Tuesday February 21, 2017
Latest Updates

പ്രവാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനെ ഭൂരിപക്ഷം ഐറിഷ്‌കാരുംഎതിര്‍ക്കുന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ട്

പ്രവാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനെ ഭൂരിപക്ഷം ഐറിഷ്‌കാരുംഎതിര്‍ക്കുന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ട്

ഡബ്ലിന്‍ :ഇന്ത്യക്കാര്‍ അടക്കം വിദേശികളില്‍ അര്‍ഹരായവര്‍ക്കു പൗരത്വം നല്‍കുന്നതില്‍ ഐറിഷ് സര്‍ക്കാരിനു പൊന്നു മനസാണെങ്കിലും ജനങ്ങള്‍ക്ക് അത്ര സന്തോഷമൊന്നുമില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്.പടികയറി വന്ന മള്‍ട്ടി കള്‍ച്ചര്‍ സംസ്‌കാരം തങ്ങളുടെ തനതു സംസ്‌കാരത്തിന്റെ കടയ്ക്കല്‍ കോടാലി വെച്ചു കഴിഞ്ഞുവെന്നാണ് ഐറിഷ്‌കാരുടെ പൊതു അഭിപ്രായം.

കുടിയേറ്റം കാര്യമായി തുടങ്ങിയ തൊണ്ണൂറുകള്‍ മുതല്‍ ഈ രാജ്യത്ത് തിന്മകള്‍ വര്‍ദ്ധിച്ചുവെന്നാണ് ഒരു കൂട്ടം പേരുടെ അഭിപ്രായം.ഗര്‍ഭ ചിദ്രം,മയക്കു മരുന്ന് വ്യാപാരം,ലൈംഗീക കച്ചവടം മുതല്‍ കൊള്ളയും കൊലപാതകങ്ങളും ,വരെ സാധാരണ സംഭവങ്ങളായതില്‍ ഒട്ടേറെ ഐറിഷ്‌കാരും ,കാരണം ആരോപിക്കുന്നത് സര്‍ക്കാരിനെതിരെയാണ്.

‘ജോലിയ്ക്ക് വിദേശത്തു നിന്ന് വരുന്നത് പോലെയല്ല പൗരത്വം .ഞങ്ങള്‍ പടുത്തുയര്‍ത്തിയ സ്വത്തും സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും പങ്കു വെക്കാന്‍ ആഗ്രഹിക്കുന്നവര്‍ പക്ഷെ ഞങ്ങള്‍ തലമുറകളായി സൂക്ഷിച്ച മൂല്യ ബോധവും,സാന്മാര്‍ഗിക പാഠങ്ങളും സൂക്ഷിക്കാനും കടപ്പെട്ടവരാണെന്ന് ഓര്‍ക്കുന്നതെയില്ല ‘.സര്‍വേയില്‍ അഭിപ്രായം എഴുതിയ കില്‍ക്കനിയിലെ മാര്‍ഗരറ്റ് ഡീവന്‍ അഭിപ്രായപ്പെടുന്നത് ഇങ്ങനെയാണ്.

പുതിയതായി പൗരത്വം സ്വീകരിച്ച അനുജന്‍ പ്രഭാകരനും കുടുംബവും നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററിനു മുന്‍പില്‍

പുതിയതായി പൗരത്വം സ്വീകരിച്ച അനുജന്‍ പ്രഭാകരനും കുടുംബവും നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററിനു മുന്‍പില്‍

കൂടുതല്‍ പ്രവാസികള്‍ക്ക് ഐറിഷ് പൗരത്വം നല്‍കുന്നതില്‍ അയര്‍ലണ്ടുകാര്‍ക്ക് രണ്ടഭിപ്രായം. ഭൂരിഭാഗംപേരും സര്‍ക്കാരിനെതിരെ തിരിയുകയാണ്. അയര്‍ലണ്ടുകാര്‍ ജോലിയും മികച്ച ജീവിത സൗകര്യങ്ങളും തേടി മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിപ്പാര്‍ക്കുമ്പോള്‍ മറ്റു രാജ്യക്കാര്‍ക്ക് മികച്ച പിന്തുണ നല്‍കി സ്വീകരിക്കുന്നതിനെയാണ് അവര്‍ എതിര്‍ക്കുന്നത്.
അയര്‍ലണ്ടില്‍ മറ്റു രാജ്യക്കാരെ പൗരത്വം നല്‍കി സ്വീകരിക്കുന്നതിനെക്കുറിച്ച് പൊളിറ്റിക്‌സ് .ഐ ഇ എന്ന ഡിസ്‌കഷന്‍ പോര്‍ട്ടല്‍ ഓണ്‍ലൈന്‍ വഴി നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് പലരും അവരവരുടെ മനസിലിരുപ്പ് വെളിപ്പെടുത്തിയത്.

സര്‍ക്കാരിനെ എതിര്‍ത്തുകൊണ്ട് നിയമമന്ത്രി അലന്‍ ഷാറ്ററിന്റെ തീരുമാനം തെറ്റായിപ്പോയി എന്ന് പറയുകയാണ് കൂടുതല്‍ പേരും ചെയ്തത്. എന്നാല്‍ മറ്റു ചിലര്‍ സര്‍ക്കാര്‍ നടപടിയെ പിന്തുണച്ച്‌കൊണ്ട് പുതിയ പൗരന്‍മാരെ സ്വാഗതം ചെയ്യുകയും ചെയ്തു. പുതിയ പൗരന്‍മാരെ സ്വീകരിക്കുന്നതിലൂടെ സാമ്പത്തികമായും സാമൂഹികമായും മുന്നേറ്റം നടത്തുകയാണ് സര്‍ക്കാര്‍ എന്നഭിപ്രായമായിരുന്നു ഇത്തരക്കാര്‍ക്ക്.

മാസങ്ങളുടെ ഇടവേളകളില്‍ ഇരുപതിനായിരത്തോളം പേരെ പുതിയ പൗരന്‍മാരായി അയര്‍ലണ്ട് സ്വീകരിക്കുന്നതിലൂടെ വര്‍ഷങ്ങള്‍ കൊണ്ട് തന്നെ ഇവിടെ ജനപ്പെരുപ്പമുണ്ടാവാന്‍ പോവുകയാണെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഇവിടെ നിന്നും ഒഴിഞ്ഞുപോയിക്കൊണ്ടിരിക്കുന്ന അയര്‍ലണ്ടുകാരുടെ സ്ഥാനത്തേക്ക് ആളുകളെ തിരുകിക്കയറ്റാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍ എന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ഐറിഷ് സിറ്റിസന്‍ഷിപ്പ് ലഭിച്ചാല്‍ മറ്റേതൊരു ഇയു രാജ്യത്തും താമസിക്കാനുള്ള സൗകര്യം ഉള്ളതിനാല്‍ പലരും ഐറിഷ് പാസ്‌പോര്‍ട്ട് ലഭിച്ച ഉടനെ സ്ഥലം വിടുകയാണെന്ന് അഭിപ്രായപ്പെട്ടവരും കുറവല്ല.
അഭിപ്രായം രേഖപ്പെടുത്തിയവരില്‍ പലരും സ്വന്തം പേരു വെളിപ്പെടുത്താതെയാണ് അഭിപ്രായപ്രകടനം നടത്തിയത്.

വളരെ കുറച്ചു മാത്രം തൊഴില്‍ സാധ്യതകള്‍ ഉണ്ടായിരിക്കുന്ന സാഹചര്യത്തില്‍ ഇവിടേക്ക് കൂടുതല്‍ ആളുകളെ ക്ഷണിച്ചുവരുത്തുന്നത് കൂടുതല്‍ തൊഴില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുമെന്ന് ന്യൂട്രോണ്‍ എന്ന് പേരു നല്‍കിയിരിക്കുന്ന ആള്‍ അഭിപ്രായം രേഖപ്പെടുത്തി. കൂടുതല്‍ ആളുകള്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ സ്വീകരിക്കുകയും ആരോഗ്യ സേവനങ്ങള്‍ സ്വീകരിക്കുകയും ജോലിക്കുവേണ്ടി തിരക്കുകൂട്ടുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യുകയാണെന്നും ന്യൂട്രോണ്‍ പറഞ്ഞു. 950 യൂറോ എന്ന അപേക്ഷ ഫീസ് മാത്രം ലക്ഷ്യം വയ്ക്കുന്നതുപോലെയാണ് സര്‍ക്കാരിന്റെ പെരുമാറ്റം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയക്കാര്‍ക്കെതിരെയും ഇത്തരം നയങ്ങള്‍ക്കെതിരെയും പലരും തങ്ങളുടെ രോഷം വെളിപ്പെടുത്താനും അവസരം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
ഒരു കൂട്ടം ദരിദ്രരെ രാജ്യത്ത് പുതിയതായി സൃഷ്ട്ടിക്കുകയാണ് സര്‍ക്കാര്‍ എന്നാണ് ഒരാളുടെ അഭിപ്രായം.ഇവര്‍ക്കൊക്കെ സോഷ്യല്‍ സര്‍വിസ് ബെനഫിറ്റ് നല്കിയാണ് കഴിഞ്ഞ 10 വര്‍ഷം കൊണ്ട് രാജ്യം പാപ്പരായത് എന്ന അഭിപ്രായമാണിവര്‍ക്ക് .

എന്നാല്‍ കുടിയേറ്റക്കാരുടെ കഴിവുകളെ രാജ്യം പ്രയോജനപ്പെടുത്തിയാല്‍ സമ്പത്ത് സമൃദ്ധമായ ഒരു ഭാവിയാണ് മുന്‍പില്‍ ഉള്ളത് എന്നായിരുന്നു ഗാല്‍വേയില്‍ നിന്നുള്ള സ്‌കൂള്‍ അധ്യാപികയായ ഔള്‍ ബെന്നറ്റിന്റെ പ്രതീകരണം.

പലര്‍ക്കും തങ്ങളുടെ രാജ്യത്ത് തങ്ങള്‍ ന്യൂനപക്ഷമായി തീരുമോ എന്ന ഭയവുമുണ്ട്. കൂടുതല്‍ ഐറിഷുകാരും മറ്റു രാജ്യക്കാര്‍ തങ്ങളുടെ ഇടയിലേക്ക് പുത്തന്‍ പൗരത്വം സ്വീകരിച്ചു വരുന്നവരെ മനസാ സ്വീകരിക്കാതിരിക്കുകയാണ് ചെയ്യുന്നത്. അവരുടെ എതിര്‍പ്പുകള്‍ പല തരത്തിലും പുറത്തുകാട്ടുകയും ചെയ്യുന്നു.

ആഘോഷങ്ങളാക്കി നടത്തുന്ന പൗരത്വ സമര്‍പ്പണത്തോടും പലരും വിയോജിപ്പ് പ്രകടിപ്പിച്ചു.സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെട്ടു കഴിഞ്ഞാല്‍ പൗരത്വം വിറ്റു കൊണ്ടുള്ള വരുമാനം ഗണ്യമായി കുറയ്ക്കണമെന്ന് സര്‍ക്കാരിന് ഉപദേശം നല്‍കിയവര്‍ ഏറെയാണ്

എന്തായാലും രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ഐറിഷ് ജനത പുറമേ കുടിയേറ്റക്കാര്‍ക്ക് അനുകൂലമാണ് തങ്ങള്‍ എന്ന് മേനി നടിച്ചാലും അവരുടെ ഉള്ളിലിരുപ്പ് മറ്റൊന്നാണെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകും.like-and-share

Scroll To Top