Monday November 20, 2017
Latest Updates

ഈജിപ്ത്യന്‍ ജയിലിലായിരുന്ന ഐറിഷ്‌കാരന്‍ ഇബ്രാഹിം ഹലാവ മോചിതനായി

ഈജിപ്ത്യന്‍ ജയിലിലായിരുന്ന ഐറിഷ്‌കാരന്‍ ഇബ്രാഹിം ഹലാവ മോചിതനായി

ഡബ്ലിന്‍: ഈജിപ്തില്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ പുറത്താക്കിയതിനെതിരെ സമാധാനപരമായി സമരം ചെയ്ത നൂറുകണക്കിനാളുകള്‍ക്കൊപ്പം ജയിലലടയ്ക്കപ്പെട്ട ഡബ്ലിന്‍ സ്വദേശി ഇരുപത്തൊന്നുകാരന്‍ ഇബ്രാഹിം ഹലാവ നാലുവര്‍ഷത്തിനുശേഷം ജയില്‍ മോചിതനായി. 2013ല്‍ ആണ് ഹലാവ ജയിലിലടയ്ക്കപ്പെട്ടത്. കോടതി കഴിഞ്ഞമാസം 18ന് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയെങ്കിലും മോചനം നീളുകയായിരുന്നു. വ്യാഴാഴ്ചയാണ് ജയില്‍ മോചിതനായത്. ജയില്‍ മോചിതനായെങ്കിലും ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനുള്ളതിനാല്‍ നാട്ടിലേക്കുള്ള മടങ്ങിവരവ് കുറച്ചുദിവസംകൂടി വൈകും.

”ജയിലഴികള്‍ക്കിടയിലൂടെയല്ലാതെ ഞാന്‍ ആകാശംകണ്ടു. ശുദ്ധവായു ശ്വസിച്ചു, സ്വാതന്ത്ര്യത്തോടെ നടന്നു, ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്നുള്ള സന്തോഷത്തില്‍ ചിരിച്ചു. പക്ഷേ, വീട്ടിലെത്താന്‍ കുറച്ചുകൂടി സമയമെടുക്കും” മോചനത്തിനുശേഷം ഹലാവാ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അംബാസഡര്‍ സീന്‍ ഒ റീഗന്‍, എംബസി ജീവനക്കാര്‍, മുന്‍ അംബാസഡര്‍ ഡാമിയന്‍ കോള്‍, ഷെയിന്‍ ഗ്ലീസന്‍, വിന്‍സന്റ് ഹെര്‍ലിഹി തുടങ്ങി മോചനത്തിനു സഹായിച്ചവര്‍ക്കുള്ള നന്ദിയും ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

വെള്ളിയും ശനിയും ഈജിപ്തില്‍ അവധിയായതിനാല്‍ ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ ഞായറാഴ്ചയേ പൂര്‍ത്തിയാക്കാനാകൂ. ഞായറാഴ്ചയോ തിങ്കളാഴ്ചയോ അദ്ദേഹം നാട്ടിലെത്തുമെന്നാണ് പ്രതീക്ഷ.

”നാലു വര്‍ഷത്തിനുശേഷം ഞങ്ങള്‍ സമാധാനത്തോടെ ഉറങ്ങി. ജയിലഴികള്‍ക്കു പുറത്ത് സമാധാനത്തോടെ ഹലാവാ കിടക്കയില്‍ ഉറങ്ങി എന്ന ചിന്ത ഞങ്ങള്‍ക്ക് സന്തോഷംതരുന്നു” ഇബ്രാഹിം ഹലാവായുടെ സഹോദരി ഫാത്തിമ പറഞ്ഞു. ഹലാവയുടെ മോചനവാര്‍ത്തയറിഞ്ഞ് കുടുംബാംഗങ്ങള്‍ കെയ്‌റോയില്‍ എത്തിയിട്ടുണ്ട്.

ശസ്ത്രക്രിയയ്ക്കുശേഷം ഇന്നലെയാണ് ഹലാവയുടെ മാതാവ് ആശുപത്രി വിട്ടത്. വെളിയില്‍ അവരെ വരവേറ്റത് മകന്റെ മോചനവാര്‍ത്തയാണ്. വിദേശകാര്യവകുപ്പ് സെപ്റ്റംബറില്‍ ഹലാവയ്ക്ക് പുതിയ പാസ്‌പോര്‍ട്ട് നല്‍കിയിരുന്നു.

Scroll To Top