Tuesday October 16, 2018
Latest Updates

ഇന്ത്യ പകര്‍ന്നു കൊടുത്ത ചൈതന്യവുമായി ഡബ്ലിനില്‍ ഒരു നവവൈദികന്‍ 

ഇന്ത്യ പകര്‍ന്നു കൊടുത്ത ചൈതന്യവുമായി ഡബ്ലിനില്‍ ഒരു നവവൈദികന്‍ 

കൊല്‍ക്കത്തയുടെ തെരുവീഥികളില്‍ ദൈന്യം ബാധിച്ച ജീവിതങ്ങളെ മാലാഖാമാരാക്കുന്ന മാജിക് പഠിക്കാന്‍ മദര്‍ തെരെസയോടൊപ്പം നടക്കുമ്പോള്‍ സീമസ് എന്ന ചെറുപ്പക്കാരന്‍ വിചാരിച്ചിരുന്നില്ല ഡബ്ലിന്‍ നഗരത്തില്‍ മാലാഖമാരുടെ നാഥന് വേണ്ടി ഒരു ഇടയനാകുമെന്ന്..ഇപ്പോള്‍ ഭാരതത്തിന്റെ ആധ്യാത്മിക ചൈതന്യത്തിന് നന്ദിയര്‍പ്പിക്കുകയാണ് ബഹുമാന്യനായ ഈ മനുഷ്യന്‍ .11 ലക്ഷം വിശ്വാസികള്‍ ഉള്‍ക്കൊള്ളുന്ന ഡബ്ലിന്‍ അതിരൂപതയില്‍ നിന്നുമുള്ള ഈ വര്‍ഷത്തെ ഏക നവവൈദികനായി ചൊവ്വാഴ്ച്ച ഡബ്ലിനിലെ പ്രൊ കത്ത്രീഡല്‍ ദേവാലയത്തില്‍ വെച്ച് അഭിഷിക്തനായ ഫാ സീമസ് മക്കന്റിയുടെ പൂര്‍വാശ്രമം ഭാരതത്തിന്റെ നഗരവീഥികളിലെ പച്ചമനുഷ്യരോടൊപ്പമായിരുന്നു.തന്നെ താനാക്കിയത് ഭാരതത്തില്‍ നിന്നുള്ള അനുഭവങ്ങളാണെന്ന് തുറന്നു പറയാന്‍ അദ്ദേഹത്തിന് മടിയില്ല.

49 മത്തെ വയസില്‍ വൈദികനായി അഭിഷിക്തനാകും മുന്‍പേ ജീവിതത്തിന്റെ വിവിധ തലങ്ങളില്‍ കടന്നുചെന്നു പരീക്ഷണങ്ങള്‍ നടത്താന്‍ പക്ഷേ ,മക്കന്റി സമയം കണ്ടെത്തി.രാത്കൂളില്‍ ഒരു ഫാം വാങ്ങി കൃഷിക്കാരനായി കൊണ്ടായിരുന്നു തുടക്കം.അതിന് ശേഷം ബിസിനസ് ആന്‍ഡ് മാനെജ്‌മെന്റ് കോഴ്‌സ് പഠിക്കാന്‍ ഡി ഐ റ്റി യില്‍ ചേര്‍ന്നു.1980 ല്‍ ലണ്ടനിലേക്ക് ചേക്കേറും മുന്‍പേ ഡബ്ലിനില്‍ വിവിധ ജോലികളില്‍ ഏര്‍പ്പെട്ടു.അവിടെ നിന്നും തന്റെ നിയോഗം തിരിച്ചറിഞ്ഞ് ഭാരതത്തിലേയ്ക്ക് …

‘തത്വശാസ്ത്രം പഠിക്കാന്‍ ഇന്ത്യയാണ് ഏറ്റവും നല്ല സ്ഥലമെന്ന് ഞാന്‍ വിചാരിച്ചത് ശരിയായി’മക്കന്റി പറയുന്നു.മദര്‍ തെരേസ സ്ഥാപിച്ച സന്ന്യാസ സഭയുമായി ചേര്‍ന്നായിരുന്നു ഈ പഠനം.

പഠനത്തിന് ശേഷം ഡബ്ലിനിലേയ്ക്ക് തിരിച്ചു വരുമ്പോള്‍ ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ.വിളവേറെയുള്ള അയര്‍ലണ്ടിന്റെ വിശ്വാസവയലുകളില്‍ ജോലി ചെയ്യുക.എങ്കിലും വര്‍ത്തമാനകാലത്തിന്റെ വേലിയൊഴുക്കങ്ങളില്‍ പെടാതെ ദൈവസന്നിധിയില്‍ ഉറച്ചു നില്‍ക്കാനുള്ള തയ്യാറെടുപ്പുകള്‍ക്കായി വീണ്ടും കുറേക്കാലം കൂടി ഡബ്ലിന്‍ നഗരത്തില്‍ ഒരു സാധാരണ തൊഴിലാളിയായി അലഞ്ഞു.ഇത്തവണ ഒരു കാര്‍ സെയില്‍സ്മാനായി ആയിരുന്നു ജോലി ചെയ്തത്.

2009 ല്‍, അവസാനം ആ തീരുമാനം എടുത്തു.ദൈവവചനത്തിന്റെ വിതക്കാരനാവുക,പഠിച്ച ഫിലോസഫികള്‍ക്കപ്പുറം ദൈവാശ്രയത്തിന്റെ കവചത്തില്‍ ആശ്രയം തേടുക.ഡബ്ലിന്‍ അതിരൂപതയില്‍ ചേര്‍ന്ന് മൈനൂത്ത് സെമിനാരിയില്‍ പഠിക്കാന്‍ പിന്നെ താമസം ഉണ്ടായില്ല.

‘കൊല്‍കൊത്തയില്‍ നിന്നും ദൈവത്തിന്റെ കരുണയും,സ്‌നേഹവും കരുതലും എത്രത്തോളമുണ്ടെന്ന് പഠിക്കാന്‍ എനിക്ക് അവസരം ലഭിച്ചു.അതാണ് വൈദികനാവുക എന്ന ലക്ഷ്യത്തിലേക്ക് എന്നെ നയിച്ചത്’.കണ്ണീരും പട്ടിണിയും എന്താണെന്ന് മനസിലാക്കാന്‍ കഴിയാത്ത ഒരാള്‍ക്ക് എങ്ങനെ ഒരു നല്ല ഇടയനാവാന്‍ പറ്റും ?പ്രത്യേകിച്ചും അയര്‍ലണ്ട് പോലെ സമൃദ്ധമായ സ്വാതന്ത്ര്യം ഉള്ള ഒരു രാജ്യത്ത് ?ഫാ.മക്കന്റി ചോദിക്കുന്നു.

2010 മുതല്‍ അയര്‍ലണ്ടില്‍ പുതിയതായി ആകെ അഭിഷിക്തരായത് 26 വൈദികര്‍ മാത്രമാണ്.ഒരു കാലത്തു ലോകമെമ്പാടും ആയിരക്കണക്കിന് മിഷനറിമാരെ അയച്ച അയര്‍ലണ്ടില്‍ കഴിഞ്ഞ വര്‍ഷം അഞ്ചു വൈദികരാണ് പട്ടമേറ്റത്.അടുത്തവര്‍ഷങ്ങളില്‍ രൂക്ഷമായ വൈദിക ക്ഷാമം അനുഭവിക്കേണ്ടി വരുമെന്നതിനാല്‍ പല ദേവാലയങ്ങളും അടച്ചുപൂട്ടാനുള്ള ഒരുക്കത്തിലാണ് അയര്‍ലണ്ടിലെ സഭ ഇപ്പോള്‍.ഇതിനിടെ നറുവെളിച്ചം വിതറി പ്രത്യക്ഷപ്പെടുന്നത് മക്കന്റിയച്ചനെ പോലെ അപൂര്‍വ്വം ചിലര്‍ മാത്രം.

Scroll To Top