Friday February 24, 2017
Latest Updates

ഉറ്റവര്‍ക്കായി പ്രാര്‍ത്ഥനയോടെ അയര്‍ലണ്ടിലെ ഫിലിപ്പിനോ സമൂഹം

ഉറ്റവര്‍ക്കായി പ്രാര്‍ത്ഥനയോടെ അയര്‍ലണ്ടിലെ ഫിലിപ്പിനോ സമൂഹം

ഡബ്ലിന്‍ :കൌണ്ടി മീത്തിലെ നവനിലുള്ള റൊണാള്‍ഡോ ഒയാസിസ് എന്ന 38 വയസുകാരനും കുടുംബവും ഉറങ്ങിയിട്ട് ദിവസങ്ങളായി.ദിവസത്തിന്റെ എല്ലാ സമയത്തും അവര്‍ ടി വി യുടെയും കംപ്യൂട്ടറിന്റെയും മുന്‍പില്‍ ആയിരുന്നു.

തകര്‍ന്നു പോയ തങ്ങളുടെ സാന്‍ജോ എന്ന സ്വന്തം ജന്മനാട് ഇടയ്ക്കിടെ ടി വി യില്‍ പ്രത്യക്ഷപ്പെടും.വെള്ളച്ചാലുകള്‍ ഒഴുകിയ പാടുകളും ,തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ട്ടങ്ങളും ,ഭക്ഷണത്തിനായി കേഴുന്ന കുഞ്ഞുങ്ങളും ,ഒക്കെ തെളിയുമ്പോള്‍ അവര്‍ കണ്ണിമയ്ക്കാതെ നോക്കും .അവിടെ തങ്ങളുടെ ബന്ധുക്കള്‍ ആരെങ്കിലും ഉണ്ടോ ?വഴിയോരങ്ങളില്‍ ചിതറിക്കിടക്കുന്ന ശവശരീരങ്ങള്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ചിലപ്പോള്‍ അത് ‘പോസ് ‘ചെയ്തു ശ്രദ്ധിക്കും.അപ്പോഴും മനസ്സില്‍ പറയും.’ഇത് ഞങ്ങളുടെ ബന്ധുക്കളുടെതൊന്നും ആയിരിക്കരുതേ എന്ന്.

ഒയാസിസിനു പക്ഷെ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു.ദിവസവും സ്‌കൈപ്പില്‍ പ്രത്യക്ഷപ്പെട്ടു സംസാരിക്കാന്‍ വരുന്ന തന്റെ അമ്മ ഏതു നിമിഷവും ഫിലിപ്പൈന്‍സില്‍ നിന്നും തന്നെ വിളിച്ചേക്കും എന്ന പ്രതീക്ഷ.
രണ്ടു ദിവസങ്ങളുടെ കാത്തിരുപ്പിനു ശേഷം ഇന്ന് രാവിലെ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ സാന്‍ജോയില്‍ നിന്നുള്ള സ്‌കൈപ് സന്ദേശം നവനിലെ വീട്ടില്‍ എത്തി. ഒയാസിസിന്റെ ഇളയ സഹോദരന്‍ റോമലിന്റെ മുഖം സ്‌ക്രീനില്‍ തെളിഞ്ഞു.റോമലിനെ ഒന്നും പറയാന്‍ അനുവദിക്കാതെ ഒയാസിസും ഭാര്യ മരിയയും ഒന്നിച്ചു വിളിച്ചു ചോദിച്ചു.’എവിടെ അമ്മ ?’ രണ്ടു ദിവസത്തെ ആകാംഷയുടെ മൊത്തം ദൈന്യതയും ആ ചോദ്യത്തില്‍ ഉണ്ടായിരുന്നു.
‘ഇല്ല ..പേടിയ്‌ക്കേണ്ട …ഒന്നും സംഭവിച്ചിട്ടില്ല.ദൈവം നമ്മെ രക്ഷിച്ചു.’ റോമല്‍ ബാക്കി പറയാന്‍ തുടങ്ങും മുന്‍പ് നവനിലെ ആ വീട്ടില്‍ നിന്നും കൂട്ടക്കരച്ചില്‍ ഉയര്‍ന്നു .അത്ഭുതമാണ് അവിടെ സംഭവിച്ചതെന്ന് അവര്‍ക്ക് ഉറപ്പായിരുന്നു. കൊടുംകാറ്റ് കടന്നു പോയതിനു ശേഷവും തങ്ങളുടെ ഗ്രാമത്തില്‍ പത്തടിയോളം അടിയോളം വെള്ളം ഉയര്‍ന്നു നില്‍ക്കുന്നത് അവര്‍ ടി വി യില്‍ കണ്ടതാണ്. എന്നിട്ടും കുടുംബത്തിലെ ആരും നഷ്ട്ടപെട്ടില്ലെന്നു അറിയുമ്പോള്‍ ദൈവത്തോടല്ലാതെ ആരോട് നന്ദി പറയാന്‍ ?

റോമലും അമ്മയും മറ്റു കുടുംബാംഗങ്ങളും വീടിന്റെ മേല്‍ക്കൂരയില്‍ കയറിയാണ് രക്ഷപെട്ടത്.നോഹയുടെ പെട്ടകം പോലെ ഉറപ്പുള്ള ആ വീടിന്റെ മേല്ക്കൂര ദൈവകരങ്ങളില്‍ സുരക്ഷിതമായിരുന്നു എന്ന് റോമല്‍ അയര്‍ലണ്ടിലെ സഹോദരനോട് പറഞ്ഞു.
‘അമ്മയ്ക്ക് പരുക്കുണ്ട്.മേല്ക്കൂരയിലേയ്ക്ക് തിരക്കിട്ട് കയറ്റുന്നതിനിടയില്‍ താഴെ വീണു തുടയെല്ല് ഒടിഞ്ഞെന്നെയുള്ളൂ .’ഒയാസിസ് സമാധാനപ്പെട്ടു.മൂന്നു മണിക്കൂര്‍ പുരപ്പുറത്ത് ഇരിക്കേണ്ടി വന്നു പ്രളയജലം ഇറങ്ങാന്‍.’ .തേടിയെത്തിയ മാധ്യമ പ്രവര്‍ത്തകരെ പറഞ്ഞയച്ച് അവര്‍ വീണ്ടും തിരുഹൃദയ രൂപത്തിന് മുന്‍പില്‍ മുട്ടിന്‍മേല്‍ നിന്നും നന്ദിയുടെ ജപമാലയര്‍പ്പിച്ചു .
ലോകജനതയെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് പതിനായിരക്കണക്കിന് ആളുകളുടെ ജീവനപഹരിച്ച് ഹൈയാന്‍ മടങ്ങിക്കഴിഞ്ഞു. കണ്ണീരു തോരാതെ ലോകം മുഴുവന്‍ ഫിലിപ്പൈന്‍സിനെ ഉറ്റുനോക്കുകയാണ്. മരണസംഖ്യ ദിനം പ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യശരീരങ്ങള്‍ അടിഞ്ഞ് റോഡുഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്.

വാര്‍ത്താവിനിമയ സൗകര്യങ്ങളടക്കം പലതും പുനസ്ഥാപിച്ചുവരുന്നതേയുള്ളൂ. ഫിലിപ്പൈന്‍സിലേക്കുപോയ ഉറ്റവര്‍ക്ക് ആപത്തുവരുത്തരുതെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ആയിരക്കണക്കിനാളുകള്‍ ഇപ്പോള്‍ അയര്‍ലണ്ടിലും കഴിയുന്നുണ്ട്. ഫിലിപ്പൈന്‍സുകാരായ കുടിയേറ്റക്കാരടക്കം വ്യാപാര ആവശ്യങ്ങള്‍ക്കായി മാത്രം ഫിലിപ്പൈന്‍സിലേക്ക് പോയവരുടെ സ്വന്തക്കാര്‍ പോലും ഇപ്പോള്‍ ഒരേ മനസോടെ പ്രാര്‍ത്ഥിക്കുന്നത് നാശം വിതച്ച കൊടുങ്കാറ്റ് തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അപകടം വരുത്തിയിരിക്കരുതേ എന്നുമാത്രമായിരിക്കും.
അയര്‍ലണ്ടില്‍ കുടിയേറിവന്ന ഫിലിപ്പിനോകളും തങ്ങളുടെ സുഹൃത്തുക്കള്‍ക്കായി പ്രാര്‍ത്ഥിക്കുകയാണ്. വിവരങ്ങള്‍ ലഭിക്കാതായിട്ട് മൂന്നു ദിവസമായി. തങ്ങളുടെ ഉറ്റവരുമായി സംസാരിച്ചിട്ടും മൂന്നു ദിവസമായി. വാര്‍ത്തകളില്‍ മരണസംഖ്യ വര്‍ദ്ധിക്കുന്നതുകേള്‍ക്കുമ്പോള്‍ പേടി തോന്നുകയാണെന്നും ഇവര്‍ പറയുന്നു.
അയര്‍ലണ്ടില്‍ ഫിലിപ്പിനോകള്‍ ഏകദേശം 15,000ത്തോളം പേര്‍ വരും. ഇവരില്‍ പലരും തങ്ങളുടെ കുടുംബം പുലര്‍ത്താന്‍ വേണ്ടി വന്ന പ്രവാസികള്‍ മാത്രമാണ്. കൂടുതലും ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍.
വളരെ പെട്ടെന്നു തന്നെ ദുരിത ബാധിതര്‍ക്ക് താമസത്തിനും ഭക്ഷണത്തിനുമുള്ള വഴി കണ്ടെത്തുകയാണ് വേണ്ടതെന്ന് ഐറിഷ് ഉപ പ്രധാനമന്ത്രി ഇമന്‍ ഗില്‍മോര്‍ പറഞ്ഞു. 1മില്ല്യണ്‍ യൂറോ രാജ്യത്തിന്റെ മടങ്ങിവരിവിനായി അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു.
ഫിലിപ്പൈന്‍സുമായി വളരെ ശക്തമായ ബന്ധമാണ് അയര്‍ലണ്ടിനുള്ളതെന്നും ഒട്ടേറെ ഫിലിപ്പിനോകള്‍ അയര്‍ലണ്ടില്‍ വിവിധ മേഖലകളില്‍ ജോലിചെയ്യുന്നുണ്ടെന്നും ഗില്‍മോര്‍ കൂട്ടിച്ചേര്‍ത്തു.
അയര്‍ലണ്ടില്‍ താമസിക്കുന്ന ഒട്ടുമിക്ക ഫിലിപ്പിനോകളുടെ കുടുംബങ്ങളിലും തങ്ങളുടെ സ്‌നേഹിതരുടെ വിവരങ്ങള്‍ ലഭിക്കാനായി കാത്തിരിക്കുന്നവരാണ്. കൊടുങ്കാറ്റ് നാശം വിതച്ച മേഖലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുവെന്ന വാര്‍ത്തയും ചുഴലിക്കൊടുങ്കാറ്റിന്റെ സംഹാരതാണ്ഡവം കഴിഞ്ഞുവെന്ന വാര്‍ത്തയുമാണ് ഇവര്‍ക്ക് ആശ്വാസമാകുന്നത്‌like-and-share

Scroll To Top