Saturday September 23, 2017
Latest Updates

ഇന്ത്യന്‍ യുവതി ധാരയ്ക്ക് ഐ സി യൂ വില്‍ പ്രവേശനം നല്‍കിയില്ല,വിചാരണയില്‍ തെളിയുന്നത് അനാസ്ഥയുടെ ക്രൂര കഥ 

ഇന്ത്യന്‍ യുവതി ധാരയ്ക്ക് ഐ സി യൂ വില്‍ പ്രവേശനം നല്‍കിയില്ല,വിചാരണയില്‍ തെളിയുന്നത് അനാസ്ഥയുടെ ക്രൂര കഥ 

സ്ലൈഗോ : പ്രസവത്തെ തുടര്‍ന്ന് മരിച്ച ഇന്ത്യന്‍ യുവതി ധാര കിവ്‌ലിഹാന് അയര്‍ലണ്ടിലെ നാല് ആശുപത്രികളിലും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശനം നിഷേധിച്ചതായി വെളിപ്പെടുത്തല്‍.ധാര മരിച്ച സംഭവത്തില്‍ നടക്കുന്ന വിചാരണയിലാണ് ഈ വെളിപ്പെടുത്തല്‍. സ്ലൈഗോയിലെ ആശുപത്രിയില്‍ വച്ച് പ്രസവിച്ച ധാരയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ബെല്‍ഫാസ്റ്റിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വച്ചാണ് ധാര മരണത്തിന് കീഴടങ്ങിയത്. 

എന്നാല്‍ ബെല്‍ഫാസ്റ്റിലേക്ക് മാറ്റുന്നതിന് മുന്‍പ് സ്ലൈഗോ ഉള്‍പ്പെടെ നാല് ആശുപത്രികളിലെ ഐസിയു യൂണിറ്റുകളില്‍ ധാരയെ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഐസിയുവില്‍ ബെഡ് ഒഴിവില്ലെന്ന് പറഞ്ഞു പ്രവേശനം നിഷേധിക്കുകയായിരുന്നെന്നാണ് വെളിപ്പെടുത്തല്‍. സ്ലൈഗോയിലെ ആശുപത്രിക്ക് പുറമേ ഗാല്‍വെ, കോര്‍ക്ക്, ഡബ്ലിന്‍ എന്നിവടങ്ങളിലെ ആശുപത്രികളിലും ധാരയെ ഐ സി യൂ യൂണിറ്റുകളില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. പ്രസവത്തെ തുടര്‍ന്ന് ധാരയ്ക്ക് ജോണ്ടിസ് ബാധിക്കുകയും ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായി മരണമടയുകയുമായിരുന്നു.

കാരിക്ക് ഷാനോണ്‍ കോടതിയില്‍ നടക്കുന്ന കേസിന്റെ വിചാരണയില്‍ ഓരോ ദിവസവും അവഗണനയുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നതെന്ന് ഞങ്ങളുടെ സ്ലൈഗോ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.അവശയായിരുന്ന ധാരയെ അവഗണിച്ചതാണ് മരണകാരണമായി പറയപ്പെടുന്നത്.

സ്ലൈഗോ ആശുപത്രിയില്‍ ശേഖരിച്ച ധാരയുടെ ബ്ലഡ് സാമ്പിള്‍ 12 മണിക്കൂര്‍ കഴിഞ്ഞാണ് പരിശോധനയ്‌ക്കെടുത്തത്.റിസല്‍ട്ട് ലഭിക്കാന്‍ പിന്നെയും വൈകി.കരളിനു രോഗബാധയുണ്ടെന്നു കണ്ടെത്തും മുന്‍പേ പെത്തഡിന്‍ അടക്കമുള്ള വേദനാ സംഹാരികള്‍ ധാരയ്ക്ക് കൊടുത്തത് സ്ഥിതി വഷളാക്കി

ഹെല്‍പ്പ് സിന്‍ഡ്രം(HELLP syndrome ) ബാധിച്ചിട്ടുണ്ടെന്നു കണ്ടെത്തിയിട്ടും 36 മണിക്കൂര്‍ നേരം ധാരയ്ക്ക് ഒരു ചികിത്സയും ലഭിച്ചില്ല.ഈ അവസ്ഥയില്‍ അടിയന്തരമായി സിസേറിയന്‍ നടത്താനുള്ള തീരുമാനം ഡോക്റ്റര്‍മാര്‍ എടുത്തില്ലെന്ന് വിചാരണയില്‍ കണ്ടെത്തി. 

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് 2010 സെപ്റ്റംബര്‍ 24 നാണ് ധാരയെ ബെല്‍ഫാസ്റ്റിലേക്ക് മാറ്റിയത്. 2010 സെപ്റ്റംബര്‍ 28 ന് അവര്‍ മരണമടഞ്ഞു. ബെല്‍ഫാസ്റ്റിലേക്ക് മാറ്റുമ്പോള്‍ തന്നെ ചികിത്സകള്‍ ഫലിക്കാത്ത വിധം ധാരയുടെ ആരോഗ്യനില വഷളായതായിരുന്നതായി കിവ്‌ലിഹാന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതേസമയം ഐസിയുവില്‍ പ്രവേശനം വൈകിയതിനെ തുടര്‍ന്നാണോ മരണം സംഭവിച്ചതെന്ന ചോദ്യത്തോട് സ്ലൈഗോ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് പ്രതികരിച്ചില്ല. 

പ്രാഥമികമായി തെറ്റ് സമ്മതിച്ച എച്ച്എസ്ഇയോട് കഴിഞ്ഞ വര്‍ഷം ധാരയുടെ ബന്ധുക്കള്‍ക്ക് പത്തുലക്ഷത്തോളം യൂറോ നഷ്ടപരിഹാരം നല്‍കാന്‍ ഡബ്ലിന്‍ കോടതി നിര്‍ദേശി ച്ചിരുന്നു.2002 ല്‍ ലണ്ടനില്‍ ഫാഷന്‍ ഡിസൈനിംഗ് പഠിക്കാന്‍ എത്തിയ ധാര ഐറിഷ്പൗരനായ കിവ്‌ലെഹാനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ലീട്രാമില്‍ താമസിച്ചു വരികയായിരുന്നു. അയര്‍ലണ്ടില്‍ വച്ച് ഗര്‍ഭഛിദ്രം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മരണമടഞ്ഞ സവിത ഹാലപ്പനവറിന്റെ മരണവുമായി ഈ സംഭവത്തിനു സാമ്യമുണ്ടെന്ന് ധാരയുടെ ബന്ധുക്കള്‍ പറഞ്ഞു. അതുകൊണ്ട് തന്നെ തങ്ങള്‍ക്ക് നീതി ഉറപ്പാക്കുന്ന വിധം ഉചിതമായ അന്വേഷണം വേണമെന്ന് ധാരയുടെ ഭര്‍ത്താവ് ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു 

Scroll To Top