Tuesday September 25, 2018
Latest Updates

ഇറോം ശര്‍മിള വീട്ടു തടങ്കലില്‍,വിവാഹം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് അഞ്ച് ഹര്‍ജികള്‍ 

ഇറോം ശര്‍മിള വീട്ടു തടങ്കലില്‍,വിവാഹം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് അഞ്ച് ഹര്‍ജികള്‍ 

ചെന്നൈ :മണിപ്പൂര്‍ സമര നായിക ഇറോം ഷര്‍മ്മിള തമിഴ്നാട്ടിലെ കൊടൈക്കനാലില്‍ തികച്ചും ഒറ്റപ്പെട്ട് വീട്ടു തടങ്കലിലായിട്ട് നാല് മാസം പിന്നിട്ടു. മണിപ്പൂരിലെ തെരഞ്ഞെടുപ്പ് തോല്‍വിയെത്തുടര്‍ന്ന് രാഷ്ട്രീയം ഉപേക്ഷിച്ച ഇറോം ഷര്‍മ്മിള കേരളത്തിലെ സ്നേഹ നിര്‍ഭരമായ സ്വീകരണങ്ങള്‍ക്കു ശേഷം ഏകാന്ത വാസത്തിനായി തെരഞ്ഞെടുത്ത സ്ഥലം കൊടൈക്കനാലായിരുന്നു. ഇവിടെ പൊരുമാള്‍ മലക്കടുത്ത ബോഡിജെന്റോ ആശ്രമത്തില്‍ കഴിയുന്നതിനിടയിലാണ് കാമുകന്‍ ഡെസ്മണ്ട് കുടിനോ ഇവരെത്തേടി കൊടൈക്കനാലില്‍ എത്തിയത്. പിന്നീട് കൊടൈക്കനാലില്‍ തന്നെ മറ്റൊരിടത്തേയ്ക്ക് ഇവര്‍ താമസം മാറ്റി. ഒന്നിച്ച് കഴിയുകയായിരുന്ന ഇവരുടെ വിവാഹം ഒരു മാസത്തിനകം നടക്കുമെന്നും പറഞ്ഞിരുന്നു.വിവാഹം നടന്നെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു,എന്നാല്‍ അത്തരമൊരു വിവാഹമേ നടന്നിട്ടില്ല എന്നാണ് പുതിയ വാര്‍ത്തകള്‍.ജൂലൈ 12 ന് സബ് രജിസ്ട്രാര്‍ ഓഫിസില്‍ ഹാജരായ ഇവര്‍ വിവാഹത്തിനുള്ള അപേക്ഷ നല്‍കുക മാത്രമാണ് ചെയ്തതത്രെ.
എന്നാല്‍ കൊടൈക്കനാലിലെ സാമൂഹ്യ പ്രവര്‍ത്തകനായ മഹേന്ദ്രന്‍ അടക്കം അഞ്ച് പേരാണ് ഇവരുടെ വാഹത്തിന് സമ്മതം നല്‍കാന്‍ പാടില്ല എന്നാവശ്യപ്പെട്ട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ നാല് മാസത്തിനിടെ ഇറോം ഒരു ദിവസം മാത്രമാണ് ഇവിടുത്തെ മാധ്യമങ്ങളെ കണ്ടത്. അതാവട്ടെ തന്റെ വിവാഹ തീരുമാനം അറിയിക്കാന്‍ വേണ്ടി. ഇവരുടെ പ്രതിശ്രുത വരന്‍ അയര്‍ലണ്ട് സ്വദേശി ഡസ്മണ്ട് വന്നതിന് ശേഷമാണ് ഷര്‍മ്മിളയെ പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ല എന്ന പരാതി ഉയര്‍ന്നത്.

മണിപ്പൂരിലെ പട്ടാളത്തിന് നല്‍കിയിരുന്നു പ്രത്യേക അധികാര നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മനുഷ്യ ചരിത്രത്തില്‍ സമാനതകളില്ലാത്ത വിധം നീണ്ട 16 വര്‍ഷക്കാലം നിരാഹാരസമരം നടത്തിയ മണിപ്പൂരിന്റെ ഉരുക്കു വനിതക്ക് ഇഷ്ടത്തിനനുസരിച്ച് തീരുമാനമെടുക്കുവാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുന്നു. ഇറോം ഷര്‍മ്മിളയെ ബന്ധപ്പെടാന്‍ ഇപ്പോള്‍ ആര്‍ക്കും ഒരു വഴിയും ഇല്ലാതായിരിക്കുന്നു. കൊടൈക്കനാലില്‍ എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കും അവിടെയുള്ളവര്‍ക്കും ഇപ്പോള്‍ അവരെ കാണാന്‍ കഴിയുന്നില്ല. ഡസ്മണ്ട് അനുവാദം നിഷേധിക്കുകയാണ്. അനുവാദം കിട്ടുന്ന അപൂര്‍വ്വ അവസരങ്ങളില്‍ ഷര്‍മ്മിളയോടുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നത് ഡസ്മണ്ടാണ്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍നിന്ന് മാധ്യമ പ്രവര്‍ത്തകര്‍ ഡസ്മണ്ടുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെങ്കിലും ഷര്‍മ്മിളയുമായിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് അനുവാദം നല്‍കുന്നില്ല. അമ്മ സഖീദേവി അടക്കമുള്ള ഇറോമിന്റെ ബന്ധുക്കളും നേരിടുന്നത് സമാനസ്ഥിതിയാണ്. മകളോട് സംസാരിക്കണമെന്ന സഖീദേവിയുടെ ആഗ്രഹം അനുവദിക്കപ്പെട്ടിട്ടില്ല. ഫോണ്‍ എടുക്കുന്നത് ഇയാളാണ്. പലരോടും മോശമായി പെരുമാറുന്നതായി പരാതിയുമുണ്ട്.

അയര്‍ലണ്ട് പൗരനായ കുടിനോയെ ഇറോം ഷര്‍മ്മിളയുടെ സമരത്തെ പൊളിക്കാന്‍ ഇന്ത്യന്‍ പട്ടാളം അയച്ച ചാരനായിട്ടാണ് മണിപ്പൂര്‍ ജനത ഇപ്പോഴും കരുതുന്നത്. 2009 മുതല്‍ തുടങ്ങിയ കുടിനോയുടെ ജയില്‍ സന്ദര്‍ശനത്തിന് ശേഷമാണ് ഷര്‍മ്മിളയുടെ സമരത്തിന് തീവ്രത കുറഞ്ഞതെന്ന് അവരിപ്പോഴും കരുതുന്നു. ഡസ്മണ്ട് മണിപ്പൂരില്‍ എത്തിയപ്പോഴൊക്കെ അയാളുമായി പ്രശ്നങ്ങള്‍ ഉണ്ടായിട്ടുള്ളതായി മണിപ്പൂരികള്‍ പറയുന്നു. ഏറ്റവും ഒടുവില്‍ 2014ല്‍ ഇംഫാലില്‍ വച്ചുണ്ടായ ഒരു വഴക്കിനെത്തുടര്‍ന്ന് ഡസ്മണ്ടിനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു. ഡസ്മണ്ടിന്റെ ഓരോ നീക്കത്തിലും മണിപ്പൂരി ജനതയ്ക്ക് സംശയങ്ങളുണ്ട്. ഏറ്റവും ഒടുവില്‍ ഷര്‍മ്മിളയും ഡസ്മണ്ടുമായിട്ടുള്ള വിവാഹ തീരുമാനത്തെ മണിപ്പൂരികള്‍ ഒന്നടങ്കം എതിര്‍ക്കാന്‍ കാരണവും ഇയാള്‍ റോയുടെ ചാരനാണ് എന്ന സംശയം തന്നെയാണ്.

16 വര്‍ഷക്കാലം ഏകാന്ത വാസത്തിന് ശേഷം പുറത്തിറങ്ങിയ ഇറോം ആള്‍ക്കൂട്ടങ്ങളെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് മണിപ്പൂരില്‍ അവര്‍ സജീവമായി ആള്‍ക്കൂട്ടങ്ങള്‍ക്കൊപ്പമായിരുന്നു. അടുത്തിടെ കേരളത്തില്‍ എത്തിയപ്പോഴും ആള്‍ക്കൂട്ടക്കാഴ്ചകളില്‍ അവര്‍ സന്തുഷ്ടയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കഴിഞ്ഞ നാല് മാസക്കാലമായി ആരോടും ബന്ധപ്പെടാനാവാതെ ഒറ്റപ്പെട്ട് കൊടൈക്കനാലിലെ കൊടും തണുപ്പില്‍ കഴിയുകയാണ്. ഡസ്മണ്ടിന്റെ നീക്കങ്ങളില്‍ അവര്‍ അസ്വസ്ഥതയാണോ എന്ന് അന്വേഷിക്കാന്‍ പറ്റാത്ത നിലയിലാണ് അവരുടെ അഭ്യുദയകാംക്ഷികള്‍.

മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമങ്ങളും ഇറോം ഷര്‍മ്മിളയുടെ ഇപ്പോഴത്തെ ഒളിവ് ജീവിതത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തങ്ങളുടെ സമര നായികയുടെ ജീവിതം ദുരൂഹമാക്കിയ ഡസ്മണ്ട് കുടിനോയെത്തേടി ചില മണിപ്പൂരികള്‍ കൊടൈക്കനാലിലേയ്ക്ക് വൈകാതെ എത്തുമെന്നും വാര്‍ത്തകളുണ്ട്.

കടപ്പാട്:അനീഷ് ഐക്കുളത്ത്

Scroll To Top