Sunday June 24, 2018
Latest Updates

ഈസ്റ്ററും മഞ്ഞില്‍ തന്നെ, ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് അയര്‍ലണ്ടിലേക്ക് തിരിച്ചു വരുന്നെന്ന് കാലാവസ്ഥാ വിദഗ്ദര്‍,സ്പ്രിംഗ് വിന്ററിലേയ്ക്ക് തിരിച്ചു പോവുകയാണോ? 

ഈസ്റ്ററും മഞ്ഞില്‍ തന്നെ, ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് അയര്‍ലണ്ടിലേക്ക് തിരിച്ചു വരുന്നെന്ന് കാലാവസ്ഥാ വിദഗ്ദര്‍,സ്പ്രിംഗ് വിന്ററിലേയ്ക്ക് തിരിച്ചു പോവുകയാണോ? 

ഡബ്ലിന്‍:ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് അയര്‍ലണ്ടിലേക്ക് തിരിച്ചു വരുന്നെന്നു കാലാവസ്ഥ പ്രവചനം. രണ്ടു തവണ രാജ്യത്തെ പ്രതിസന്ധിയില്‍ ആക്കിയ കാലാവസ്ഥവ്യതിയാനം അടുത്ത ആഴ്ചയില്‍ വീണ്ടും എത്തുന്നതോടെ ഈസ്റ്റര്‍ ആഘോഷങ്ങളും മഞ്ഞില്‍ തന്നെയാകാനാണ് സാധ്യത.

ഇപ്പോള്‍ നിലനില്‍ക്കുന്ന തണുത്ത കാലാവസ്ഥ ബുധനാഴ്ചയോടെ അവസാനിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചിരുന്നത്.വീണ്ടുമൊരു ശൈത്യത്തിനു സാധ്യത ഇല്ലാതിരുന്നതിനാല്‍ അനുകൂല കാലാവസ്ഥയില്‍ ഈസ്റ്റര്‍ ആഘോഷങ്ങള്‍ നടക്കുമെന്നായിരുന്നു പ്രതീക്ഷ. അപ്പോഴാണ് ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് വീണ്ടും തിരിച്ചെത്തും എന്നുള്ള മുന്നറിയിപ്പ്.

ബിബിസിയില്‍ നിന്നുള്ള കാലാവസ്ഥ നിരീക്ഷകന്‍ സൈമണ്‍ കിങ് സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് പ്രസ്താവന ഇറക്കി. മഞ്ഞുവീഴ്ചയില്‍ വീണ്ടുമൊരു തിരിച്ചു വരവു പ്രതീക്ഷിച്ചിരുന്നില്ലെന്നും സ്പ്രിങ് സീസണ്‍ വരവിനായി കാത്തിരിക്കുമ്പോള്‍ വീണ്ടും വരുന്ന മഞ്ഞുമഴ ആശങ്കപ്പെടുത്തുന്നു എന്നുമുള്ള നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

പതിവുകള്‍ തെറ്റിച്ചുകൊണ്ട് തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്ന തണുത്ത കാലാവസ്ഥയില്‍, തണുപ്പില്‍ തന്നെയാകും രാജ്യത്തെ ഈസ്റ്റര്‍ ആഘോഷങ്ങളും.

ഇന്ന് രാവിലെ മൈനസ് രണ്ട് ഡിഗ്രി സെല്‍ഷ്യസിലാണ് രാജ്യം ഉറക്കമുണര്‍ന്നത്.പകല്‍ താപനില 8 ഡിഗ്രി വരെ ഉയരുമെങ്കിലും,രാത്രി വീണ്ടും മൈനസിലേയ്ക്ക് തിരിച്ചുപോകും.നാളെയോടെ കനത്ത മഴ രാജ്യത്ത് തണുപ്പ് കുറയ്ക്കുമെങ്കിലും,പിന്നീട് താപനില വീണ്ടും കുറയും.

‘സ്പ്രിംഗ് രാജ്യത്തു നിന്നും മാറിപ്പോകുന്ന അവസ്ഥയിലാണ് ഇപ്പോഴത്തെ സൂചനകള്‍.നാം ഒരു വിന്റര്‍ കാലത്തിലൂടെ തന്നെ വീണ്ടും കടന്നു പോകുകയാണ് എന്ന് തന്നെ കരുതണം’.സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി പ്രത്യക്ഷപ്പെടുന്ന നിരവധി കാലാവസ്ഥാ നിരീക്ഷകരുടെ അഭിപ്രായം ഇപ്പോഴിങ്ങനെയാണ്.

റോഡുകളില്‍ ഐസിന്റെ സാന്നിധ്യം ഇപ്പോഴുമുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top