Sunday October 22, 2017
Latest Updates

ഇന്ത്യയുടെ പ്രധാന വ്യാപാരപങ്കാളിയാവാന്‍ അയര്‍ലണ്ടും,കയറ്റുമതി വിപണി ലക്ഷ്യമിട്ട് ഇന്ത്യന്‍ ബന്ധം ദൃഢമാക്കുമെന്ന് വാണിജ്യമന്ത്രി 

ഇന്ത്യയുടെ  പ്രധാന വ്യാപാരപങ്കാളിയാവാന്‍ അയര്‍ലണ്ടും,കയറ്റുമതി വിപണി ലക്ഷ്യമിട്ട് ഇന്ത്യന്‍ ബന്ധം ദൃഢമാക്കുമെന്ന് വാണിജ്യമന്ത്രി 

ഡബ്ലിന്‍:അയര്‍ലണ്ടിന്റെ കയറ്റുമതി മുന്‍ഗണന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും. അയര്‍ലണ്ടില്‍ നിന്നും ഏറ്റവും കൂടുതല്‍ ചരക്കുകള്‍ കയറ്റി അയയ്ക്കുന്ന രാജ്യങ്ങളുടെ മുന്‍ നിരയിലേക്ക് ഇന്ത്യ ഉയര്‍ന്നത് കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ കൊണ്ടാണ്.2016ല്‍ അയര്‍ലണ്ട് ഇന്ത്യയിലേക്ക് മൂന്നു ബില്യണ്‍ യൂറോയുടെ കയറ്റുമതി നടത്തിയിരുന്നു.

കയറ്റുമതി വ്യാപനം കണക്കിലെടുത്താണ് പ്രധാനമായും ഇന്ത്യയില്‍ ഒരു കോണ്‍സലേറ്റും കൂടി തുറക്കാന്‍ അയര്‍ലണ്ട് തീരുമാനിച്ചിരിക്കുന്നത്. വാണിജ്യ തലസ്ഥാനമായ മുംബൈയിലാകും കോണ്‍സലേറ്റ് പ്രവര്‍ത്തിക്കുക. പുതിയ നടപടിയിലൂടെ ഇന്ത്യയുമായുള്ള വാണിജ്യ ബന്ധം ശ്ക്തിപ്പെടുത്താനാവുമെന്ന് വാണിജ്യ വിദേശകാര്യ മന്ത്രി സൈമണ്‍ കോവനെ പറഞ്ഞു.

ബ്രക്സിറ്റിന്റെ പശ്ചാത്തലത്തില്‍ കയറ്റുമതി വിപണികള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയടക്കം അഞ്ചു രാജ്യങ്ങളില്‍ നയതന്ത്ര ഓഫിസുകള്‍ തുറക്കുമെന്ന് കോവനെ പ്രഖ്യാപിച്ചു. 2018 ബജറ്റിന്റെ ഭാഗമായാണ് നടപടി.ഇന്ത്യ, ചിലി, കൊളംബിയ, ജോര്‍ദാന്‍, കാനഡ എന്നീ രാജ്യങ്ങളിലാകും എംബസി കോണ്‍സലേറ്റുകള്‍ തുറക്കുക.

ബ്രക്സിറ്റിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഡബ്്ളിനില്‍ വാണിജ്യ മന്ത്രാലയത്തിലും ബ്രസല്‍സ്, ബെര്‍ലിന്‍, പാരിസ്, ലണ്ടന്‍ തുടങ്ങിയ
പ്രമുഖ യൂറോപ്യന്‍ രാജ്യ തലസ്ഥാനങ്ങളിലും നയതന്ത്ര ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കും. യൂറോപ്യന്‍ യൂണിയന്‍ അയര്‍ലണ്ടിന്റെ മുഖ്യ വിപണിയായി നിലനില്‍ക്കുമെന്നതിനാല്‍ മേഖലയില്‍ നയതന്ത്ര- സാമ്പത്തിക സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന് വരും മാസങ്ങളില്‍ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

Scroll To Top