Monday February 27, 2017
Latest Updates

ഇന്ത്യയ്ക്ക് വീണ്ടും ഒരു വനിതാ പ്രധാനമന്ത്രി ?

ഇന്ത്യയ്ക്ക് വീണ്ടും ഒരു വനിതാ പ്രധാനമന്ത്രി ?

ന്യൂഡല്‍ഹി: അപ്രതീക്ഷിതവും അനിശ്ചിതവുമാണ് നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയം. രാഷ്ട്രീയത്തിന്റെ പൊതു സ്വഭാവം അങ്ങനെയാണെങ്കില്‍ പോലും ഈയിടെയായി ഇന്ത്യന്‍ രാഷ്ട്രീയത്തിന് ആ സ്വഭാവം ഇത്തിരി കൂടിയിട്ടുണ്ട്. അണ്ണാ
ഹസാരെയുടെ ലോക്പാല്‍ സമരവും തുടര്‍ന്ന് കേജ്രിവാളിന്റെ എ എ പി രൂപവത്കരണവും അവയുടെ മുദ്രാവാക്യങ്ങള്‍ കൊണ്ടും സമരരീതികള്‍ കൊണ്ടും മാധ്യമ ശ്രദ്ധ നേടിയിരുന്നെങ്കിലും ഒരു രാഷ്ട്രീയ നിരീക്ഷകരും അധികാര രാഷ്ട്രീയം എ എ പിക്ക് സ്വപ്നം കാണാമെന്ന് പറഞ്ഞിരുന്നില്ല. പക്ഷേ ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ നൂറും അതിലധികവും പ്രായമുള്ള മുത്തശ്ശി പാര്‍ട്ടികളെ തറപറ്റിച്ച് അധികാരത്തിന്റെ ചെങ്കോല്‍ പിടിച്ചെടുത്തു ഈ പാര്‍ട്ടി.

സമാനമായ മറ്റൊരു അട്ടിമറി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാണാനാകുമോ എന്ന് ചോദ്യത്തിന് ഇപ്പോള്‍ പ്രസക്തിയേറുകയാണ്. രാജ്യത്തിന്റെ അങ്ങിങ്ങായി പരന്ന് കിടക്കുന്ന നുറുങ്ങു പാര്‍ട്ടികള്‍ ഒരു പക്ഷേ ഒരു ചരിത്രം കൂടി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എഴുതി ചേര്‍ത്തേക്കാം. അവര്‍ ഇപ്പോള്‍ ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്. കോണ്‍ഗ്രസ്, ബി.ജെ.പി. മുന്നണികളില്‍ ഉള്‍പ്പെടാത്ത പത്തിലധികം പാര്‍ട്ടികളാണ് പുതിയ സഖ്യമുണ്ടാക്കുന്നത്. ‘ഫെഡറല്‍ മുന്നണി’ എന്ന പേരിലാണ് ഇതറിയപ്പെടുക.

ജനതാദള്‍യു, സമാജ്‌വാദി പാര്‍ട്ടി, ബിജു ജനതാദള്‍, ജനതാദള്‍എസ്, എ.ഐ.എ.ഡി.എം.കെ., ഇടതുപക്ഷ പാര്‍ട്ടികള്‍ എന്നിവയാണ് ഈ നീക്കത്തിനു പിന്നില്‍.ഈ മാസം  അഞ്ചിന് ഈ പാര്‍ട്ടികളുടെ ആദ്യ സംയുക്തയോഗം വിളിച്ചിട്ടുണ്ട്. ഇനിയും കൂടുതല്‍ ചെറിയ പാര്‍ട്ടികളെ മുന്നണിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ആദ്യയോഗത്തിനുശേഷം ഈ മാസം ഒടുവില്‍ വിശദമായ മുന്നണി രൂപവത്കരണയോഗം ചേരും. ബി.ജെ.പി, കോണ്‍ഗ്രസ് മുന്നണികള്‍ ശുഷ്‌കമായ പശ്ചാത്തലത്തിലാണ് മൂന്നാംമുന്നണി നീക്കം സജീവമാകുന്നത്. വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കാനുള്ള പാര്‍ലമെന്റിന്റെ സമ്മേളനം അടുത്ത ബുധനാഴ്ച ചേരുംമുമ്പ് ഈ പാര്‍ട്ടികളുടെ നേതാക്കള്‍ ഒന്നിച്ചു വാര്‍ത്താസമ്മേളനം നടത്തിയേക്കും.

ഇതിന്റെ ഭാഗമായി സി.പി.എം. നേതാവ് പ്രകാശ് കാരാട്ട് കഴിഞ്ഞദിവസം ബിജു ജനതാദള്‍ നേതാവ് നവീന്‍ പട്‌നായിക്കുമായി കൂടിയാലോചന നടത്തിയിരുന്നു. അടുത്തയാഴ്ച ജയലളിതയുമായി ചര്‍ച്ച നടത്തുന്നുണ്ട്. നരേന്ദ്ര മോദിയുമായി നേരത്തേ അടുപ്പം കാണിച്ചിരുന്നെങ്കിലും ബി.ജെ.പി. മുന്നണിയിലേക്ക് പോകുമെന്ന ഒരു സൂചനയും എ.ഐ.എ.ഡി.എം.കെ. ഇതുവരെ നല്‍കാത്ത പശ്ചാത്തലത്തിലാണിത്.

എന്‍.ഡി.എ. വിട്ട ജനതാദള്‍ യു നേതാവ് നിതീഷ് കുമാറാണ് കോണ്‍ഗ്രസ്, ബി.ജെ.പി. വിരുദ്ധ മുന്നണിക്ക് മുന്നില്‍ നിന്ന് ശ്രമം നടത്തുന്നത്. അത്തരമൊരു മുന്നണി തിരഞ്ഞെടുപ്പിന് മമ്പ് തന്നെ സജീവമാവുകയും നൂറോ അതിലധികമോ സീറ്റുമായി ജയിച്ചുവരികയും ചെയ്താല്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരണത്തില്‍ നിര്‍ണായക പങ്കുവഹിക്കുമെന്ന് ഉറപ്പാണ്. ശരദ് പവാറിന്റെ എന്‍.സി.പി, ഫാറൂഖ് അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സ്, രാം വിലാസ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടി മുതലായവ അവസാന നിമിഷം കോണ്‍ഗ്രസുമായി തെറ്റിപ്പിരിയാനുള്ള സാധ്യത കൂടി ഇവര്‍ മുന്നില്‍ കാണുന്നുണ്ട്.

ചുരുക്കി പറഞ്ഞാല്‍, നിലവിലെ സൂചനകളനുസരിച്ച് ആം ആദ്മിയടക്കം നാല് മുന്നണികള്‍ ഇത്തവണ മത്സര രംഗത്തുണ്ടാകും. അതില്‍ അട്ടിമറിവിജയം നേടാനുള്ള സാധ്യതകളും തള്ളിക്കളയാന്‍ കഴിയാത്തതാണ്.
ഇപ്പോള്‍ സി പി എം ആണ് മുന്നണിക്കായി ശ്രമിക്കുന്നതെങ്കിലും പശ്ചിമ ബംഗാളിലെ അവരുടെ പ്രധാന എതിരാളിയായ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ ഫെഡറല്‍ മുന്നണിയിലെ മറ്റു കക്ഷികള്‍ പ്രത്യാശയോടെയാണ് കാണുന്നത്.മുന്നണിയിലെ ഇടതുപക്ഷം ഒഴികെ മറ്റു കക്ഷികളുമായി മമതയ്ക്കും കാര്യമായ പിണക്കമൊന്നുമില്ല.

സി പി എം ബംഗാളിലെ 42 ലോകസഭാ സീറ്റുകളില്‍ എത്രയെണ്ണം നേടുമെന്ന് കാത്തിരുന്ന് കാണേണ്ട അവസ്ഥയാണ്.നിലവിലുള്ള 9 സീറ്റുകളില്‍ തന്നെ ഏതാനം എണ്ണം അവര്‍ക്ക് നഷ്ട്ടപ്പെടാനാണ് സാധ്യതയെന്ന് സര്‍വേകള്‍ സൂചിപ്പിക്കുന്നു.കേരളത്തില്‍ ഒരു പക്ഷെ നിലവിലുള്ള 4 സീറ്റുകള്‍ 8 എണ്ണം വരെയായി വര്‍ദ്ധിക്കാനുള്ള സാധ്യതയും നിലവിലുണ്ട്.എങ്കിലും അന്തിമമായി തിരഞ്ഞെടുപ്പിന് ശേഷം ‘വിലയൊന്നുമില്ലാത്ത’ അവസ്ഥ സി പി എമ്മിന് വന്നേക്കും.

ഈ കണക്കുകൂട്ടലിലാണ് ഇന്ദിരയ്ക്ക് ശേഷം വീണ്ടും ഒരു വനിതാപ്രധാനമന്ത്രിയെ രാഷ്ട്രീയ ജോത്സ്യന്‍മാര്‍ ദര്‍ശിക്കുന്നത്.അങ്ങനെയെങ്കില്‍ അത് ബംഗാളില്‍ നിന്നുള്ള കുറിയ ഒരു സ്ത്രീയായിരിക്കും എന്നുമവര്‍ പ്രവചിക്കുമ്പോള്‍, അപ്രതീക്ഷിതവും അനിശ്ചിതവുമാവും ഇന്ത്യയുടെ ഭാവി എന്ന് വീണ്ടും പറയേണ്ടിവരും

Scroll To Top