പരമ്പരാഗത വോട്ടുകള്‍ കൂടി സമാഹരിക്കാനായാല്‍ മണ്ഡലം നിലനിര്‍ത്താമെന്ന് യുഡിഎഫും പ്രതീക്ഷ പ്രകടിപ്പിക്കുന്നു. നായര്‍ എന്ന നിലയില്‍ എന്‍എസ്എസിന്റെ പിന്തുണ ലഭിക്കുമെന്നാണ് പ്രേമചന്ദ്രന് പ്രതീക്ഷ നല്കുന്ന മറ്റൊരു ഘടകം.

ബിജെപി സ്ഥാനാര്‍ത്ഥിയായി പിഎം വേലായുധനും, ആര്‍എംപി നേതൃത്വം നല്കുന്ന ഇടതു ഐക്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി കെ ഭാസ്‌കരനും മത്സരിക്കുന്നു. ബിജെപിക്ക് മറ്റ് ഭൂരിപക്ഷം മണ്ടലങ്ങളിലേത് പോലെ സാന്നിധ്യം അറിയിക്കാനുള്ള മത്സരം മാത്രമാണിത്, അതേസമയം ആര്‍എംപി നേതൃത്വം നല്കുന്ന മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കെ ഭാസ്‌കരന്‍ കുറച്ച് ഇടത് വോട്ടുകള്‍ പെട്ടിയിലാക്കുമെന്നാണ് മണ്ഡലത്തിലെ സംസാരം. ചലച്ചിത്ര താരം മുകേഷിന്റെ അമ്മാവന്‍ കൂടിയായ ഭാസ്‌കരന്‍ മുന്‍ സി പി ഐ നേതാവും മണ്ഡലത്തില്‍ വ്യക്തിബന്ധങ്ങളുള്ള ആളുമാണ്. ഭാസ്‌കരന്‍ പിടിക്കുന്ന ഓരോ വോട്ടും എംഎ ബേബിക്ക് കിട്ടേണ്ട ഇടതുമുന്നണി വോട്ടുകളായിരിക്കും.

ആം ആദ്മി പാര്‍ട്ടിയ്ക്ക് കൊല്ലത്ത് സ്ഥാനാര്‍ഥിയില്ല.അഴിമതിയ്ക്കും,വികേന്ദ്രീകൃതമല്ലാത്ത വികസനരീതിയ്ക്കുമെതിരെ നേരിട്ട് പ്രതീകരിക്കാന്‍ കൊല്ലംകാര്‍ക്ക് അവസരമില്ലാതായിപ്പോയി.കേരളത്തില്‍ ആയിരുന്നെങ്കില്‍ കൊല്ലത്ത് സ്ഥാനാര്‍ഥിയില്ലയെങ്കിലും തൊട്ടടുത്ത ഏതെങ്കിലും മണ്ഡലത്തില്‍ പോയി അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ എന്നെ പോലെ ചിന്തിക്കുന്നവര്‍ തയ്യാറായേനെ.

ലത്തീന്‍ കത്തോലിക്കര്‍ക്ക് വലിയ തോതില്‍ വോട്ടുണ്ടെങ്കിലും ക്രിസ്ത്യാനിയായത് കൊണ്ട് മാത്രം അത് എം എ ബേബിയ്ക്ക് ലഭിക്കണമെന്നില്ല.ബേബി ജോണ്‍ എന്ന മഹാനായ നേതാവിന്റെ സ്മരണയെ താലോലിക്കുന്ന അനേകായിരം തൊഴിലാളികള്‍ കൊല്ലത്തിന്റെ തീരദേശ മേഖലയിലുണ്ട്.പ്രേമചന്ദ്രന്റെ ആര്‍ എസ് പി ,ബേബി ജോണിന്റെ പേരിലുള്ള ഗ്രൂപ്പുമായി ഒന്നിച്ചതിനെ ആവേശപൂര്‍വ്വം സ്വാഗതം ചെയ്യുന്നവരായിരീക്കും ഇവര്‍.യൂ ഡി എഫ് വോട്ടുകളോടൊപ്പം ‘ഐക്യ ആര്‍ എസ് പി’ യുടെ ഇഫക്റ്റ് മാത്രം മതി പ്രേമചന്ദ്രന് ജയിച്ചുവരാന്‍ എന്നാണ് കൊല്ലം മണ്ഡലത്തിലെ ഒരു വോട്ടര്‍ എന്ന നിലയിലുള്ള എന്റെ നിഗമനം.

Scroll To Top