Monday February 20, 2017
Latest Updates

ഈ ലോകത്തിന്റെ പോക്ക് എങ്ങോട്ടാണ്?…

ഈ ലോകത്തിന്റെ പോക്ക് എങ്ങോട്ടാണ്?…

ഉയരുന്ന താപനിലയെ ഭയത്തോടെ നോക്കിക്കാണുകയാണ് ഇന്ന് ശാസ്ത്ര ലോകം. ഏതൊക്കെ മേഖലകളെയാണ് താപനില കൂടുതല്‍ ദോഷകരമായി ബാധിക്കാന്‍ പോകുന്നതെന്ന പഠനങ്ങളും പല ഭാഗങ്ങളിലും നടന്നു കഴിഞ്ഞിട്ടുമുണ്ട്.

യുഎന്നിനു കീഴിലുള്ള ‘ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയിഞ്ചിന്റെ വര്‍ക്കിംഗ് ഗ്രൂപ്പ് റിപ്പോര്‍ട്ടിലാണ് ആഗോളതാപനത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിവരിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ ലോകത്തെമുഴുവന്‍ പിടിച്ചുലയ്ക്കുന്നതരം റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ലോകത്തെ ഓരു മനുഷ്യന്‍പോലും ആഗോളതാപനത്തിന്റെ കെടുതിയില്‍പ്പെടാതിരിക്കുകയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും ഏറ്റവും അധികം ബാധിക്കാന്‍ പോകുന്നത് ഭക്ഷ്യമേഖലയെതന്നെയാണ്. ക്ഷാമവും സാമ്പത്തിക പ്രത്യാഘാതങ്ങളും വരെ അതുവഴി ഉണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഭക്ഷ്യസുരക്ഷാ മേഖലയില്‍ താപനില ഉയരുന്നതിനനുസരിച്ച് ഉത്പാദനം കുറയുകയും ഇതുവഴി പട്ടിണിയും ദാരിദ്ര്യവും കൂടാതെ വിലക്കയറ്റവും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രധാന ഭക്ഷ്യ ധാന്യങ്ങളായ അരി, ഗോതമ്പ് ചോളം എന്നിവയുടെ ഉത്പാദനവും പല സ്ഥലങ്ങളിലും കുറഞ്ഞിരിക്കുന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. ജനസംഖ്യ വര്‍ദ്ധിക്കുമ്പോള്‍ അതിനനുസരിച്ച ഭക്ഷ്യധാന്യങ്ങള്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കാതെ വരാനുള്ള സാധ്യതയും കുറവല്ല.

സാമ്പത്തിക മേഖലകളെയും ഇത് വളരെ കൂടുതലായി തന്നെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭക്ഷ്യ ധാന്യങ്ങളുടെ ഉത്പാദനം കുറയുന്നതോടെ ഇതിന്റെ ആവശ്യവും വിലയും വര്‍ദ്ധിക്കും. അത്തരത്തില്‍ വിലവര്‍ദ്ധനവ് എല്ലാ മേഖലകളിലേക്കും വ്യാപിക്കുകയും ചെയ്യും.

ആരോഗ്യമേഖലയിലും കാലാവസ്ഥ വ്യതിയാനങ്ങള്‍ പ്രശ്‌നം സൃഷ്ടിച്ചേക്കും. കൂടുതല്‍ അപൂര്‍വ്വ രോഗങ്ങളും മറ്റും ഇതിന്റെ ഭാഗമായി മാത്രം ഉണ്ടായേക്കും. സൂര്യാതാപമേറ്റ് അസുഖങ്ങളും അതുമാൂലം മരണവും വരെ സംഭവിച്ചേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ദാരിദ്ര്യവും പട്ടിണിയും വര്‍ദ്ധിക്കുന്നതോടെ പോഷകമൂല്യങ്ങളുടെ കുറവുണ്ടാവുകയും ആരോഗ്യം ക്ഷയിക്കുകയും ചെയ്യും.

ഹിമ പ്രദേശങ്ങളിലെ മഞ്ഞുരുകുന്നതോടെ കടലിലെ ജലനിരപ്പ് ഉയരുകയും മത്സ്യഉത്പാദനത്തെ ആഗോളതാപനം ബാധിക്കുകയും ചെയ്യും. ഇത് മത്സ്യ തൊഴിലാളികളെയും ബാധിക്കും.

വരണ്ട പ്രദേശങ്ങള്‍ കൂടുതല്‍ വരള്‍ച്ചയിലേക്ക് പോകുന്നതായും കാണാം. പല സ്ഥലങ്ങളിലും കൃഷിക്കും മനുഷ്യാവശ്യങ്ങള്‍ക്കും ആവശ്യമായ വെള്ളം പോലും ലഭ്യമാവാത്ത അവസ്ഥയും ഉണ്ടാവും. ലഭിക്കുന്ന ജലത്തിന്റെ ഗുണനിലവാരത്തെയും കാലാവസ്ഥ വ്യതിയാനം ബാധിക്കും.

നാടിനെയും നാട്ടുകാരെയും മാത്രമല്ല, കാടിനെയും വന്യമൃഗങ്ങളെയും ആഗോളതാപനം ദോഷകരമായി തന്നെ ബാധിക്കും. വന സമ്പത്ത് കൂടുതല്‍ നാശത്തിലേക്ക് പോകുന്നതോടെ മഴലഭിക്കാനുള്ള സ്രോതസ്സും ഇല്ലാതാക്കപ്പെടുകയാണ്.

ഇനി അങ്ങോട്ടുള്ള വര്‍ഷങ്ങള്‍ കൂടുതല്‍ ചൂടും പ്രകൃതി ദുരന്തങ്ങളും എല്ലാം ഇഴചേര്‍ന്നതായിരിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Scroll To Top