Monday November 20, 2017
Latest Updates

ഉത്തര കൊറിയ സന്ദര്‍ശിക്കാന്‍ മൂന്ന് മന്ത്രിമാര്‍,അനുവദിക്കില്ലെന്ന് വരദ്കര്‍ 

ഉത്തര കൊറിയ സന്ദര്‍ശിക്കാന്‍ മൂന്ന് മന്ത്രിമാര്‍,അനുവദിക്കില്ലെന്ന് വരദ്കര്‍ 

ഡബ്ലിന്‍ :വടക്കന്‍ കൊറിയയിലേക്ക് യാത്രചെയ്യുന്നതിനെതിരെ മൂന്ന് മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി ലിയോ വരദ്കറുടെ മുന്നറിയിപ്പ്.സര്‍ക്കാരിന്റെ ഭാഗമായിരുന്നുകൊണ്ട് ഇത്തരമൊരു പരിപാടി നടക്കില്ലെന്ന് പ്രധാനമന്ത്രി വ്യ്ക്തമാക്കി.അതേസമയം ഏതു വിദേശരാജ്യത്തും പോകാന്‍ സ്വാതന്ത്ര്യമുണ്ടെന്ന നിലപാടിലാണ് ബന്ധപ്പെട്ട മന്ത്രിമാര്‍.ഇതോടെ വരദ്കര്‍ സര്‍ക്കാര്‍ പുതിയ വിവാദത്തിലായിരിക്കുകയാണ്.

ഉത്തരകൊറിയന്‍ സ്വേച്ഛാധികാരി കിം ജുന്‍ ഉനുമായുള്ള കൂടിക്കാഴ്ച്ചയ്ക്കായി അയര്‍ലണ്ടിലെ ഇന്‍ഡിപെന്‍ഡന്റ് അലയന്‍സ് ടിഡിമാരായ ജോണ്‍ ഹല്ലിഗന്‍, ഷെയിന്‍ റോസ്, ഫിനിയന്‍ മക്ഗ്രാത്ത് എന്നിവരാണ് രംഗത്തെത്തിയത്.വടക്കന്‍ കൊറിയ സന്ദര്‍ശിക്കാന്‍ ലണ്ടനിലെ കൊറിയന്‍ എംബസിക്ക് മന്ത്രിമാര്‍ കത്തെഴുതുകയായിരുന്നു.പക്ഷേ, പ്രധാനമന്ത്രിയെയോ വിദേശകാര്യമന്ത്രി സൈമണ്‍ കൊവ്നെയെയൊ ഈ പദ്ധതി അവര്‍ അറിയിച്ചില്ല.അതോടെ മന്ത്രിമാര്‍ക്ക് അനുയോജ്യമായ ഒരു ദൗത്യമല്ല ഇതെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഈ ആശയം തള്ളിക്കളഞ്ഞു.

‘ഇത്തരത്തില്‍ മുന്നോട്ടുപോകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. തന്റെ നല്ല ഉദ്ദേശ്യങ്ങളില്‍ നിന്ന് പ്രചോദനം ബന്ധപ്പെട്ട മന്ത്രിമാര്‍ക്ക് ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’അമേരിക്കയില്‍ ഒരു ട്രേഡ് മിഷന്‍ സമയത്ത് രാത്രി സംസാരിക്കവെ വരദ്കര്‍ പറഞ്ഞു.അവിടം അപകടകരമായ സ്ഥലമാണ്. ഭരണകൂടത്തിലോ സര്‍ക്കാരിലോ അംഗമായ ആരെങ്കിലും ഇത്തരം മൃഗീയ പ്രവര്‍ത്തികളില്‍ പങ്കുചേരണമെന്നു താന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ലോകത്തിലെ സമാധാനത്തിന് ഏറ്റവും വലിയ ഭീഷണി കൊറിയന്‍ ഉപദ്വീപാണെന്ന് നേരത്തെ ഹല്ലിഗന്‍ ആര്‍.ടി.ഇ.യുടെ സീന്‍ ഓ റൂര്‍ക്കെ പ്രോഗ്രാമില്‍ പറഞ്ഞിരുന്നു.സര്‍ക്കാരില്‍ അംഗങ്ങളായല്ല, മൂന്ന് രാഷ്ട്രീയക്കാരായാണ് ഉത്തരകൊറിയയില്‍ പോകുന്നതെന്ന് ഹല്ലിഗന്‍ പറഞ്ഞു. ‘എല്ലാ ടിഡിമാര്‍ക്കും ഏത് രാജ്യം സന്ദര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു.സെന്‍സേഷണല്‍ ആയി ഒന്നും ചെയ്യുന്നില്ല, ആരുടേയും പക്ഷവും ചേര്‍ന്ന് സംസാരിക്കുന്നില്ല, സമാധാന ചര്‍ച്ചകള്‍ തുടങ്ങാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജോണ്‍ ഹല്ലിഗന്‍ ടിഡിയുമായി വടക്കന്‍ കൊറിയയിലെ സ്ഥിതിഗതികള്‍ അടുത്ത തിങ്കളാഴ്ച വിദേശകാര്യവകുപ്പ് ചര്‍ച്ച ചെയ്യുന്നുണ്ട്.

Scroll To Top