Saturday September 23, 2017
Latest Updates

ഇറാന്‍ ലോകരാഷ്ട്രങ്ങളുടെ നിബദ്ധനകള്‍ക്ക് സമ്മതം നല്‍കി,ആണവകരാറിന് പച്ചക്കൊടി 

ഇറാന്‍ ലോകരാഷ്ട്രങ്ങളുടെ നിബദ്ധനകള്‍ക്ക് സമ്മതം നല്‍കി,ആണവകരാറിന് പച്ചക്കൊടി 

വിയന്ന:ലോക സമാധാനത്തിന്റെ വേദികയില്‍ വെള്ളി വെളിച്ചം വീശുന്ന നിര്‍ണ്ണായകമായ ഒരു നീക്കത്തിലൂടെ പതിമൂന്ന് വര്‍ഷം പഴക്കമുള്ള ആണവതര്‍ക്കത്തിന് വിരാമം കുറിച്ച് ഇറാനും വന്‍ശക്തികളും ചരിത്രപ്രധാന കരാറിലെത്തി. വിയന്നയില്‍ 18 ദിവസം നീണ്ട മാരത്തണ്‍ ചര്‍ച്ച ഇതോടെ ഫലപ്രാപ്തിയിലെത്തിയിരിക്കുകയാണ്. 

ആണവ പദ്ധതികള്‍ വെട്ടിക്കുറക്കുന്നതിന് പകരം ഇറാനെതിരായ പാശ്ചാത്യ ഉപരോധങ്ങളില്‍ അയവുവരുത്താന്‍ നിര്‍ദേശിക്കുന്ന കരാറിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ശരീഫും യൂറോപ്യന്‍ യൂണിയന്‍ നയകാര്യ വിഭാഗം മേധാവി ഫെഡറിക്ക മൊഗെറിനിയും സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് കരാര്‍ യഥാര്‍ത്ഥ്യമായ വിവരം അറിയിച്ചത്.


അന്താരാഷ്ട്ര സമൂഹത്തെ ബാധിക്കുന്ന ഗുരുതരമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്ന വിധം പുതിയ ചക്രവാളം തുറക്കാനും അനാവശ്യ പ്രതിസന്ധി നീക്കാനും കരാര്‍ സഹായകമാകുമെന്ന് ശരീഫ് പറഞ്ഞു. ചരിത്ര നിമിഷമെന്നാണ് അദ്ദേഹം കരാറിനെ വിശേഷിപ്പിച്ചത്. എല്ലാ അര്‍ത്ഥത്തിലും സമ്പൂര്‍ണമാണെന്ന് അവകാശപ്പെടാനാവില്ലെങ്കിലും ഇതൊരു സുപ്രധാന നേട്ടം തന്നെയാണ്. പ്രതീക്ഷയുടെ പുതിയ അധ്യായത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്നും ശരീഫ് കൂട്ടിച്ചേര്‍ത്തു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പ്രശ്‌നങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും നയതന്ത്രം, സഹകരണ, ഏകോപനം തുടങ്ങിയ മാര്‍ഗങ്ങളിലൂടെ മറികടക്കാന്‍ സാധിച്ചതായി മൊഗെറിനി പറഞ്ഞു. അമേരിക്കയുടെയും ഇറാന്റെയും പ്രസിഡണ്ടുമാര്‍ കരാറിനെ സ്വാഗതംചെയ്തു. 

യു.എസ്, റഷ്യ ബ്രിട്ടന്‍ അടക്കം ആറു വന്‍ ആണവ രാഷ്ട്രങ്ങളുമായി ജൂലൈ മൂന്നു മുതല്‍ യൂറോപ്യന്‍ യൂണിയന്റെ മധ്യസ്ഥതയില്‍ അവസാനവട്ട ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. ഇതില്‍ പങ്കെടുക്കുന്നതിനായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി കഴിഞ്ഞ ദിവസം വിയന്നയില്‍ എത്തിയിരുന്നു.

ഔദാര്യമല്ല ഇറാന്‍ ചോദിച്ചിരുന്നതെന്നും ന്യായവും സത്യന്ധവും സന്തുലിതവുമായ ഉടമ്പടിയാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ പ്രസിഡണ്ട് ഹസന്‍ റൂഹാനി വ്യക്തമാക്കി. ഇറാനെ സംബന്ധിച്ചിടത്തോളം പുതിയൊരു അധ്യായത്തിന് തുടക്കമിട്ടതായും രാജ്യം നേരിടുന്ന മറ്റു വെല്ലുവിളികളിലായിരിക്കും ഇനി സര്‍ക്കാറിന്റെ ശ്രദ്ധയെന്നും അദ്ദേഹം അറിയിച്ചു. 

ഇറാനെതിരായ ഉപരോധങ്ങള്‍ പിന്‍വലിക്കണമെങ്കില്‍ യു.എസ് കോണ്‍ഗ്രസിന്റെ പിന്തുണ ആവശ്യമാണ്. അതുകൊണ്ടു തന്നെ കരാറിന്റെ ആവശ്യകത സ്വന്തം ജനതയെ ഒബാമക്ക് ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഇറാനെ വിശ്വസിച്ചുകൊണ്ടല്ല കരാറുണ്ടാക്കിയിരിക്കുന്നതെന്നും നിരന്തര പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കും കരാറിന്റെ ഭാവിയെന്നും ഒബാമ വ്യക്തമാക്കി.

ഇറാനിലെ വിദ്യാര്‍ഥികള്‍ വിദേശ സര്‍വകലാ ശാലകളില്‍ ന്യൂക്ലിയര്‍ ഫിസിക്‌സ് പഠിക്കുന്നതിനുള്ള നിരോധം എടുത്തുകളഞ്ഞുകളഞ്ഞതുള്‍പ്പെടെ ചെറുതും വലുതുമായ ഒട്ടേറെ നിര്‍ദേശങ്ങളാണ് കരാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

Scroll To Top