Sunday January 22, 2017
Latest Updates

ഈ അയര്‍ലണ്ട് വിട്ടുപോകാന്‍ ഞങ്ങള്‍ക്കു വയ്യ:യുവജനങ്ങള്‍ സംഘടിക്കുന്നു

ഈ അയര്‍ലണ്ട് വിട്ടുപോകാന്‍ ഞങ്ങള്‍ക്കു വയ്യ:യുവജനങ്ങള്‍ സംഘടിക്കുന്നു

ഡബ്ലിന്‍ : സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന ബജറ്റ് കട്ടുകള്‍ യുവജനങ്ങളെ നാടുകടത്താനുള്ള സാധ്യത തെളിയിക്കുകയാണെന്ന് യുവജന സംഘടനകള്‍. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ യൂത്ത് അസംബ്ലി ഡബ്ലിനില്‍ കഴിഞ്ഞ ദിവസം ഒത്തുകൂടി.
ഡബ്ലിനിലെ ലിബര്‍ട്ടി ഹാളില്‍ നൂറുകണക്കിന് ചെറുപ്പക്കാര്‍ ഒത്തുകൂടി ബജറ്റ് 2013ല്‍ സര്‍ക്കാര്‍ വരുത്തിയ വെട്ടിച്ചുരുക്കലുകളെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി. 25 വയസ്സില്‍ താഴെയുള്ളവരുടെ തൊഴില്‍ രഹിത വേതനത്തിലും വിദ്യാര്‍ത്ഥി ഗ്രാന്റുകളിലും വെട്ടിച്ചുരുക്കലുകള്‍ നടത്തിയതും തേഡ് ലവല്‍ ഫീസില്‍ വര്‍ദ്ധനവ് വരുത്തിയതും ഉള്‍പ്പെടെ യുവാക്കള്‍ ഇവിടെ അഭിമുഖീകരിക്കേണ്ടി വരുന്ന മാനസീക ആരോഗ്യ പ്രശ്‌നങ്ങള്‍ വരെ ചര്‍ച്ച ചെയ്യപ്പെട്ടു.
പുതുതായി രൂപംകൊണ്ട് ‘വീ ആര്‍ നോട്ട് ലീവിംഗ്’, യങ് വര്‍ക്കര്‍സ് നെറ്റ് വര്‍ക്ക്(വൈഡബ്ല്യുഎന്‍) എന്നീ സംഘടനകളാണ് റാലി സംഘടിപ്പിച്ചത്. ഏതായാലും സാമ്പത്തിക മാന്ദ്യത്തിന്റെ ഇരകളാക്കി തങ്ങളെ മാറ്റാന്‍ അനുവദിക്കില്ലെന്ന് തന്നെയാണ് യുവജന സംഘടനകളുടെ തീരുമാനം.
പുതിയ സംഘടനകള്‍ രൂപീകരിച്ചതിന്റെയും റാലി നടത്തുന്നതിന്റെയും കാരണങ്ങള്‍ കില്‍ഡെയറിലെ സെല്‍ബ്രിഡിജില്‍ താമസിക്കുന്ന ഷെയിന്‍ ഫിറ്റ്‌സ്‌ജെറാള്‍ഡ് റാലിയുടെ തുടക്കത്തില്‍ വിവരിക്കുകയുണ്ടായി.
ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന ജോലിക്കുവേണ്ടി നാടുവിടാനായി പ്രേരിപ്പിക്കപ്പെടുന്ന യുവാക്കള്‍ ഒത്തു ചേര്‍ന്ന് രൂപീകരിച്ച സംഘടനയാണ് ഇതെന്നും യുവജനങ്ങള്‍ക്കെതിരായി ബജറ്റ് 2013ല്‍ തീരുമാനിക്കപ്പെട്ട സര്‍ക്കാറിന്റെ നീതിയുക്തമല്ലാത്ത എല്ലാ വെട്ടിച്ചുരുക്കലുകള്‍ക്കെതിരെയുമുള്ള പ്രതിഷേധമാണ് ഈ റാലിയെന്നുമാണ് ഷെയിന്‍ ഫിറ്റ്‌സ്‌ജെറാള്‍ഡ് പറഞ്ഞു.
തൊഴിലില്ലായ്മ നിമിത്തം പലര്‍ക്കും പ്രവാസ ജീവിതം തിരഞ്ഞെടുക്കേണ്ടിവരികയാണെന്നും ഷെയിന്‍ ആരോപിച്ചു.
യുവജനങ്ങളുടെ പ്രശ്‌നങ്ങളെ എടുത്തു കാട്ടിക്കൊണ്ടുള്ളതായിരുന്നു റാലിയെന്ന് വൈഡബ്ല്യൂഎന്‍ സ്ഥാപക അംഗവും സിപ്റ്റു അംഗവുമായ ലൗറ മക്കന പറഞ്ഞു.
സ്വന്തം രാജ്യത്ത് ജീവിക്കാനുള്ള അവസരം തങ്ങള്‍ക്ക് ഒരുക്കിത്തരണമെന്നും അതിനുവേണ്ടി പോരാടാന്‍ തയ്യാറാണെന്നും ലൗറ കൂട്ടിച്ചേര്‍ത്തു.

Scroll To Top