Saturday February 25, 2017
Latest Updates

ഇരിങ്ങാലക്കുടയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നു :കൂടുതല്‍ കപ്പേളകള്‍ക്ക് നേരെ ആക്രമണം ,തൃശൂര്‍ ഹര്‍ത്താല്‍ ഭാഗികം 

ഇരിങ്ങാലക്കുടയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നു :കൂടുതല്‍ കപ്പേളകള്‍ക്ക് നേരെ ആക്രമണം ,തൃശൂര്‍ ഹര്‍ത്താല്‍ ഭാഗികം 

ഇരിങ്ങാലക്കുട :തൃശൂര്‍ ജില്ലയില്‍ സംഘ്പരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത പകല്‍ ഹര്‍ത്താല്‍ ഭാഗികം. കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ബസുകള്‍ ഒഴികെയുള്ള സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. യൂനിവേഴ്‌സിറ്റി പരീക്ഷകള്‍ തടസമില്ലാതെ നടക്കുന്നുണ്ട്. കോളജ് ബസുകളും സര്‍വീസ് നടത്തി. മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ തുറന്നിട്ടില്ല.

ഇരിങ്ങാലക്കുട മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളിയിലെ അമ്പ് എഴുന്നള്ളിപ്പ് ക്ഷേത്രഭൂമിയില്‍ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇരിങ്ങാലക്കുട മേഖലയില്‍ പരക്കെ സംഘര്‍ഷത്തിന് ഇടവരുത്തിയത്.

മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളി തിരുനാളിന്റെ അമ്പ് പ്രദക്ഷിണം മൂര്‍ക്കനാട് ആലുംപറമ്പ് ക്ഷേത്രത്തിന്റെ പറമ്പിലൂടെ കടന്നുപോകുന്നത് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇതെ തുടര്‍ന്ന് പൊലീസുമായുണ്ടായ സംഘര്‍ഷത്തില്‍ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. 

പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടന സെക്രട്ടറി കെ.പി ഹരിദാസ് അടക്കമുള്ള നിരവധി നേതാക്കള്‍ക്ക് പരിക്കേറ്റു.കണ്ണിന് ഗുരുതരമായി പരിക്കേറ്റ കെ.പി ഹരിദാസിനെ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം തൃശ്ശൂര്‍ മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു.

ക്ഷേത്രഭൂമിയുമായി ബന്ധപ്പെട്ട് ഏറെ നാളായി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന മൂര്‍ക്കനാട് ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഘര്‍ഷമുണ്ടായത്.

ശിവക്ഷേത്രത്തിന്റെ ഭാഗമായ ആലുംപറമ്പ് മൈതാനത്തിലൂടെ പള്ളിയിലെ അമ്പുതിരുനാള്‍ കടന്നുപോകുന്നത് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്..സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി പി.എവര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം മൂര്‍ക്കനാട് തമ്പടിച്ചിരുന്നു.

പള്ളി അധികൃതരുടെ അപേക്ഷ പ്രകാരം ആദ്യം അമ്പ് പ്രവേശിക്കുന്നതിന് ദേവസ്വം അനുമതി നല്‍കിയിരുന്നുവെങ്കിലും ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരുടെ എതിര്‍പ്പ് മൂലം പിന്നീട് അനുമതി നിഷേധിക്കുകയായിരുന്നു.ദേവസ്വത്തിന്റെ ഈ ഓര്‍ഡറുമായെത്തിയ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരെ പോലീസ് അകാരണമായി മര്‍ദ്ധിക്കുകയായിരുന്നുവെന്ന് നേതാക്കള്‍ ആരോപിച്ചു.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കിഴിലുള്ള ശിവക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കര്‍ 27 സെന്റ് സ്ഥലം ഉള്‍പ്പെടുന്ന ആലുംപറമ്പ് മൈതാനത്ത് മതില്‍ പണിയുന്നതുമായി ബന്ധപ്പെട്ട് കുറച്ചുനാളായി നഗരസഭയുമായും തര്‍ക്കം നിലനിന്നിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത ഇരുപത്തിരണ്ടോളം പ്രവര്‍ത്തകരെ വിട്ടുകിട്ടണമെന്ന ആവശ്യമുന്നയിച്ച് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.

തുടര്‍ന്ന് ശനിയാഴ്ച്ച രാത്രിയില്‍ ഇരിങ്ങാലക്കുട മേഖലയില്‍ പള്ളികപ്പേളകള്‍ക്ക് നേരെ കല്ലേരുണ്ടായി . നാല് കപ്പേളകളുടെ ചില്ലുകള്‍ തകര്‍ന്നു. കണ്ണിക്കരയില്‍ രൂപക്കുടിലെ മാതാവിന്റെ രൂപത്തിനു കേടുസംഭവിച്ചു. പുല്ലൂര്‍ അണ്ടികമ്പി മുതല്‍ കൊമ്പിടി വരെയുള്ള വഴിയില്‍ മൂന്ന് കപ്പേളകളടക്കം നാല് കപ്പേളകള്‍ക്ക് നേരെയാണ് കല്ലേറ് നടന്നിരിക്കുന്നത്. ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ കുരിശ്ശങ്ങാടി ഇരട്ടകപ്പേള, പുല്ലൂര്‍ സെന്ററിലെ വ്യാകുല മാതാവിന്റെ കപ്പേള, അവിട്ടത്തൂര്‍ ഓങ്ങിച്ചിറ ഹോളി ഫാമിലി കപ്പേള, കണ്ണിക്കര സെന്റ് മേരീസ് പള്ളിക്ക് സമീപമുള്ള കപ്പേള എന്നിവയ്ക്ക് നേരെയാണ് വ്യാപകമായി കല്ലേറ് നടന്നിരിക്കുന്നത്. കണ്ണിക്കര പള്ളിക്ക് സമീപമുള്ള കപ്പേളയ്ക്ക് നേരെയുണ്ടായ കല്ലേറില്‍ മാതാവിന്റെ കിരീടത്തിനും, കൈയ്യിലും, മുഖത്തിനും കേടുപാട് പറ്റി.

കല്ലേറില്‍ ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ കുരിശ്ശങ്ങാടി ഇരട്ടകപ്പേളയിലെ രണ്ട് ചില്ലുകളും, പുല്ലൂര്‍ അണ്ടിക്കമ്പിക്ക് സമീപമുള്ള വ്യാകുലമാതാവിന്റെ കപ്പേളയുടെ മുന്‍വശത്തെ വാതിലും രണ്ട് ചില്ലുകളും, അവിട്ടത്തൂര്‍ ഓങ്ങിച്ചിറ ഹോളി ഫാമിലി കപ്പേളയുടെ മുന്‍വശത്തെ ചില്ലും മുകളിലത്തെ റബ്ബര്‍ ബീഡിങ്ങും തകര്‍ന്നു. എല്ലായിടത്തും ചില്ലുകള്‍ എറിഞ്ഞുതകര്‍ത്ത കല്ലുകളും കട്ടകളും കപ്പേളകള്‍ക്കുള്ളിലും പുറത്തുമായി കിടക്കുന്നുണ്ട്. ഇരിങ്ങാലക്കുട പോലീസ് കേസെടുത്തിട്ടുണ്ട്. ഉച്ചയോടെ തൃശ്ശൂരില്‍ നിന്നും പോലീസ് ഡോഗ് സ്‌കോഡ് എത്തി നാലു കപ്പേളകള്‍ക്കുള്ളിലും പരിശോധന നടത്തിperu iri

ഇതിനിടെ ,മൂര്‍ക്കനാട് സെന്റ് ആന്റണീസ് ദേവാലയതിരുനാള്‍ പ്രദക്ഷിണവഴിയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന കടുത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന മൂര്‍ക്കനാട് തിരുനാളില്‍ ആയിരങ്ങള്‍ ഭക്തിസാന്ദ്രമായി അണി നിരന്നു. രൂപതാ ചാന്‍സലര്‍ ഫാ.ക്ലമന്റ് ചിറയത്ത്, വികാരി ഫാ.ലിജോ പറമ്പത്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആയിരങ്ങള്‍ പ്രദക്ഷിണത്തില്‍ അണിചേര്‍ന്നു. വാദ്യമേളങ്ങളും കരിമരുന്ന് പ്രയോഗങ്ങളും പ്രദക്ഷിണത്തിന് കൊഴുപ്പേകി. 2 വരിയായി പട്ട്കുടകള്‍ പിടിച്ച് പ്രാര്‍ത്ഥനാ നിര്‍ഭരായി നടന്ന പ്രദക്ഷിണം ഹിന്ദു ഐക്യവേദി തടസവാദം ഉന്നയിച്ച ആലുംപറമ്പി റോഡില്‍ പ്രവേശിക്കാതെ പള്ളിയില്‍ സമാപിക്കുകയായിരുന്നു. അക്രമസാധ്യത കണക്കിലെടുത്ത് തിരുനാള്‍പ്രദക്ഷിണത്തിന് പോലീസ് കനത്ത സുരക്ഷാ സംവിധാനം ഒരുക്കിയിരുന്നു.

മൂര്‍ക്കനാട് ആലുംപറമ്പ് സംഭവത്തിലും ,കപ്പേളകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടതിലും വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.ആലുപറമ്പില്‍ നിരവധി വര്‍ഷങ്ങളായി പൊതുജനങ്ങള്‍ ഉപയോഗിച്ചിരുന്നതും ,പി.ഡബ്ല്യു.ഡി ടാറിങ്ങ് നടത്തി വരുന്നതുമായ റോഡിലൂടെ മൂര്‍ക്കനാട് പള്ളിതിരുന്നാളിന്റെ പ്രദക്ഷിണം പോകുന്നതില്‍ ഹിന്ദു ഐക്യവേദി തടസ്സവാദമുന്നയിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥ ഉണ്ടായത്.ഇതേ തുടര്‍ന്ന് ശനിയാഴ്ച അമ്പ് തടയുകയും തുടര്‍ന്ന് പോലീസ് ബലപ്രയോഗം നടത്തുകയും ഉണ്ടായിരുന്നു.ശനിയാഴ്ച അര്‍ദ്ധ രാത്രിയ്ക്കും ഞായറാഴ്ച പുലര്‍ച്ചയ്ക്കും ഇടയിലാണ് കപ്പേളകള്‍ വ്യാപകമായി തകര്‍ക്കപ്പെട്ടത്.പ്രകോപനങ്ങളെ പ്രാര്‍ത്ഥനാനിര്‍ഭരമായും ,സമാധാനപരമായും അഭിമുഖീകരിക്കുമെന്നും ,സംയമനം പാലിക്കുമെന്നും ,അധികൃതര്‍ നടപടി എടുക്കുമെന്ന പ്രതീക്ഷിക്കുന്നതായും രൂപതാ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു.

സഞ്ചാര സ്വാതന്ത്ര്യം നിക്ഷേധിക്കുന്ന നിലപാട് നാടിനാപത്താണെന്നും വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിക്കുന്ന നിലപാടില്‍ പ്രതിഷേധിക്കുന്നതായും സി.പി.എം പത്രക്കൂറിപ്പിലൂടെ അറിയിച്ചു.

ദേവസ്വം അധികൃതരും,ജില്ലാ ഭരണകൂടവും മതേതര നിലപാട് ഉയര്‍ത്തി പിടിക്കുന്നതില്‍ പരാജയപ്പെട്ടതായും ,സംഘപരിവാറിന്റെ കുല്‍സിത നീക്കങ്ങളെ തിരിച്ചറിയണമെന്നും സി.പി.ഐ പ്രതികരിച്ചു.

സി.എല്‍.സി,ഡി.വൈ.എഫ്.ഐ,യൂത്ത് ഫ്രണ്ട്,രൂപതാ പാസ്റ്ററല്‍ കൗണ്‍സിലര്‍ തുടങ്ങിയവരും സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.ഇരിങ്ങാലക്കുട രൂപതയില്‍ ഇന്ന് പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുന്നുണ്ട്.പുല്ലൂരില്‍ കപ്പേള ആക്രമിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇടവകയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തുകയുണ്ടായി.

Scroll To Top