Saturday July 22, 2017
Latest Updates

ഇസ്രായേലിലെത്തിയ വിദേശമന്ത്രി സൈമണ്‍ കോവ്നെയ്ക്ക് തണുത്ത സ്വീകരണം

ഇസ്രായേലിലെത്തിയ വിദേശമന്ത്രി സൈമണ്‍ കോവ്നെയ്ക്ക് തണുത്ത സ്വീകരണം

ഡബ്ലിന്‍:മോഡിയ്ക്ക് പിന്നാലെ ഇസ്രായേലിലെത്തിയ വിദേശമന്ത്രി സൈമണ്‍ കോവ്നെയ്ക്ക് തണുത്ത സ്വീകരണം.അയര്‍ലണ്ടിന്റെ പാലസ്തീന്‍ അനുകൂല നിലപാടുകളുടെ പേരിലാണ് ഇതെന്നാണ് സൂചന. കഴിഞ്ഞ ദിവസം അവിടെ എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് വന്‍ സ്വീകരണം ലഭിച്ചത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.എന്നാല്‍ പാലസ്തീനോടുള്ള മൃദുസമീപനം മനസ്സില്‍വെച്ചാണ് അയര്‍ലണ്ട് പ്രതിനിധിയെ ഇസ്രായേല്‍ സ്വീകരിച്ചത്.ഇക്കാര്യം സ്ഥിരീകരിച്ച് ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെയ്തന്യാഹു ഫേസ്ബുക്ക് പോസ്റ്റുമിട്ടു.

മൂന്നു ദിവസത്തെ ഇസ്രായേല്‍ സന്ദര്‍ശനത്തിനായാണ് മന്ത്രി സൈമണ്‍ കോവ്നെയെത്തിയത്.ജറുസലേം,ടെല്‍അവീവ്,വെസ്റ്റ് ബാങ്ക് സിറ്റി ഓഫ് റാമല്ലാഹ് എന്നിവിടങ്ങളിലും മന്ത്രിയെത്തി. ജറുസലേമില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ അയര്‍ലണ്ടിന്റെ പരമ്പരാഗത പാലസ്തീന്‍ അനുകൂല സമീപനത്തോടുള്ള അതൃപ്തി പ്രധാനമന്ത്രി പ്രകടിപ്പിച്ചു.പാലസ്തീന്‍ നടത്തുന്ന ഭീകരാക്രമങ്ങളെ മഹത്വവല്‍ക്കരിക്കുകയും അതിന് പ്രചോദനം നല്‍കുകയുമാണ് അയര്‍ലണ്ട് ചെയ്യുന്നതെന്നു നെയ്തന്യാഹു പറഞ്ഞു.പാലസ്തീനെ അനുകൂലിക്കുന്ന എന്‍ജിഒകളെ സഹായിക്കുന്ന നിലപാടിനെയും അദ്ദേഹം വിമര്‍ശിച്ചു.

്അയര്‍ലണ്ടിന്റെ പാലസ്തീന്‍ അനുകൂല നിലപാടുകള്‍ നേരത്തേ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.അയര്‍ലണ്ടിലെ വിവിധ കൗണ്ടി കൗണ്‍സിലുകള്‍ പാലസ്തീനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അവരുടെ പതാകകള്‍ കൗണ്‍സിലിനു മുകളില്‍ ഉയര്‍ത്തിയിരു്ന്നു.സൗത്ത് ഡബ്ലിന്‍ കൗണ്‍സില്‍,ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍,ഗാല്‍വെ സിറ്റി കൗണ്‍സില്‍,സ്ലീഗോ കൗണ്‍സില്‍ എന്നിവയാണ് കടുത്ത ഇസ്രായേല്‍ വിരുദ്ധനിലപാടുകള്‍ പരസ്യമായി പ്രഖ്യാപിച്ച് രംഗത്തുവന്നത്.

അതേസമയം,അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.ഉഭയകക്ഷി പ്രശ്നങ്ങളും അയര്‍ലണ്ട്-ഇസ്രായേല്‍ വ്യാപാരവും മധ്യ കിഴക്കന്‍ സമാധാന പ്രശ്നങ്ങളുമെല്ലാം ചര്‍ച്ച ചെയ്തതായി മന്ത്രി കോവ്നെയുടെ ഓഫിസും അറിയിച്ചു.

Scroll To Top