Thursday April 27, 2017
Latest Updates

ഇന്ത്യന്‍ സഞ്ചാരികളെ തേടി അയര്‍ലണ്ടിന് പ്രത്യേക പദ്ധതി,ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്

ഇന്ത്യന്‍ സഞ്ചാരികളെ തേടി അയര്‍ലണ്ടിന് പ്രത്യേക പദ്ധതി,ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്

ഡബ്ലിന്‍:കഴിഞ്ഞ മൂന്ന് മാസം കൊണ്ട് അയര്‍ലണ്ടിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 11 ശതമാനം വര്‍ദ്ധനവുണ്ടായതായി വിനോദസഞ്ചാര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. വരും ദിനങ്ങളില്‍ എണ്ണം ഇനിയും വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടൂറിസം മന്ത്രി ലിയോ വരെദ്കര്‍ വ്യക്തമാക്കി. ബ്രിട്ടന്‍, അമേരിക്ക തുടങ്ങിയ പ്രമുഖ മേഖലകളിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഉണ്ടായ വളര്‍ച്ചയ്ക്ക് തത്തുല്യമായ വളര്‍ച്ചയാണ് അയര്‍ലണ്ടും കൈവരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

വ്യോമഗതാഗത നികുതി പൂര്‍ണ്ണമായും എടുത്തുമാറ്റുന്നതോടെ സഞ്ചാരികളുടെ എണ്ണം ഇതിലും കൂടുമെന്നാണ് പ്രതീക്ഷ. കേന്ദ്ര സ്ഥിതിവിവര ഓഫീസ് (സിഎസ്ഒ) നല്‍കുന്ന കണക്കുകള്‍ പ്രകാരം 2013 ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ വിനോദസഞ്ചാരികളുടെ എണ്ണം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 133,000 എണ്ണം വര്‍ദ്ധിച്ച് 1.31 ദശലക്ഷമായിട്ടാണ് ഉയര്‍ന്നത്. 2013 നേക്കാള്‍ മികച്ച പ്രതികരണം വിനോദസഞ്ചാര മേഖലയില്‍ 2014 ല്‍ ഉണ്ടാകുമെന്നതിന്റെ സൂചനയാണ് ഇതിലൂടെ ലഭ്യമാകുന്നതെന്ന് വരേദ്കര്‍ പറയുന്നു.

ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനായി ഇന്ത്യ അടക്കമുള്ള ഒട്ടേറെ രാജ്യങ്ങളില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.

ടൂറിസം കേന്ദ്രങ്ങളെ കുറിച്ചും വിനോദസഞ്ചാര മേഖലകളുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളെ കുറിച്ചും വിവരങ്ങള്‍ കൈമാറുന്നതിനായി ഇന്ത്യന്‍ വിപണിലെ ലക്ഷ്യമിട്ട് ടൂറിസം അയര്‍ലണ്ട് പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചിരുന്നു. ജനുവരിയില്‍ ജിസിസി രാജ്യങ്ങള്‍ക്ക് വേണ്ടിയുള്ള പരിപാടിയും ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടിയും അവതരിപ്പിക്കപ്പെട്ട പരിപാടിയുടെ പിന്‍തുടര്‍ച്ച എന്ന നിലയില്‍ ഈ മാസം ഇന്ത്യയ്ക്കായുള്ള പരിപാടി അവതരിപ്പിച്ചെന്നും ചൈനയ്ക്കായി അടുത്ത മാസം പരിപാടി തയ്യാറാക്കുമെന്നും ഇതിന്റെ പ്രചാരണ ചുമതലയുള്ള ജനറല്‍ മാനേജര്‍ അമാന്‍ഡാ ബേണ്‍സ് വ്യക്തമാക്കി.

ഗോള്‍ഡ് അയര്‍ലണ്ട് , സില്‍വര്‍ അയര്‍ലണ്ട് എന്നീ പേരുകളില്‍ രണ്ട് സര്‍ട്ടിഫിക്കറ്റ് ലെവലുകള്‍ വരുന്ന ആറ് ഘട്ടങ്ങളാണ് പരിപാടിയിലുള്ളത്. 100 ശതമാനം സ്‌കോറുകളും നേടി ആറ് ഘട്ടവും പൂര്‍ത്തിയായവര്‍ക്ക് ഗോള്‍ഡ് സര്‍ട്ടിഫിക്കറ്റ് കിട്ടുക. 9099 നും ഇടയില്‍ സ്‌കോര്‍ ചെയ്യുന്നവര്‍ക്ക് സില്‍വര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടും. സന്ദര്‍ശിക്കാന്‍ പര്യാപ്തമായ സ്ഥലങ്ങള്‍!, ചെയ്യേണ്ട കാര്യങ്ങള്‍ താമസ സൗകര്യങ്ങള്‍ , സംഭവങ്ങള്‍ തുടങ്ങി വിവിധ കാര്യങ്ങളാണ് മൊഡ്യൂളുകളില്‍ ലക്ഷ്യമിടുന്നത്. ഇവ രണ്ടും ഇന്ത്യയില്‍ നിന്നും അയര്‍ലണ്ടിലേയ്ക്ക് വരുന്ന സഞ്ചാരികള്‍ക്കായി സൗകര്യം ഒരുക്കുന്ന ഇന്ത്യയിലെയും അയര്‍ലണ്ടിലേയും സംരഭകരെ ലക്ഷ്യമാക്കിയാണ് തയാറാക്കിയിട്ടുള്ളത്.

സെയില്‍സ് മിഷന്റെ ഭാഗമായിട്ടു വരുന്ന രണ്ടു റൂട്ടുകളെ കുറിച്ചും ബേണ്‍സ് വിവരിച്ചു. ഇവയില്‍ ആദ്യത്തേത് വൈല്‍ഡ് അറ്റ്‌ലാന്റിക് വേയാണ്. 2,500 കിലോമീറ്റര്‍ നീളം വരുന്ന ഈ റൂട്ടില്‍ അനേകം ഉള്‍നാടന്‍ പ്രദേശങ്ങളും അവയുമായി ബന്ധപ്പെട്ട അനുഭവങ്ങളുമാണ് കാത്തിരിക്കുന്നത്. ബല്‍ഫാസ്റ്റില്‍ നിന്നും ലണ്ടന്‍ ഡെറി വരെ 120 മൈല്‍ വരുന്ന വടക്കന്‍ അയര്‍ലണ്ടിലെ കോസ്‌വേ കോസ്റ്റല്‍ റൂട്ടിലുള്ളതാണ് രണ്ടാമത്തേത്.

2012 ല്‍ അയര്‍ലണ്ടില്‍ 21,000 ഇന്ത്യന്‍ വിനോദ സഞ്ചാരികളാണ് എത്തിയത്. 2012 ല്‍ അത് ഏഴ് മുതല്‍ 10 ശതമാനം വരെ കൂടുമെന്നായിരുന്നു പ്രതീക്ഷ. ഡ്യൂയല്‍ സിറ്റി ബ്രേക്ക്, ഗോള്‍ഫ്, മൂവീസ്, മൈസ് റൊമാന്റ്റിക് എസ്‌കേപ്പ്, സെല്‍ഫ് ഡ്രൈവ് തുടങ്ങി അനേകം കാര്യങ്ങളാണ് ഇന്ത്യന്‍ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് അയര്‍ലണ്ട് നടപ്പാക്കിയത്. യുകെ വിസയുള്ളവര്‍ക്ക് 2016 വരെ ഏര്‍പ്പെടുത്തിയിട്ടുള്ള ഇളവുകള്‍ കൂടിയാകുമ്പോള്‍ ഇത്തവണ ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ എണ്ണം കൂടുമെന്നാണ് കരുതുന്നതെന്നും ബേണ്‍സ് പറയുന്നു. ന്യൂഡല്‍ഹിയില്‍ മാര്‍ച്ച് 7 നാണ് അയര്‍ലണ്ട് ഇന്ത്യ സെയില്‍സ് മിഷന്‍ 2014 നടത്തപ്പെട്ടത്.

സിഎസ്ഒ കണക്കുകളില്‍ ബ്രിട്ടനിലേക്കുള്ള സഞ്ചാരികളുടെ എണ്ണം 14.1 ശതമാനവും വടക്കന്‍ അമേരിക്കയിലേക്കുള്ളത് 16.7 ശതമാനവും ജര്‍മ്മനിയിലേക്ക് 6.3 ശതമാനവുമാണ് കൂടിയത്. യൂറോപ്പിലേക്ക് മാത്രം 3.5 ശതമാനം വളര്‍ച്ച കാണിച്ചപ്പോള്‍ മറ്റു കേന്ദ്രങ്ങളിലേക്ക് മൊത്തമായി 20.6 ശതമാനമാണ് കൂടിയത്. അയര്‍ലണ്ടിന്റെ വിനോദസഞ്ചാര മേഖലയിലെ ഏറ്റവും വലിയ പ്രചരണമായ സെന്റ്പാട്രിക് ദിനം പ്രമാണിച്ചായിരുന്നു വ്യോമഗതാഗത നികുതി അയര്‍ലണ്ട് താല്‍ക്കാലികമായി എടുത്തുമാറ്റിയത്

Scroll To Top