Monday June 25, 2018
Latest Updates

ഇന്ത്യന്‍ സൈന്യം നിയന്ത്രണരേഖ ഭേദിച്ച് പാകിസ്ഥാനില്‍,മൂന്ന് പാക് പട്ടാളക്കാരെ വധിച്ചു,അതിര്‍ത്തിയില്‍ സംഘര്‍ഷം

ഇന്ത്യന്‍ സൈന്യം നിയന്ത്രണരേഖ ഭേദിച്ച് പാകിസ്ഥാനില്‍,മൂന്ന് പാക് പട്ടാളക്കാരെ വധിച്ചു,അതിര്‍ത്തിയില്‍ സംഘര്‍ഷം

ശ്രീനഗര്‍: നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു. കൂടാതെ ഒരു പാക് സൈനികന് പരിക്കേല്‍ക്കുകയും ചെയ്തു. പാക് റേഞ്ചേഴ്‌സിലെ ശിപായിമാരായ സജ്ജാദ്, അബ്ദുള്‍ റെഹ്മാന്‍, എം. ഉസ്മാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ശിപായി ആയ അത്സാസ് ഹുസൈനാണ് പരിക്കേറ്റത്.

നിയന്ത്രണ രേഖയിലെ രാഖ്ചിക്രിയിലെ രാവല്‍കോട്ട് സെക്ടറിലായിരുന്നു ആക്രമണം. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമാണ് ഇക്കാര്യം പുറത്തു വിട്ടത്. എന്നാല്‍ നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യ ആക്രമണം നടത്തിയകാര്യം പാക്കിസ്ഥാന്‍ സമ്മതിച്ചിട്ടില്ല. അതേസമയം നിയന്ത്രണരേഖ മറികടന്ന് ആക്രമണം നടത്താന്‍ ഉത്തരവ് നല്‍കിയിരുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പാക് സൈന്യം നടത്തിയ വെടിവെയ്പില്‍ ഇന്ത്യന്‍ മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ വീര്യമൃത്യു വരിച്ചിരുന്നു. മേജര്‍ മൊഹര്‍കര്‍ പ്രഫുല്ല അമ്പദാസ്, ലാന്‍സ് നായിക് ഗുര്‍മെയില്‍ സിങ്, ലാന്‍സ് നായിക് കുല്‍ദീപ് സിങ്, സീപോയ് പ്രഗത് സിങ്, എന്നിവരാണ് കൊല്ലപ്പെട്ടത്. കൂടാതെ പരിക്കേറ്റ രണ്ടു പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തൊട്ടടുത്ത ദിവസവും പാക്കിസ്ഥാന്‍ വെടിനിര്‍ത്താല്‍ കരാര്‍ ലംഘിച്ചിരുന്നു.

ഷാപൂര്‍ മേഖലയിലെ ഇന്ത്യന്‍ സൈനിക തവാളങ്ങള്‍ക്കു നേരെ മോര്‍ട്ടാര്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പാക് സൈന്യം പ്രയോഗിച്ചിരുന്നു. ഇതിനുള്ള തിരിച്ചടി കൂടിയായിരുന്നു ഇന്ത്യയുടെ പ്രത്യാക്രമണം.

ചാരവൃത്തി ആരോപിച്ച് പാകിസ്ഥാന്‍ വധശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബത്തെ പാക്കിസ്ഥാന്‍ അപമാനിച്ചതിനെ തുടര്‍ന്നുള്ള സംഭവങ്ങളാണ് ഇന്ത്യയെ കടുത്ത നിലപാടുകളിലേയ്ക്ക് നീങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് വാര്‍ത്തകളുണ്ട്. ഭാര്യയുടെ താലി അഴിച്ചെടുത്ത പാക്കിസ്ഥാന്‍ ജാദവിനോട് മറാത്തി ഭാഷയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

തിങ്കളാഴ്ചയാണ് പാകിസ്ഥാനിലെ ജയിലിലെത്തി ജാദവിനെ അമ്മയും ഭാര്യയും കണ്ടത്. 30 മിനിട്ടാണ് നേരത്തെ സമയം അനുവദിച്ചതെങ്കിലും ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. കൂടിക്കാഴ്ചയ്ക്ക് ശേഷം തിരിച്ചെത്തിയ ഇരുവരും കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോട് ഇക്കാര്യങ്ങള്‍ വിശദീകരിച്ചു. തന്റെ മകന്‍ പാക് ജയിലില്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്ന് കുല്‍ഭൂഷണ്‍ ജാദവിന്റെ അമ്മ വ്യക്തമാക്കി. മകനുമായുള്ള കൂടിക്കാഴ്ച ഗ്ലാസ് മറയ്ക്കുള്ളിലാക്കിയതില്‍ അതീവ് ദുഖമുണ്ടെന്നും അവര്‍ പറഞ്ഞു.

വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍ അടക്കമുള്ള, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ സുഷമ സ്വരാജിനൊപ്പം ഉണ്ടായിരുന്നു. ഇന്ന് രാവിലെയാണ് കുല്‍ഭൂഷണിന്റെ അമ്മയും ഭാര്യയും ദല്‍ഹിയില്‍ തിരിച്ചെത്തിയത്. ഇരുവരും മടങ്ങിയതിന് പിന്നാലെ കുല്‍ഭൂഷന്‍ ഭീകരവാദി തന്നെയാണെന്ന് ആവര്‍ത്തിച്ച പാക് നിലപാടും അദ്ദേഹത്തിന്റെ അമ്മ സുഷമയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യങ്ങളെല്ലാം പാക്കിസ്ഥാനെ അറിയിക്കുമെന്നും കുല്‍ഭൂഷണിന്റെ മോചനത്തിനു വേണ്ട എല്ലാ ശ്രമങ്ങളും തുടരുമെന്നും വിദേശകാര്യമന്ത്രി ഉറപ്പ് നല്‍കി.

Scroll To Top