Monday February 20, 2017
Latest Updates

‘ഇമ്മിണി ബല്ല്യ ഒന്ന് ‘ :നാട്ടരങ്ങ് നാടക സംഘം, ഡബ്ലിന്‍ നഗരത്തിന് അവിസ്മരണീയമായ കലാവിരുന്നൊരുക്കി

‘ഇമ്മിണി ബല്ല്യ ഒന്ന്  ‘ :നാട്ടരങ്ങ് നാടക സംഘം, ഡബ്ലിന്‍ നഗരത്തിന് അവിസ്മരണീയമായ കലാവിരുന്നൊരുക്കി

ഡബ്ലിന്‍ :ഡബ്ലിനിലെ ഓ റൈലി ഹാളിലെത്തിയ നൂറുകണക്കിന് സുമനസുകള്‍ക്ക് മുന്‍പില്‍ ശനിയാഴ്ച്ച വൈകിട്ട് അവതരിപ്പിക്കപ്പെട്ടത് നാടകമായിരുന്നില്ല ,സാക്ഷാല്‍ ജീവിതമായിരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍ എന്ന മഹാ സാഹിത്യകാരന്റെ അനുഭവങ്ങളിലൂടെ ഒരു സംഘം കലാകാരന്മാര്‍ ,ആറ് പതിറ്റാണ്ടുകള്‍ക്ക് പിറകിലേയ്ക്ക് പോയി വേഷമെടുത്തിട്ടും ,പഴമയുടെ യാതൊരു മുഷിവുമില്ലാതെ ഒന്നര മണിക്കൂറുകളോളം ശ്വാസമടക്കി ,ആനന്ദനിര്‍വൃതി നുകരുകയായിരുന്നു കാണികള്‍.

1942ല്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ വച്ച് ബഷീര്‍ എഴുതിയ പ്രേമ ലേഖനം എന്ന നോവലായിരുന്നു നാടകത്തിന്റെ പ്രധാന ഇതിവൃത്തം. ഈ നോവലാകട്ടെ രാജ്യദ്രോഹക്കുറ്റത്തിന് രണ്ടര കൊല്ലം കഠിനതടവ് അനുഭവിക്കുകയായിരുന്ന ബഷീര്‍, തടവുപുള്ളികള്‍ക്ക് കഥകള്‍ വായിക്കാന്‍ ആഗ്രഹമുണ്ടെന്നു പറഞ്ഞപ്പോള്‍ അവര്‍ക്കു വേണ്ടി എഴുതിയതാണിത്. 1943ല്‍ പ്രസിദ്ധപ്പെടുത്തി. (നിര്‍ദോഷമായ ഫലിതം തുളുമ്പുന്ന ഈ ചെറുകൃതി 1944ല്‍ തിരുവതാംകൂര്‍ രാജ്യത്തു നിരോധിക്കുകയും കണ്ടുകെട്ടുകയും ചെയ്തു.)nns chaya

നോവലിലെ കഥാപാത്രങ്ങളായ കേശവന്‍ നായരും ,സാറാമ്മയും തമ്മില്‍ മൊട്ടിടുന്ന അനുരാഗവും,അതിന്റെ മധുരതരമായ പരിണാമവുമാണ് പ്രധാനമായും ഈ നാടകത്തില്‍ വരച്ചുകാട്ടുന്നത്.കേശവന്‍നായരായി പ്രദീപ് ചന്ദ്രനും ,ചട്ടയും മുണ്ടുമണിഞ്ഞ ക്രിസ്ത്യാനി പെണ്‍കൊടിയായ, സാറാമ്മയായി ,നിഷാ കൃഷ്ണനും അസാമാന്യവൈഭവം കാട്ടിയാണ് സ്റ്റേജില്‍ നിറഞ്ഞത്.പ്രേമഭാവങ്ങളുടെ തന്മയത്വം ഇരുവരിലും ഒരേപോലെ നിറഞ്ഞു നിന്നു.പ്രേയെസിയുടെ ഇച്ഛയ്ക്കനുസരിച്ചു തലകുത്തി നിന്ന്‌പോലും പ്രണയം ഇരന്നു വാങ്ങുന്ന കേശവന്‍നായര്‍ അവസാനം അവള്‍ക്കൊരു പ്രേമലേഖനം അയയ്ക്കുന്നു.

‘ജീവിതം യൌവ്വന തീക്ഷണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന
ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത്
എങ്ങനെ വിനിയോഗിക്കുന്നു ? ഞാനാണെങ്കില്‍…..
എന്റെ ജീവിതത്തിലെ നിമിഷങ്ങളോരോന്നും
സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിയുകയാണ്. സാറാമ്മയോ ?
ഗാഡമായി ചിന്തിച്ച് മധുരോദാരമായ ഒരു മറുപടിയാല്‍ എന്നെ
അനുഗ്രഹിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട്,’

സാറാമ്മയുടെ
കേശവന്‍ നായര്‍.

കേരളക്കരയില്‍ ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു പ്രേമലേഖനവും ഇല്ലെന്ന് പറയാം. ബേപ്പൂരിന്റെ സുല്‍ത്താനായ ബഷീറിനെ സ്‌നേഹിക്കുന്ന അക്ഷര സ്‌നേഹികള്‍ക്ക് ഒരുപക്ഷെ ഈ പ്രേമലേഖനം കാണാപാഠമായിരിക്കും.കാരണം , കേശവന്‍ നായര്‍ സാറാമ്മയ്ക്ക് നല്‍കിയ അന്നത്തെ പ്രേമലേഖനം അത്രമേല്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.ഇന്നലെ ഓ റൈലി ഹാളില്‍ അത് വീണ്ടും ഒരിക്കല്‍ കൂടി കേള്‍ക്കാന്‍ നാട്ടരങ്ങ് നാടക സംഘം അവസരമൊരുക്കി.സാറാമ്മയുടെ പരിഭവങ്ങളും, ‘നിനച്ചിരിക്കാതെ കിട്ടിയ ജോലിയും’ ,’ആകാശ് മിട്ടായിയും’ ഒക്കെ ആരിലും ചിരിയുടെ രസമുകുളങ്ങള്‍ തീര്‍ക്കുന്നു.

nns udyഉദയ് നൂറനാട് എന്ന നടന്റെ അഭിനയ ചാതുരി ഒട്ടേറെ തവണ കണ്ടറിഞ്ഞിട്ടുള്ളവരാണ് ഡബ്ലിന്‍ മലയാളികള്‍ എങ്കിലും ബഷീറിന്റെ ആത്മാവിനെയും ,മനസിനെയും കടമെടുത്തെന്നവിധം ‘ഇമ്മിണി ബല്ല്യ ഒന്നിന്റെ’ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമായി അദ്ദേഹം ഇന്നലെ മാറിയത് നാടകപ്രേമികള്‍ ആഹ്ലാദ പൂര്‍വമാണ് കണ്ടിരുന്നത്.ഓരോ ചലനത്തിലും ,ഭാവത്തിലും ബഷീര്‍, ജയിലില്‍ അനുഭവിച്ച് പോന്ന സംഘര്‍ഷങ്ങളും,സന്തോഷങ്ങളും ഉദയ് അവതരണത്തിലൂടെ മനോഹരമാക്കി.

തന്റേതു മാത്രമായ വാക്കുകളും പ്രയോഗങ്ങളുംകൊണ്ട് മലയാളത്തിലെ മറ്റെല്ലാ എഴുത്തുകാരില്‍ നിന്നും ഒറ്റപ്പെട്ടുനിന്ന മൗലികപ്രതിഭയായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍ .അതിന്റെ പൂര്‍ണ്ണ പ്രതിഫലനം ഈ നാടകത്തിലും തുടിച്ചു നിന്നിരുന്നു.ജയിലില്‍ കഴിയുന്ന ബഷീറിന് ,കനത്ത മതിലുകള്‍ക്കപ്പുറത്ത് സ്ത്രീകളുടെ ജയിലില്‍ കഴിയുന്ന നാരായണിയോടു രൂപപ്പെടുന്ന പ്രണയം ,അതിഗാഢമായി മാറുന്ന ഉപകഥയും (അത് കഥയായിരുന്നില്ല ,സത്യത്തില്‍ )സ്റ്റേജിനെ ജിവസുറ്റതാക്കി.രാജ്യദ്രോഹക്കുറ്റത്തിനാണ് ബഷീര്‍ ജയിലില്‍ അടയ്ക്കപ്പെട്ടതെങ്കിലും കഥയെഴുത്തുകാരന്‍ എന്ന നിലയില്‍ അനുഭവിച്ച പ്രത്യേക സ്വാതന്ത്ര്യം നാടകത്തിലുടനീളം കാണാം.ജയില്‍ വാര്‍ഡനു (പ്രിന്‍സ് അങ്കമാലി )പോലും പ്രിയപ്പെട്ട സുഹൃത്തായാണ് ‘സുല്‍ത്താന്‍’ജയിലില്‍ വാഴുന്നത്.nns uday ll

ഷൈജു ലൈവ് അവതരിപ്പിച്ച ജയില്‍ വാര്‍ഡന്‍ എന്ന കഥാപാത്രത്തെ നാടകം കണ്ടവരാരും മറക്കുമെന്ന് തോന്നുന്നില്ല.ജയില്‍ ജിവിതത്തിലെ വിവിധ റോളുകളില്‍ ബിനു ഡാനിയേല്‍ ,സിനോ തുരുത്തേല്‍,അനൂപ് ജോസ് ,ബൈജു ,സ്മിത അലക്‌സ്,ജിതിന്‍,മാത്യൂസ് എന്നിവരും മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചത്.കഥാപാത്രങ്ങളും അവരുടെ സ്വാഭാവികമായ സംഭാഷണവും ആരെയും ആകര്‍ഷിക്കുന്നതായിരുന്നു.

പ്രേമലേഖനം എന്ന നോവല്‍ മുഴുവനായും ,മതിലുകള്‍,പോലീസുകാരന്റെ കഥ എന്നിവ ഭാഗികമായും വേദിയില്‍ അവതരിപ്പിച്ചു.ഒന്നും ഒന്നും ഒന്നും ചേര്‍ന്നപ്പോള്‍ ‘ഇമ്മിണിബല്ല്യ ഒന്നാക്കി’ മാറ്റിയപ്പോള്‍ നാടക രചയിതാവായ ഉണ്ണി പൂണിത്തുറയും സംവിധായകനായ അനൂപ് ജോസും ചേര്‍ന്ന് ഡബ്ലിനിലെ മലയാളികള്‍ക്ക് അവിസ്മരണീയമായ ഒരു സായാഹ്നമാണൊരുക്കിയത്.

മുഖ്യ കഥയായ പ്രേമലേഖനത്തില്‍ ജോലി കിട്ടി പോകുന്ന നായകനൊപ്പം സ്ത്രീധനവ്യവസ്ഥയെ വെല്ലുവിളിച്ചു മാതാപിതാക്കളെ വിട്ടുപോകുന്ന നായികാകഥാപാത്രവും ചേര്‍ന്ന് നാടകം സന്തോഷപര്യവസായിയാക്കി എന്ന് കരുതിയിരുന്ന കാണികളുടെയുള്ളില്‍ ,മതിലുകള്‍ക്കപ്പുറത്തെ നാരായണി എന്ന ഇതുവരെ കണ്ടിട്ടില്ലാത്ത കാമുകിയെ, വിരഹഭാരത്തോടെ വിട്ടിട്ടു പോവാന്‍ വിധിക്കപ്പെട്ട കഥാകാരന്റെ ദുഃഖം ഒരു നീറ്റലായി അവശേഷിപ്പിച്ച് നാടകം അവസാനിക്കുന്നു.(പ്രണയത്തെ ജീവഗന്ധിയാക്കിയ പ്രേമലേഖനത്തിനു ശേഷം ‘മതിലുകള്‍’ എന്ന നോവലിന് ഈ സംഭവം ബഷീര്‍ ഇതിവൃത്തമാക്കി )

ജയിലിന്റെ പശ്ചാത്തലം അതിമനോഹരമായി ഒരുക്കാന്‍ ശ്രദ്ധിച്ച അജിത് കേശവനും റിസണ്‍ ചുങ്കത്തും, ഒപ്പം നാടകത്തിന്റെ കലാ സംവിധാനം ഒരുക്കിയത് പ്രൊഫഷനല്‍ നാടകവേദികളെപ്പോലും അമ്പരപ്പിക്കും വിധമായിരുന്നു.ബഷീറിന്റെ, പ്രസിദ്ധമായ മാങ്കോസ്റ്റിന്‍ മരത്തിന്റെ പോലെ, തണല് പെയ്യിക്കുന്ന ഒരു പച്ച മരവും കഥാകൃത്തിനെ അറിയുന്നവര്‍ ഒരിക്കലും മറക്കാത്ത ആ ചാരുകസേരയുമെല്ലാം നടനവേദിയെ സുന്ദരമാക്കി. ആദ്യമായി കേശവന്‍ നായര്‍ സാറാമ്മയ്ക്ക് പ്രേമലേഖനം കൊടുക്കുന്നത് മുതല്‍, വെളുപ്പിനുള്ള നാല് മണിയുടെ തീവണ്ടിയില്‍ ഇരുവരും പോകുന്നത് വരെയുള്ള രംഗങ്ങള്‍ വളരെ സൂക്ഷ്മമായി തന്നെ അവതരിപ്പിക്കപ്പെട്ടു. കേശവന്‍ നായരുടെ ട്രങ്ക് പെട്ടിയും, ടോര്‍ച്ചും, എല്ലാം ചേര്‍ന്ന് വളരെ ലളിതമായതെങ്കിലും അതിമനോഹരമായ രംഗസജ്ജീകരണമാണ് കാണികളെ ഏറെ ആകര്‍ഷിച്ചത്. കിരണ്‍ബാബു കരാലില്‍ , ലൈറ്റ് സംവിധാനവും സമര്‍ഥമായി ഒരുക്കി.

മലയാള സാഹിത്യത്തിലെ വര്‍ണ്ണവ്യവസ്ഥകള്‍ തിരുത്തിക്കുറിച്ചുകൊണ്ട് , വ്യാകരണത്തിന്റെ വേലിക്കെട്ടിനു പുറത്ത്, ആഖ്യയും ആഖ്യാതവും തിരിച്ചറിയാതെ ,എഴുപതുവര്‍ഷം മുമ്പ് മലയാളത്തിന്റെ മുന്നിലേക്ക് കടന്നു വന്ന ബഷീര്‍ എന്ന മഹാ സാഹിത്യകാരന്റെ പിന്നാലേ,വാക്കുകള്‍ കരഞ്ഞു വിളിച്ചു നടന്നു. കരഞ്ഞു വിളിച്ച വാക്കുകളെ അദ്ദേഹം കാരുണ്യത്തോടെ എടുത്തപ്പോള്‍ അവയ്ക്കു രൂപപരിണാമം വന്നു. അദ്ദേഹം വാക്കുകളെക്കൊണ്ട് മൗനം സൃഷ്ടിച്ചു: മൗനത്തെക്കൊണ്ട് വാക്കുകളെയും.ഇപ്പോഴിതാ ഡബ്ലിനിലെ ഈ ചെറിയ നാട്ടരങ്ങു നാടക സംഘത്തിന് പോലും ആ അനുഭവത്തിന് ജീവന്‍ നല്‍കാനായിരിക്കുന്നു.നാട്ടരങ്ങു നാടക സംഘ കൂട്ടായ്മയുടെ വന്‍വിജയമാണിതെന്നും ,പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രചോദനമാകും ഇത്,എന്ന് പറയുമ്പോഴും ഇതിനു പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നാട്ടരങ്ങ് നാടക സംഘം നന്ദി അറിയിച്ചു.

ഏറെ പ്രതീക്ഷയോടെ ബഷീറിനെയും ,കേശവന്‍നായരെയും ,സാറാമ്മയേയും കാണാനെത്തിയവരെ നാട്ടരങ്ങു നാടകസംഘം നിരാശരാക്കിയില്ലെന്ന് ആരും ഉറപ്പിച്ചു പറയും.നിറഞ്ഞുതുളുമ്പിയ ഓ റൈലി ഓഡിറ്റൊറിയത്തില്‍ അയര്‍ലണ്ടിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും എത്തിയ കലാസ്‌നേഹികള്‍ ഉണ്ടായിരുന്നു.മാസങ്ങളോളം നീണ്ടുനിന്ന കലാസപര്യക്കും പരിശീലനത്തിനും തുണയായി നിന്ന ഫാ.ആന്റണി നല്ലുക്കുന്നേല്‍,നാട്ടരങ്ങ് നാടക സംഘത്തിന്റെ പ്രഥമവേദിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.ഫാ.ജോര്‍ജ് വര്‍ഗീസ് ആശംസകള്‍ നേര്‍ന്നു.ഫാ.ജോസ് ഭരണിക്കുളങ്ങര,ഫാ.മനോജ് പൊന്‍കാട്ടില്‍,ഫാ.മാര്‍ട്ടീന്‍ പൊറോക്കാരന്‍,ഫാ,ജോസഫ് വള്ളനാല്‍ ,കേരളാ ഹൗസിന്റെയടക്കം ഡബ്ലിനിലെ വിവിധ സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍ തുടങ്ങി വന്‍ജനാവലിയാണ് നാടകം കാണാന്‍ എത്തിയിരുന്നത്.അലക്‌സ് ജേക്കബ് അവതാരകനായിരുന്നു.അനൂപ് ജോസ് സ്വാഗതവും ,പ്രിന്‍സ് അങ്കമാലി നന്ദിയും പറഞ്ഞു

റിപ്പോര്‍ട്ട് :റെജി സി ജേക്കബ് 

sssnns uday pradee

Scroll To Top